തിരുവനന്തപുരം: സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഐഫോണ്‍ വിവാദത്തില്‍ ഒടുവില്‍ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണന്‍. തന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്ന ഐഫോണ്‍ കാശു കൊടുത്തു വാങ്ങിയതാണെന്നാണ് കോടിയേരി പ്രതികരിച്ചത്. സന്തോഷ് ഈപ്പനെ അറിയില്ലെന്നും അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് ഫോണ്‍ കിട്ടിയിട്ടില്ലെന്നും വിനോദിനി ഉപയോഗിക്കുന്ന ഐ ഫോണ്‍ പണം നല്‍കി വാങ്ങിയതാണെന്നും കോടിയേരി വ്യക്തമാക്കി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കോടിയേരി വിവാദ വിഷയങ്ങളില്‍ പ്രതികരിച്ചത്.
വിനോദിനി ഐഫോണ്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, അത് വിവാദത്തില്‍ പറയപ്പെടുന്ന ഫോണ്‍ അല്ല. കൈയിലില്ലാത്ത ഫോണിനെ കുറിച്ച് എന്തു പറയാനാണ്. ഇതൊരു കെട്ടുകഥയാണ്. സ്വപ്നാ സുരേഷിനെ ഒരു കാലത്തും കണ്ടിട്ടില്ല. സാധാരണ ഭരണരംഗത്ത് ഇടപെടുമ്പോഴാണ് ഇത്തരക്കാരുമായി ബന്ധമുണ്ടാകേണ്ടത്. തനിക്കോ ഭാര്യക്കോ ഇത്തരത്തില്‍ ബന്ധം ഉണ്ടായിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കുന്നു.
സന്തോഷ് ഈപ്പന്‍, സ്വപ്ന സുരേഷ്, യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ എന്നിവരെ കണ്ടിട്ടില്ല. സന്തോഷ് ഈപ്പനുമായി പരിചയപ്പെടേണ്ടി വന്നിട്ടില്ല. യാതൊരു ബന്ധവുമില്ലാത്ത കോണ്‍സുലറ്റ് ജനറലില്‍ നിന്ന് എങ്ങനെയാണ് ഫോണ്‍ ലഭിക്കുക. വിവാദ ഫോണ്‍ മറ്റാരോ ഉപയോഗിക്കുന്നുവെന്നാണ് പറയുന്നത്. ഫോണ്‍ എങ്ങനെ കിട്ടിയെന്ന് ആയാളോട് ചോദിച്ചാല്‍ പോരെയെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.
അതേസമയം, ആരോപണങ്ങളും വിവാദങ്ങളും താന്‍ സി.പി.എമ്മിലുള്ള കാലത്തോളം തുടരും. യു.ഡി.എഫിനും ബി.ജെ.പിക്കും മുന്നില്‍ കീഴടങ്ങില്ല. തന്റെ കുടുംബത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കം. അതിനു വേണ്ടി തയാറാക്കിയ മറ്റൊരു കഥയാണിത്. വിവാദത്തില്‍ പതറില്ലെന്നും തന്റെ കുടുംബം തകരാനും പോകുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി.