‘ക്ഷമിക്കണം… യാത്ര വൈകിയത് കോച്ചിനുള്ളില്‍ പാറ്റകളുടെ ശല്യം”; റെയിൽവേയുടെ വിചിത്രമായ തുറന്നുപറച്ചിൽ

കണ്ണൂര്‍: ‘ക്ഷമിക്കണം… യാത്ര വൈകിയത് കോച്ചിനുള്ളില്‍ പാറ്റകളുടെ ശല്യം കാരണമാണ്, ഖേദിക്കുന്നു’. കണ്ണൂര്‍-ബെംഗളൂരു (16512) എക്‌സ്പ്രസ് വണ്ടിയുടെ യാത്ര രണ്ടുമണിക്കൂര്‍ വൈകിയ സംഭവത്തില്‍ റെയില്‍വേയുടെ ‘തറന്നുപറച്ചില്‍’ ശ്രദ്ധേയമാകുന്നു. യാത്രക്കാരി പ്രസന്ന ഇടയില്യം റെയില്‍ മദദ് ആപ്പില്‍ നല്‍കിയ പരാതിക്കാണ് റെയില്‍വേ ഉടന്‍ മറുപടി നല്‍കിയത്.

തിങ്കളാഴ്ചയാണ് സംഭവം. വൈകീട്ട് 5.40-ന് കണ്ണൂരില്‍നിന്ന് മംഗളൂരു വഴി ബെംഗളൂരുവിലേക്ക് പുറപ്പെട്ട തീവണ്ടിയിലെ എസ്-3 കംപാര്‍ട്ട്‌മെന്റിലെ യാത്രക്കാരായിരുന്നു നാവികസേന മുന്‍ കമാന്‍ഡറായ കാഞ്ഞങ്ങാട്ടെ പ്രസന്ന ഇടയില്യവും അച്ഛന്‍ എ. കുഞ്ഞിരാമന്‍ നായരും. 8.10-ന് മംഗളൂരുവില്‍ എത്തി. 10.10-ന് സുബ്രഹ്‌മണ്യറോഡില്‍ എത്തിയ വണ്ടി അവിടെ നിന്നു.

ഏറെനേരം നിര്‍ത്തിയിട്ടതിന്റെ കാരണം അന്വേഷിച്ച് പ്രസന്ന ഇടയില്യം പരാതി അയച്ചു. നിമിഷങ്ങള്‍ക്കകം റെയില്‍വേ മറുപടി നല്‍കി. എസ്-6 കോച്ചില്‍ പാറ്റകളുടെ ശല്യം ഉണ്ടെന്നും അത് സ്‌പ്രേ അടിച്ച് കളയുകയാണെന്നുമായിരുന്നു അറിയിപ്പ്. ഇത്തരം കാരണങ്ങളുടെ പേരില്‍ യാത്ര വൈകുന്നത് ശരിയല്ലെന്നും എന്നാല്‍ റെയില്‍വേ സത്യസന്ധമായ മറുപടി നല്‍കിയതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News