29.5 C
Kottayam
Monday, May 6, 2024

കൂടത്തായി: പ്രതികള്‍ ആരെന്ന് മുല്ലപ്പള്ളി നേരത്തെ അറിഞ്ഞെങ്കില്‍ എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ല- കോടിയേരി

Must read

കോന്നി:കൂടത്തായി കൂട്ടക്കൊലയില്‍ പ്രതികളുടെ അറസ്റ്റിന് ഉപതെരഞ്ഞെടുപ്പ് സമയം തെരഞ്ഞെടുക്കുകയായിരുന്നുവെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കേസിലെ പ്രതികളെ പിടികൂടിയതിനെ കെപിസിസി പ്രസിഡന്റ് എതിര്‍ത്തു എന്നത് അത്ഭുതകരമാണെന്നും പ്രതികള്‍ക്കനുകൂലമായ നിലപാടെടുക്കാതെ പൊലീസിനെ അഭിനന്ദിക്കുകയായിരുന്നു മുല്ലപ്പള്ളി ചെയ്യേണ്ടിയിരുന്നതെന്നും കോടിയേരി പറഞ്ഞു.

ഉപതെരഞ്ഞെടുപ്പായതുകൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്നത് വിചിത്രമായ നിലപാടാണ്.പൊലീസ് അന്വേഷണം പൂര്‍ത്തീകരിച്ച് പ്രതിയാണെന്ന് കണ്ടെത്തുന്ന സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്യുന്നത്.

അപ്പോള്‍ ഉപതെരഞ്ഞെടുപ്പാണെന്നോ പൊതുതെരഞ്ഞെടുപ്പാണെന്നോ സാധാരണഗതിയില്‍ പൊലീസ് നോക്കാറില്ല.അറസ്റ്റ് ചെയ്യുന്നത് മാറ്റിവെച്ച് പ്രതി രക്ഷപെട്ടുപോയാല്‍ ആര് ഉത്തരവാദിത്വം പറയും.മുല്ലപ്പള്ളി പറയുന്നത് അഞ്ച് മാസം മുന്‍പേ അദ്ദേഹത്തിന് പ്രതികളെക്കുറിച്ച് വിവരം കിട്ടിയെന്നാണ്.അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ആ വിവരം പൊലീസിനെ അറിയിച്ചില്ല.കുന്നംകുളത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ യഥാര്‍ത്ഥ പ്രതികളെ 25 വര്‍ഷത്തിനുശേഷം കഴിഞ്ഞ ദിവസം പിടികൂടി.മുസ്ലീം തീവ്രവാദസംഘത്തില്‍പെട്ടവരാണ് പിടിയിലായത്.

ഉപതെരഞ്ഞെടുപ്പായതുകൊണ്ട് ആ തീവ്രവാദസംഘത്തില്‍പെട്ടവരെ പിടികൂടരുതെന്ന് മുല്ലപ്പള്ളി പറയുമോയെന്നും. കോടിയേരി ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week