തൊടുപുഴ: സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ആള്‍ക്ക് നേരെ പാഞ്ഞടുത്ത് രാജവെമ്പാല. ഇടുക്കി കുളമാവിന് സമീപമാണ് സംഭവം. കുളമാവ് നവോദയ സ്കൂള്‍, നേവല്‍ ഫിസിക്കല്‍ ഓഷ്യാനോഗ്രാഫിക്കല്‍ ലബോറട്ടറി (എന്‍പിഒഎല്‍) പ്രദേശത്ത് കഴിഞ്ഞ രണ്ട് മാസമായി രാജവെമ്പാലയുടെ സാന്നിധ്യമുണ്ട്.
കഴിഞ്ഞ ദിവസം കുളമാവ് ഡാമിനു സമീപത്തു വച്ചാണ് സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന മുത്തിയുരുണ്ടയാര്‍ സ്വദേശി അനുഷല്‍ ആന്റണിയുടെ നേരെ രാജവെമ്പാല പാഞ്ഞടുത്തത്. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് അനുഷല്‍ രക്ഷപ്പെട്ടത്.
ജില്ലയില്‍ പിടികൂടുന്ന രാജവെമ്പാലകളെ കുളമാവ് വനത്തിലാണ് തുറന്നുവിടുന്നത്. പലപ്പോഴും ഉള്‍ക്കാടുകളില്‍ പാമ്പിനെ തുറന്നുവിടാത്തതാണ് പാമ്പിന്റെ സാന്നിധ്യം ജനവാസമേഖലയില്‍ കാണുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇതേ പ്രദേശത്ത് ഒരു രാജവെമ്പാലയെ ദിവസങ്ങളോളം കണ്ടിരുന്നു.
തുടര്‍ന്ന് വാവാ സുരേഷ് എത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്. ഇതിനെയും കുളമാവ് വനത്തിലാണ് തുറന്നുവിട്ടത്. കുളമാവ് പ്രദേശത്ത് പാമ്പുകളെ ഉള്‍വനത്തില്‍ തുറന്നുവിടുന്നതായി ഉറപ്പാക്കാന്‍ വനപാലകര്‍ തയാറാകണമെന്നാണ് കുളമാവ് നിവാസികളുടെ ആവശ്യം.