കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചു. ഭാര്യയുടെ ചികിത്സാര്‍ഥമാണ് അവധിയെന്നാണ് വിശദീകരണം.
മോന്‍സണ്‍ മാവുങ്കലുമായി ബെഹ്‌റയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ ബെഹ്‌റ തയാറായിരുന്നില്ല. മോന്‍സന്റെ വീടുകള്‍ക്ക് സുരക്ഷ നല്‍കിയത് ബെഹ്റ ഡിജിപിയായിരുന്നപ്പോള്‍ നല്‍കിയ നിര്‍ദേശപ്രകാരമായിരുന്നു. കൊച്ചി, ആലപ്പുഴ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കത്തിലൂടെ നിര്‍ദേശം നല്‍കിയത്. ഇതിന്റെ പകര്‍പ്പുകളും പുറത്തുവന്നിരുന്നു.
മോന്‍സനെതിരേ ഇന്റലിജന്‍സ് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചതും അതുവഴി അയാള്‍ തട്ടിപ്പുകാരനാണെന്ന് കണ്ടെത്തിയതും ബെഹ്‌റ തന്നെയാണ്. എന്നാല്‍, മോന്‍സനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിനു പിന്നാലെ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്ക് ഇരയായി മാറിയതും അതേ ബെഹ്‌റ തന്നെ.
ഒരിക്കല്‍ മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു ശേഖരം കാണാന്‍ കലൂരിലെ വീട്ടില്‍ എത്തിയപ്പോള്‍ അവിടുത്തെ സിംഹാസനത്തില്‍ എഡിജിപി മനോജ് ഏബ്രഹാമിനൊപ്പം ഇരുന്ന് ഒരു ഫോട്ടോയെടുത്തതാണ് ബെഹ്‌റയ്ക്കു വിനയായി മാറിയത്.