കൊച്ചി: പണം കടം നല്‍കിയവരുടെ മാനസിക സമ്മര്‍ദംമൂലം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പലിശക്കാര്‍ യുവതിയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്ത്. കോട്ടുവള്ളി സൗത്ത് റേഷന്‍കടയ്ക്കു സമീപം പുളിക്കത്തറ വീട്ടില്‍ ആശ ബെന്നിയെ (46) യാണ് കോട്ടുവള്ളി പുഴയില്‍ പള്ളിക്കടവ് ഭാഗത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം.
ഉച്ചയോടെ ഇവരെ വീട്ടില്‍നിന്നു കാണാതായിരുന്നു. മരണത്തിനു കാരണക്കാരായവരുടെ പേരുകളടക്കമുള്ള കുറിപ്പ് വീട്ടില്‍നിന്നു കണ്ടെടുത്തു. പണം ചോദിച്ചെത്തിയവരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഒരാഴ്ചമുന്‍പ് ഇവര്‍ ഞരമ്പുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അയല്‍വാസിയായ റിട്ട. പോലീസുകാരന്‍ പ്രദീപിന്റെയും ഭാര്യ ബിന്ദുവിന്റെയും പേരുകളാണ് ആത്മഹത്യക്കുറിപ്പിലുള്ളത്.
ഇവരില്‍നിന്നു പലപ്പോഴായി പത്ത് ലക്ഷത്തോളം രൂപ ആശ പലിശയ്ക്ക് കടം വാങ്ങിയിരുന്നതായാണ് വിവരം. ഒരു ലക്ഷത്തിന് മാസം പതിനായിരം രൂപയായിരുന്നത്രേ പലിശ. പലിശ നല്‍കാന്‍ മറ്റിടങ്ങളില്‍നിന്ന് ആശ കടംവാങ്ങിയതായി സൂചനയുണ്ട്.
മുതലും പലിശയും മടക്കികൊടുത്തിട്ടും ഭീഷണി തുടര്‍ന്നുവെന്ന് ആശയുടെ ഭര്‍ത്താവ് ബെന്നി ആരോപിച്ചു. തിങ്കളാഴ്ച ആശ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതെ തുടര്‍ന്ന് നാല് ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പലിശക്കാര്‍ ഭീഷണിപ്പെടുത്തിയതിന്റെ പേരിലായിരുന്നു ആത്മഹത്യ ശ്രമം.
അന്ന് എസ്.പി. ഓഫീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് ഇരുകൂട്ടരെയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. പണം ആവശ്യപ്പെട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തരുതെന്നും ഭീഷണി തുടര്‍ന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും താക്കീതു നല്‍കിയാണ് പോലീസ് ഇവരെ വിട്ടത്.
കഴിഞ്ഞ ദിവസവും പ്രദീപും ബിന്ദുവും രാത്രി ഇവരുടെ വീട്ടില്‍ വന്ന് ബഹളം വയ്ച്ചു. ആശയെയും കുടുംബത്തെയും ഒരുപാട് ഭീഷണിപ്പെടുത്തിയെന്നും മകളെയും മകനെയുമടക്കം ജീവിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞതായി ബെന്നി കൂട്ടിച്ചേര്‍ത്തു. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.
പലിശ മുടങ്ങിയപ്പോള്‍ കടം വാങ്ങിയ തുക ഉടന്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പണം നല്‍കിയവര്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു. ഇവര്‍ പണം തിരികെ ആവശ്യപ്പെട്ട് നിരന്തരം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും ആശയുടെ കുറിപ്പിലുണ്ട്.
സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരുന്നതായി പോലീസ് പറഞ്ഞു. ബാങ്ക് രേഖകള്‍ പരിശോധിച്ചാലേ എത്ര രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാകൂ. 24 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകളുണ്ടായിട്ടുണ്ടെന്നാണ് പോലീസിനു ലഭിച്ച പ്രാഥമിക വിവരം. എന്നാല്‍, ഇത്രയും പണം ആശ എന്തിനുവേണ്ടി ഉപയോഗിച്ചുവെന്ന കാര്യത്തില്‍ വ്യക്തതയില്ല.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഭര്‍ത്താവ്: ബെന്നി. ആശ വീടിനടുത്ത് ചെറിയ കട നടത്തിയിരുന്നു. മക്കള്‍: ഗോഡ്‌സണ്‍, ജീവനി. സംസ്‌കാരം ബുധനാഴ്ച കോട്ടുവള്ളി സെയ്ന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ്പ് ലൈനിലേക്ക് വിളിക്കുക: 1056, 0471-2552056)


