CrimeKeralaNews

Infant murder kochi| ദുരന്തമായി മാറിയ ദത്തുപുത്രന്‍,ഒന്നരവയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന ബിനോയ് ഡിക്രൂസിന്റെ കഥയിങ്ങനെ

കൊച്ചി: ഒന്നരവയസുകാരിയെ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ ബക്കറ്റില്‍ മുക്കി കൊന്ന സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.കൊലപാതകിയായ ബിനോയ് ഡിക്രൂസ് ചെറുപ്പം മുതല്‍ കുറ്റവാസന പ്രകടമാക്കിയിരുന്നുവെന്നാണ് വളര്‍ത്തച്ചനും വളര്‍ത്തമ്മയും വ്യക്തമാക്കുന്നത്.

14 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ദത്തെടുക്കുമ്പോള്‍ പള്ളുരുത്തി കല്ലേക്കാട് വീട്ടില്‍ സ്റ്റാന്‍ലി ഡിക്രൂസും ഭാര്യ അല്‍താസ്യ ഡിക്രൂസും ഒരിക്കലും കരുതിയില്ല, വരാനിരിക്കുന്ന വര്‍ഷങ്ങള്‍ കണ്ണീരിന്റേതാകുമെന്ന്. വിവാഹിതരായി പത്തിലേറെ വര്‍ഷം കഴിഞ്ഞിട്ടും കുഞ്ഞുങ്ങള്‍ ജനിക്കാതിരുന്നതോടെയാണ് സ്റ്റാന്‍ലിയുടെ താല്‍പര്യത്തില്‍ കലൂരിലെ ഒരു കോണ്‍വെന്റില്‍ നിന്നു ദത്തെടുക്കാന്‍ തീരുമാനിച്ചത്. കൊണ്ടു വന്ന അന്നു മുതല്‍ ദിവസങ്ങളോളം വയറിളകി കടുത്ത രോഗാവസ്ഥ. വീട്ടിലേയ്ക്കു വരാന്‍ പറ്റാതെ ആശുപത്രിയില്‍ കഴിഞ്ഞ ദിനങ്ങള്‍.

”ഞാന്‍ പ്രസവിച്ചില്ലെന്നേ ഉള്ളൂ.. എന്റെ സ്വന്തം മകനായാണ് വളര്‍ത്തിയത്.” ഇതു പറയുമ്പോള്‍ അല്‍താസ്യയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. കലൂരില്‍ പിഞ്ചു കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ജോണ്‍ ബിനോയ് ഡിക്രൂസിന്റെ വളര്‍ത്തമ്മയാണ് ഇവര്‍. ഇപ്പോള്‍ മനസ്സു മരവിച്ചു പോയിരിക്കുന്നു ഈ ദമ്പതികളുടെ. എല്ലാം കേട്ടിട്ടും നിസംഗത മാത്രം.

”ഞങ്ങള്‍ ഇതെല്ലാം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. ഇപ്പോള്‍ ഉണ്ടായ സംഭവങ്ങളിലൊന്നും ഒരു വിഷമവുമില്ല. ഇത് എപ്പോഴെങ്കിലും സംഭവിക്കുമെന്ന് അറിയാമായിരുന്നു. അവന്‍ അവളെയോ അവള്‍ അവനെയോ കൊലപ്പെടുത്തുമെന്നാണു കരുതിയിരുന്നത്. ഒരു കുഞ്ഞിനോട് ഇതു ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. അവന്‍ ചെയ്തതിനുള്ള ശിക്ഷ അനുഭവിക്കണം. ഈ വീട്ടിലേയ്ക്ക് കയറരുതെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അവനോടു പറഞ്ഞതാണ്. ഉപദ്രവം സഹിക്കാനാവാതെ വന്നപ്പോള്‍ നല്‍കിയ പരാതിയില്‍ അവന്‍ ഈ വീട്ടില്‍ കയറരുതെന്നു കോടതിയുടെ ഉത്തരവുള്ളതാണ്.”

”അവനു 12 വയസ് ആയപ്പോള്‍ തുടങ്ങിയതാണ് ഈ ഉപദ്രവം. സ്വന്തം അച്ഛനും അമ്മയുമല്ല വളര്‍ത്തുന്നത് എന്നറിഞ്ഞപ്പോള്‍ മുതല്‍ സ്വഭാവം പാടേ മാറുകയായിരുന്നു. ബന്ധുക്കളില്‍ ഒരാളാണ് അവനോട് ഇക്കാര്യം പറയുന്നത്. ഇതറിഞ്ഞ അന്നു വീട്ടില്‍ വന്നു സാധനങ്ങള്‍ തല്ലിപ്പൊട്ടിച്ചു. പഴയ വീടായിരുന്നു. അതിന്റെ ഒരു ഭാഗംതന്നെ നശിപ്പിച്ചു. ഇവനോട് ഇതു പറഞ്ഞത് ആരാണ് എന്ന് ഈ അടുത്ത കാലത്താണ് തിരിച്ചറിഞ്ഞത്.

പ്ലസ്ടു വരെ മകന്‍ പഠിച്ചിട്ടുണ്ട്. സ്‌കൂളില്‍ പോകാന്‍ താല്‍പര്യം ഒരിക്കലുമില്ലായിരുന്നു. സ്‌കൂളിലേക്കെന്നു പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റി വിട്ടാല്‍ സ്‌കൂള്‍ പടിക്കല്‍ ഇറങ്ങും. പിന്നെ കൂട്ടാന്‍ ചെന്നാല്‍ ആളെ കാണില്ല. ഇഷ്ടം പോലെ നടക്കുകയാണ്. മറ്റൊരു സ്‌കൂളിലാക്കിയിട്ടും പ്രയോജനമുണ്ടായില്ല. ഏഴു വയസുള്ളപ്പോള്‍, ഒരു ദിവസം അവനെ കാണാതായി. അന്വേഷിക്കാന്‍ ഒരിടവുമില്ല, ഫോര്‍ട്ടുകൊച്ചി മുഴുവന്‍ തിരഞ്ഞിട്ടും കണ്ടില്ല. സ്റ്റാന്‍ലി പണി കഴിഞ്ഞു വന്നപ്പോള്‍ അദ്ദേഹവും തിരഞ്ഞു. ഒടുവില്‍ രാത്രിയില്‍ ഒരു ബന്ധു വിളിച്ചു പറഞ്ഞു, വന്നു കൂട്ടിക്കൊണ്ടു പൊയ്‌ക്കോ ഇവിടെയുണ്ട് എന്ന്.

അവനു സ്‌നേഹമുണ്ടോ എന്നു ചോദിച്ചാല്‍ സ്‌നേഹമാണ്. അടുത്തു വന്നിരുന്നു നമ്മളെ വല്ലാതെ സ്‌നേഹിക്കും. പക്ഷെ അവനു വേണ്ടതു ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ സ്‌നേഹമൊന്നുമില്ല. പണം കിട്ടിയാല്‍ അതുകൊണ്ട് ഒരു പോക്കാണ്. പിന്നെ തിരിച്ചു വരുന്നത് പണം കഴിഞ്ഞു മാത്രം. വീട്ടില്‍നിന്നു പണമോ സ്വര്‍ണമോ മോഷ്ടിക്കുന്നതും പതിവ്. പലപ്രാവശ്യം ശാരീരിക ആക്രമണവും ഉണ്ടായിട്ടുണ്ട്. സ്വന്തം മകനല്ല എന്ന് അറിഞ്ഞതിനു ശേഷം ഒരു ദിവസം ബെല്‍റ്റ് ഇട്ടു കഴുത്തു മുറുക്കി. മരിച്ചു പോകുമെന്നു കരുതിയതാണ്.”

”നിറയെ സ്‌നേഹം കൊടുത്തിട്ടും കുഞ്ഞു പ്രായം മുതല്‍ വഴിതെറ്റിപ്പോയ മകനാണ് ജോണ്‍ ബിനോയ്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ സിഗരറ്റ് വലിക്കുന്നത് അറിയാം. പിന്നീട് അതു ലഹരിയിലേയ്ക്കു മാറി. വഴിവിട്ട ജീവിതം വിലക്കാന്‍ പലപ്രാവശ്യം നോക്കിയിട്ടും പരാജയമായിരുന്നു ഫലം. കൗണ്‍സിലിങ്ങിനും ഡീഅഡിക്ഷന്‍ സെന്ററിലും കയറിയിറങ്ങി. മാസങ്ങളോളം ചികിത്സയ്ക്കു ശ്രമിച്ചു. ഫലമുണ്ടായില്ലെന്നു മാത്രമല്ല, കയ്യില്‍ നിന്ന് ആയിരക്കണക്കിനു രൂപയും നഷ്ടമായി. ഞങ്ങള്‍ അവന്റെ യഥാര്‍ഥ അച്ഛനും അമ്മയുമല്ല എന്നത് അറിഞ്ഞതാണ് എല്ലാത്തിനും കാരണം.”

”ഒരു കാരണവശാലും ജാമ്യമെടുക്കാനോ കാണാനോ പോവില്ല. ഇത്രയും കാലം കൊണ്ട് അത്രയ്ക്ക് അനുഭവിച്ചു കഴിഞ്ഞു. അവന്‍ ആ സ്ത്രീയുമായി അടുപ്പത്തിലായ ശേഷം കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണ് ചെയ്തത്. കോവിഡ് തുടങ്ങിയ സമയത്തു മൂന്നു മാസം അവര്‍ ഇവിടെ വന്നു കഴിഞ്ഞിട്ടുണ്ട്. രാത്രി എട്ടു മണിയാകുമ്പോള്‍ പുറത്തു പോകും. രാവിലെ നാലു മണിക്കൊക്കെ കയറി വരും. എവിടെ പോയെന്നു ചോദിച്ചാല്‍ ഇടപ്പള്ളിയിലെ ആശുപത്രിയില്‍ പിആര്‍ഒ ആണെന്നും രാത്രി ജോലിയാണെന്നുമാണ് പറഞ്ഞത്. ജോലിക്കൊന്നും പോയി പരിചയമില്ലാത്തതുകൊണ്ട് അതു വിശ്വസിച്ചു. പിന്നെ പൊലീസ് പറഞ്ഞാണ് അറിയുന്നത് അവരുടെ രാത്രിയിലെ ജോലി എന്തായിരുന്നെന്ന്. അവനും എതിര്‍പ്പില്ലായിരുന്നു. എതിര്‍ത്തിട്ടു കാര്യമില്ലായിരുന്നു എന്നതാണ് ശരി.

മൂന്നു മാസത്തിനുശേഷം വീട്ടില്‍നിന്നു പോകാതായപ്പോള്‍ പൊലീസ് ഇടപെട്ടാണ് ഇറക്കി വിട്ടത്. പിന്നെയും വന്നപ്പോള്‍ വീട്ടില്‍ കയറ്റിയില്ല. ഇരുവരും വിവാഹം കഴിക്കാന്‍ റജിസ്ട്രാര്‍ ഓഫിസില്‍ ഒരു ദിവസം നോട്ടിസിട്ടു. ഇക്കാര്യം അയല്‍ വാസികളില്‍ ഒരാള്‍ പറഞ്ഞാണ് അറിഞ്ഞത്. ഒടുവില്‍ റജിസ്ട്രാര്‍ ഓഫിസില്‍ പോയി നോട്ടിസ് റദ്ദാക്കാന്‍ പണമടയ്‌ക്കേണ്ടി വന്നു. ഒരു പ്രായം കുറഞ്ഞ പെണ്‍കുട്ടിയുമായി വരൂ, വിവാഹം കഴിപ്പിച്ചു തരാം എന്ന് പലപ്രാവശ്യം പറഞ്ഞതാണ്. വീട്ടില്‍ താമസിക്കുമ്പോള്‍ തന്നെ രണ്ടു പേരും തമ്മില്‍ എന്നും വഴക്കാണ്. അടി കൂടി ഒരാള്‍ക്കെങ്കിലും പരുക്കു പറ്റും. അവള്‍ പൊലീസില്‍ പരാതി പറയും. എഴുതി താ, അവനെ അകത്തിടാമെന്നു പറഞ്ഞിട്ട് അതു ചെയ്യില്ല. ഇവിടെ താമസിക്കുമ്പോള്‍ അനു തോമസ് എന്നാണ് പേരു പറഞ്ഞത്. ഇപ്പോള്‍ സിപ്‌സി എന്നാണെന്നു പറയുന്നു. ശരിക്കും പേര് കൊച്ചു ത്രേസ്യ എന്നാണെന്നും പറയുന്നു. ഇതില്‍ ഏതാണ് ശരിയെന്നു മാത്രം അറിയില്ല.”

‘അവളെ ഉപേക്ഷിക്കാന്‍ പലപ്രാവശ്യം ശ്രമിച്ചിട്ടും നടന്നില്ല. കള്ളക്കേസുകളില്‍ കുടുക്കുന്നതാണ് പതിവ്. ഇതു ഭയന്ന് അവനും പിന്‍മാറി. കുറച്ചു കാലമായി രണ്ടു കുഞ്ഞുങ്ങളുമായാണ് നടപ്പ്. ഇത് അവന്റെ കുഞ്ഞാണ് എന്നാണ് പറഞ്ഞിരുന്നത്. നാട്ടുകാരോടും അവന്റെ കുഞ്ഞാണെന്ന് അവള്‍ പറഞ്ഞു. അതു വലിയ അപമാനമായാണ് അവനു തോന്നിയത്. കുഞ്ഞിന്റെ കാര്യം പറഞ്ഞു കേസു കൊടുക്കുമെന്നെല്ലാം ഭീഷണിപ്പെടുത്തിയിരുന്നു. ഇതായിരിക്കും കുഞ്ഞിനെ കൊല്ലാന്‍ കാരണമായതെന്നാണ് കരുതുന്നത്. ചെറിയ കുഞ്ഞുങ്ങളെ അവന് അത്ര ഇഷ്ടമായിരുന്നു എന്നാണ് തോന്നിയിട്ടുള്ളത്. അടുത്ത വീട്ടിലെ കുഞ്ഞെല്ലാം ഇവനെ കണ്ടാല്‍ ദേഹത്തു കൂടി കയറി കടിക്കുകയും ഉമ്മവയ്ക്കുകയുമെല്ലാം ചെയ്യും. അപ്പോള്‍ പിന്നെ എങ്ങനെ ഒരു കുഞ്ഞിനെ ഇങ്ങനെ കൊല്ലാന്‍ പറ്റിയെന്നാണ് ചിന്തിക്കുന്നത്.

കുഞ്ഞിനെ കൊന്നതിനു പിന്നാലെ അവന്‍ വീട്ടില്‍ വന്ന് അമ്മയോട് എനിക്കൊരു കാര്യം പറയാനുണ്ടെന്നു പറഞ്ഞു. എനിക്ക് ജാമ്യമെടുക്കാന്‍ വേണ്ടതെല്ലാം ചെയ്യണം, ഞാനൊരു തെറ്റു ചെയ്തിട്ടുണ്ട്, ചിലപ്പോള്‍ കുറച്ചു ദിവസം അകത്തു കിടക്കും എന്നെല്ലാം പറഞ്ഞു. അവന്റെ കൂട്ടുകാരില്‍ ഒരാള്‍ ഒപ്പമുണ്ടായിരുന്നു. അവനും പറഞ്ഞു ബിനോയ്ക്ക് എന്തോ പറയാനുണ്ടെന്ന്. ഞാന്‍ പറയാന്‍ സമ്മതിച്ചില്ല, നീ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍, ദേ തമ്പുരാന്‍ അവിടെ ഇരിപ്പുണ്ട്. അവിടെ ചെന്നു പറഞ്ഞു കൊള്ളാനാണ് പറഞ്ഞത്. പൊലീസ് വന്നു പറയുമ്പോഴാണ് അവന്‍ ഒരു കുഞ്ഞിനെ കൊന്ന കാര്യമൊക്കെ അറിയുന്നത്. പക്ഷെ പൊലീസ് പറഞ്ഞത് ഞാന്‍ വിളിച്ചു പറഞ്ഞു എന്നാണ്, അതു മനസ് അറിയാത്ത കാര്യമാണ്.” – അല്‍താസ്യ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button