പോക്‌സോ കേസിൽ ലിംഗഭേദമില്ല; 13-കാരനെ പീഡിപ്പിച്ച കേസിൽ 52-കാരിയുടെ ഹർജി തള്ളി ഹൈക്കോടതി

ബെംഗളൂരു: പതിമ്മൂന്നുകാരനെ ബലാത്സംഗം ചെയ്തതിന് പോക്‌സോ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ചെയ്ത കേസ് തള്ളണമെന്നാവശ്യപ്പെട്ട് 52-കാരി നല്‍കിയ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി. പോക്‌സോ കേസില്‍ ലിംഗഭേദമില്ലെന്നും ബലാത്സംഗക്കുറ്റം സ്ത്രീക്കെതിരേയും നിലനില്‍ക്കുമെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് എം. നാഗപ്രസന്നയുടേതാണ് നടപടി.

ബെംഗളൂരു സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. അയല്‍പക്കത്തെ ആണ്‍കുട്ടിയെ ഇവര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2020-ലാണ് കേസിനാസ്പദമായ സംഭവം. അന്ന് ഇവര്‍ക്ക് 48 വയസ്സും കുട്ടിക്ക് 13 വയസ്സുമായിരുന്നു.

മാനസിക സമ്മര്‍ദത്തിലായ കുട്ടി ഇക്കാര്യം അന്ന് ആരോടും പറഞ്ഞില്ല. 2024-ല്‍ ഒരു മാനസികാരോഗ്യവിദഗ്ധന്റെയടുത്താണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ പരാതി നല്‍കുകയായിരുന്നു.

കര്‍ണാടകത്തില്‍ കുട്ടികള്‍ക്കുനേരെ ഉണ്ടാകുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ കൂടുന്നതായി കണക്കുകള്‍. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുകളില്‍ രണ്ടു വര്‍ഷത്തിനിടെ 26 ശതമാനം വര്‍ധനയുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

2022-ല്‍ 3,209 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2024-ല്‍ ഇത് 4,064 ആണ്. ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 2,544-ലെത്തി. നിയമനിര്‍മാണ കൗണ്‍സിലില്‍ ആഭ്യന്തരവകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ അടിയന്തരമായി നടപ്പാക്കണമെന്ന് ഈ കണക്കുകള്‍ മുന്നറിയിപ്പു നല്‍കുന്നു.

അതേസമയം, രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത് തീരെ കുറവാണ്. വലിയ ഭാഗം കേസുകളിലും പ്രതികള്‍ മോചിപ്പിക്കപ്പെടുകയാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 2022-ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 1,562 കേസുകളിലെ പ്രതികളെ വെറുതെവിട്ടപ്പോള്‍ 186 കേസുകളില്‍ മാത്രമാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചത്. 1,224 കേസുകള്‍ ഇപ്പോഴും വിചാരണയുടെ ഘട്ടത്തിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News