കൊച്ചി: അച്ചടക്ക നടപടിയുടെ പശ്ചാത്തലത്തില്‍ സിപിഐയുമായുള്ള അരനൂറ്റാണ്ടിലേറെ നീണ്ട ബന്ധം അവസാനിപ്പിച്ച് മുതിര്‍ന്ന നേതാവും മുന്‍ ജില്ലാ സെക്രട്ടറിയുമായ കെ.കെ. ശിവരാമന്‍ സജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്മാറുന്നു. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും തന്നെ നീക്കിയതിന് പിന്നാലെയാണ് കടുത്ത തീരുമാനവുമായി ശിവരാമന്‍ രംഗത്തെത്തിയത്. പാര്‍ട്ടി അംഗമായി തുടരാനുള്ള ‘ഔദാര്യം’ തനിക്ക് വേണ്ടെന്നും 56 വര്‍ഷം നീണ്ട രാഷ്ട്രീയ ജീവിതം ഇതോടെ അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
തനിക്കെതിരെ ഉയര്‍ന്ന വാര്‍ത്തകളെല്ലാം അവാസ്തവമാണെന്ന് ശിവരാമന്‍ പ്രതികരിച്ചു. ‘തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഘടകങ്ങളില്‍ നിന്നും എന്നെ നീക്കം ചെയ്തതായി പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനയിലൂടെയാണ് അറിഞ്ഞത്. ഇതേക്കുറിച്ച് ഔദ്യോഗികമായി രേഖാമൂലം എന്നെ ഒന്നു അറിയിച്ചിട്ടുപോലുമില്ല. പാര്‍ട്ടി അംഗത്വത്തില്‍ നിലനിര്‍ത്താമെന്ന ഔദാര്യം അവര്‍ കാണിച്ചിട്ടുണ്ട്. എന്നാല്‍, നിലവിലെ ജില്ലാ സെക്രട്ടറി നയിക്കുന്ന പാര്‍ട്ടി ഘടകത്തില്‍ വെറുമൊരു അംഗമായി തുടരാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.
അത് എനിക്കും അദ്ദേഹം അടങ്ങുന്ന നേതൃത്വത്തിനും അപമാനമാണ്’- ശിവരാമന്‍ വ്യക്തമാക്കി. പീരുമേട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം സ്ഥാനാര്‍ഥി തന്നെയാണ്. പരസ്യ പ്രതികരണം നടത്തിയതിന്റെ പേരില്‍ തന്നെ പുറത്താക്കിയ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പീരുമേട് നിയമസഭാ മണ്ഡലത്തിലെ പാര്‍ട്ടിയുടെ തോല്‍വിയുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചതിനാണ് കഴിഞ്ഞ ദിവസം ശിവരാമനെതിരെ സിപിഐ നടപടിയെടുത്തത്.
അദ്ദേഹത്തെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു. പീരുമേട്ടില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം പാളിയെന്നും മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ മത്സരിപ്പിക്കുമ്പോള്‍ ജനസ്വീകാര്യതയുള്ളവരെ പരിഗണിക്കണമായിരുന്നു എന്നുമായിരുന്നു ശിവരാമന്റെ പരസ്യ പ്രതികരണം.
സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ തന്നെയായിരുന്നു പീരുമേട്ടിലെ സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സലിംകുമാറിനെ ലക്ഷ്യമിട്ട് ശിവരാമന്‍ നടത്തിയ പ്രസ്താവന പാര്‍ട്ടിയെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു. ഇത് ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് വിലയിരുത്തിയാണ് ജില്ലാ കൗണ്‍സില്‍ ശിവരാമനെതിരെ നടപടി സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച് സജീവ രാഷ്ട്രീയം വിടാനുള്ള മുതിര്‍ന്ന നേതാവിന്റെ നാടകീയ പ്രഖ്യാപനം.
നീണ്ട 16 വർഷക്കാലം സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച കെ.കെ. ശിവരാമൻ ഹൈറേഞ്ചിലെ പാർട്ടിയുടെ ഏറ്റവും ജനസ്വാധീനമുള്ളതും ശക്തവുമായ മുഖങ്ങളിലൊന്നായിരുന്നു. പതിറ്റാണ്ടുകളായി ജില്ലയിലെ തോട്ടം തൊഴിലാളി സമരങ്ങളിലും ഭൂപ്രശ്നങ്ങളിലും സജീവമായി ഇടപെട്ടിരുന്ന ഒരു മുതിർന്ന നേതാവ് പാർട്ടി വിടുന്നതും സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതും ഇടുക്കിയിലെ സി.പി.ഐ. സംഘടനാ സംവിധാനങ്ങളിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നുറപ്പാണ്. ശിവരാമന്റെ രാഷ്ട്രീയ പിന്മാറ്റത്തോടെ ഇടുക്കിയിലെ പാർട്ടിയിലെ ആഭ്യന്തര ഭിന്നതകൾ കൂടുതൽ രൂക്ഷമാകാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
Senior CPI leader and former Idukki district secretary K.K. Sivaraman has announced his retirement from active politics, ending his 56-year-long association with the party. The decision follows disciplinary action by the CPI District Executive, which removed him from the District Executive and District Council over his repeated public criticisms against the district leadership, particularly regarding the party’s recent electoral defeat in the Peermade constituency. Rejecting the district leadership’s offer to retain his basic party membership as a “favor,” Sivaraman stated that his self-respect does not allow him to continue under the current district committee.


