തിരുവനന്തപുരം: പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ല, ജനറൽ ആശുപത്രികളിൽവരെ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ സമരം പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രഖ്യാപനങ്ങൾ യാഥാർഥ്യമാകുന്നതുവരെ ഡോക്ടർമാർ വിഐപി ഡ്യൂട്ടി ചെയ്യില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ.ടി.എൻ.സുരേഷ് അറിയിച്ചു.
കൊട്ടാരക്കരയിൽ ഡോ.വന്ദനാദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഡോക്ടർമാരുടെ വിവിധ സംഘടനകൾ സമരം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച വൈകിട്ട് ഉന്നതതല യോഗം ചേർന്നിരുന്നു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേഗദതി വരുത്തുമെന്നു യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു
നിയമ ഭേദഗതി സംബന്ധിച്ച ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവരും. സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കും. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച് ആരോഗ്യവകുപ്പും ആഭ്യന്തരവകുപ്പും സംയുക്തമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.