കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നീങ്ങുന്ന തീവണ്ടിയിൽനിന്ന് ഇറങ്ങാൻ ശ്രമിക്കവേ വീണുപോയ സ്ത്രീക്ക് രക്ഷകനായത് പറളി തേനൂർ സ്വദേശി രാഘവനുണ്ണി. സംഭവത്തിന്റെ വീഡിയോദൃശ്യം വൈറലായിരുന്നു.റെയിൽവേ എറണാകുളം ഡിപ്പോയിൽ ഇലക്‌ട്രിക്കൽ ടെക്‌നീഷ്യനാണ് തേനൂർ കോട്ടായിറോഡ് വളയച്ചൻമാരിൽ വീട്ടിൽ രാധാകൃഷ്ണന്റെ മകൻ രാഘവനുണ്ണി.
ഓഗസ്റ്റ് ഒൻപതിന് രാത്രി 12.45-നുനടന്ന സംഭവം തിങ്കളാഴ്ച രാവിലെ മേലുദ്യോഗസ്ഥൻ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചപ്പോഴാണ് പുറംലോകമറിഞ്ഞത്. നീങ്ങിക്കൊണ്ടിരുന്ന രാജ്യറാണി എക്സ്പ്രസിൽനിന്ന് ഇറങ്ങാൻ ശ്രമിച്ച സ്ത്രീ വണ്ടിക്കും പാളത്തിനുമിടയിലേക്ക് വീഴുകയായിരുന്നു.
സമീപത്തുകൂടി അറ്റകുറ്റപ്പണികൾക്കായി പോകുകയായിരുന്നു രാഘവനുണ്ണി. തന്റെ കൈയിലുണ്ടായിരുന്ന പണിയായുധങ്ങളെല്ലാം നിലത്തിട്ട് ഓടിയെത്തിയ രാഘവനുണ്ണി സ്ത്രീയെ രക്ഷിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. അപകടത്തിന്റെ അമ്പരപ്പ് മാറാതെനിൽക്കുന്ന സ്ത്രീക്കു സമീപത്തുനിന്ന് പണിയായുധങ്ങൾ പെറുക്കിയെടുത്ത് ഒരു നന്ദിവാക്കിനുപോലും കാത്തുനിൽക്കാതെ സഹപ്രവർത്തകനോടൊപ്പം നടന്നുനീങ്ങുന്ന രാഘവനുണ്ണിയെ വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ അഭിനന്ദനപ്രവാഹമാണ്.
കൺമുൻപിലുണ്ടായ സംഭവത്തിൽ സന്ദർഭത്തിനനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ചന്തുവെന്ന് തേനൂരുകാർ വിളിക്കുന്ന രാഘവനുണ്ണി പറയുന്നു.13 വർഷമായി ഇന്ത്യൻ റെയിൽവേയിൽ ജോലിചെയ്യുന്ന രാഘവനുണ്ണിയുടെ അമ്മ മഹാലക്ഷ്മി. ഭാര്യ: രേഷ്മ. മകൾ: അവനി.


