മുംബൈ:കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയന്ന കേസിൽ വധശിക്ഷ കാത്ത്കഴിഞ്ഞിരുന്ന സഹോദരിമാർക്ക് കൊലക്കയറിൽനിന്ന് രക്ഷ. ഇവരുടെവധശിക്ഷ ബോംബെ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. രേണുക ഷിന്ദേ(49) സീമഗാവിത് (43) എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി വെട്ടിക്കുറച്ചത്. പരമോന്നതകോടതി വധശിക്ഷ ശരിവെക്കുകയും രാഷ്ട്രപതി ദയാഹർജി തള്ളുകയും ചെയ്ത് വർഷങ്ങൾ പിന്നിട്ടിട്ടും ശിക്ഷനടപ്പാക്കാൻ സർക്കാരിന് കഴിയാത്തകാര്യം എടുത്തുകാട്ടിയാണ് ജസ്റ്റിസുമാരായ നിതിൻ ജാമ്ദാർ, എസ്.വി. കോട്വാൾ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ശിക്ഷ വെട്ടിക്കുറച്ചത്.
മരണ ശിക്ഷകാത്ത് ദീർഘകാലം തടവറയിൽ കഴിയേണ്ടിവരുന്ന സാഹചര്യം മനുഷ്യവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ജയിലിൽ 25 വർഷത്തോളമായി തടവിൽകഴിയുന്ന കാര്യം പരിഗണിച്ച് വിട്ടയയ്ക്കണമെന്നുള്ള ഇവരുടെ അപേക്ഷ കോടതി തള്ളി. ക്രൂരമായകുറ്റമാണ് ഇരുവരും ചെയ്തിട്ടുള്ളതെന്നും മരണംവരെ തടവ് തന്നെയാണ് ശിക്ഷയെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഭിക്ഷാടനത്തിനുവേണ്ടി കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും ഉപയോഗമില്ലെന്നു കാണുമ്പോൾ കൊലപ്പെടുത്തകയും ആയിരുന്നു ഇവർ ചെയ്തിരുന്നതെന്ന് തെളിഞ്ഞിരുന്നു. ഇരുവരും ചേർന്ന് 1990 മുതൽ 96 വരെയുള്ള കാലയളവിൽ 14 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. അവരിൽ അഞ്ചുപേരെ കൊലപ്പെടുത്തിയെന്ന കേസ് തെളിഞ്ഞതോടെയാണ് കോലാപ്പുർ സെഷൻസ് കോടതി 2001-ൽ ഇരുവർക്കും വധശിക്ഷ വിധിച്ചത്.
ഒമ്പത് കുട്ടികളെ ഇരുവരും കൊന്നതായിട്ടായിരുന്നു പ്രോസിക്യൂഷൻ കേസ്. 2004 ൽ ബോംബെ ഹൈക്കോടതിയും 2016-ൽ സുപ്രീംകോടതിയും ഇരുവരുടേയും വധശിക്ഷ ശരിവെച്ചു. മഹാരാഷ്ട്രഗവർണറും രാഷ്ട്രപതിയും ഇരുവരുടേയും ദയാഹർജി തള്ളിയതോടെ ഇവർ കഴുമരം കാത്തുകഴിയുകയായിരുന്നു. ഇവരുടെ അമ്മ അഞ്ജനബായ് ഗാവിതും കേസിൽ കൂട്ടുപ്രതിയായിരുന്നു. എന്നാൽ വിചാരണയ്ക്കിടെ അവർ മരിച്ചു. മറ്റൊരുപ്രതി രേണുകയുടെ ഭർത്താവ് കിരൺ ഷിന്ദേ മാപ്പുസാക്ഷിയായി മാറിയിരുന്നു. സഹോദരിമാർ യർവാഡ ജയിലിലാണുള്ളത്.