പയ്യാവൂർ: കണ്ണൂർ പൈസക്കരി ടൗണിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കുടിയാന്മല പൊന്മലയിലെ തട്ടുകുന്ന് തേവരയിൽ ആൽബിൻ ടി. വിത്സൺ (19) ആണ് മരിച്ചത്. പൈസക്കരി ദേവമാതാ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ഒന്നാം വർഷ ബി.സി.എ. (BCA) വിദ്യാർത്ഥിയാണ് ആൽബിൻ. രാവിലെ കോളേജിലേക്ക് പഠനത്തിനായി വരുന്നതിനിടയിലാണ് ആൽബിന്റെ ജീവൻ കവർന്ന അപകടമുണ്ടായത്.
ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ആൽബിൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ പൈസക്കരി ടൗണിൽ വെച്ച് ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ചുവീണ വിദ്യാർത്ഥി ടോറസ് ലോറിയുടെ അടിയിൽപെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി. സംഭവസ്ഥലത്തു വെച്ചുതന്നെ ആൽബിൻ മരണത്തിന് കീഴടങ്ങി. കോൺക്രീറ്റ് മിശ്രിതങ്ങളും കല്ലുകളും കയറ്റിവരുന്ന ടോറസ് ലോറികളുടെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ ആരോപിച്ചു.
അപകടത്തെ തുടർന്ന് പയ്യാവൂർ പോലീസും ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും അടിയന്തിരമായി സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ലോറിക്കടിയിൽ പെട്ട മൃതദേഹം ഏറെ പ്രയത്നിച്ചാണ് പുറത്തെടുത്തത്. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പയ്യാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആൽബിന്റെ അപ്രതീക്ഷിത വിയോഗ വാർത്തയറിഞ്ഞ് ദേവമാതാ കോളേജിലെ അധ്യാപകരും സുഹൃത്തുക്കളും കടുത്ത ആഘാതത്തിലാണ്.
A 19-year-old college student met with a tragic end in a road accident at Paisakari town near Payyavoor. The deceased was identified as Albin T. Wilson, a native of Thattukkunnu, Kudiyanmala. Albin was a first-year BCA student at Devamatha Arts and Science College, Paisakari. The accident occurred around 10:00 AM today when his motorcycle collided with a Taurus lorry while he was on his way to college. The Payyavoor Police and Iritty Fire Force arrived at the spot and initiated further procedures.


