തിരുവനന്തപുരം: ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ ഭര്‍ത്താവും മോട്ടോര്‍ വാഹനവകുപ്പ് ജീവനക്കാരനുമായ എസ്.കിരണ്‍കുമാറിന് ജയിലില്‍ നിന്നു പുറത്തിറങ്ങാത്ത വിധം പൂട്ടിടാന്‍ പോലീസ് നീക്കം ആരംഭിച്ചു. കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്‍കി.
വിസ്മയ ജീവനൊടുക്കിയതാണെന്ന സ്ഥിരീകരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെങ്കിലും പോലീസ് ഇക്കാര്യം അന്തിമമായി വിശ്വസിച്ചിട്ടില്ല. മരണം ഏത് തരത്തിലാണെങ്കിലും ജീവപര്യന്തം കഠിനതടവ് എങ്കിലും പ്രതിക്ക് ലഭിക്കുന്ന രീതിയില്‍ കുറ്റപത്രം തയാറാക്കണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് ഒഴിവാക്കാനുള്ള നീക്കത്തിലാണ് പോലീസ്. വിസ്മയയെ വീട്ടില്‍ വച്ചു മാത്രമല്ല പൊതുസ്ഥലത്തും കാറിനുള്ളിലും കിരണ്‍ മര്‍ദ്ദിച്ചിരുന്നുവെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
വിസ്മയ മരിച്ച ദിവസം കിരണ്‍ മദ്യപിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഒപ്പം മദ്യപിച്ച സുഹൃത്തുക്കളെ പോലീസ് അടുത്ത ദിവസം ചോദ്യം ചെയ്യും. കിരണിന്റെ ബന്ധുക്കളില്‍ ചിലര്‍ക്കെതിരേയും പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ടെങ്കിലും തത്കാലം അന്വേഷണം ഈ ദിശയിലേക്ക് പോകില്ല.