30.6 C
Kottayam
Wednesday, May 15, 2024

വീട്ടിലെത്തിയത് ചെമ്പരത്തിപ്പൂ ചോദിച്ച്;കേശവദാസപുരം കൊലക്കേസിൽ തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ കയ്യേറ്റശ്രമം

Must read

തിരുവനന്തപുരം∙ പൂവു തരുമോയെന്ന് ചോദിച്ചെത്തിയാണ് കേശവദാസപുരം രക്ഷാപുരി റോഡിൽ മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമയെ (68) ഇതര സംസ്ഥാന തൊഴിലാളിയായ ആദം അലി കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തൽ. കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കുന്നതിനിടെ പ്രതി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഉച്ചയോടെയാണ് ആദം അലി മനോരമയുടെ വീട്ടിലെത്തിയത്. ഭർത്താവ് ദിനരാജ് വീട്ടിൽ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു വരവ്.

ആദം അലി മനോരമയുടെ വീട്ടിലേക്കു പോകുന്ന വിവരം കൂടെ താമസിച്ചിരുന്നവർ അറിഞ്ഞിരുന്നില്ല. തൊട്ടടുത്തുള്ള വീടിന്റെ നിർമാണവുമായി ബന്ധപ്പെട്ട് എത്തിയ ആദം അലി വെള്ളമെടുക്കാൻ ദിവസങ്ങളായി വീട്ടിൽ വരുന്നതിനാൽ പൂവു ചോദിച്ചപ്പോൾ മനോരമയ്ക്കു സംശയം തോന്നിയില്ല.

പൂവ് എന്തിനാണെന്നു ചോദിച്ചപ്പോൾ ആദം അലി ഒന്നും പറഞ്ഞില്ല. ചെമ്പരത്തി ചെടിയിൽ നിന്ന് പൂവ് ഇറുത്തുകൊണ്ടുനിന്ന മനോരമയെ പിന്നിൽനിന്നാണ് ആദം അലി ആക്രമിച്ചത്. കഴുത്തിൽ കത്തി കൊണ്ട് കുത്തിയശേഷം സാരി കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തി. വീടിന്റെ പിൻവശത്തുവച്ചായിരുന്നു കൊലപാതകം. ഇതിനുശേഷം പരിസരം നിരീക്ഷിച്ച പ്രതി, മനോരമയുടെ ശരീരം വലിച്ചിഴച്ച് അടുത്തുള്ള സ്ഥലത്തെ കിണറ്റിൽ തള്ളി. മൃതദേഹം പൊങ്ങിവരാതിരിക്കാൻ ഇഷ്ടിക കഷ്ണങ്ങൾ ശരീരത്തിൽ കെട്ടി.

ഇതിനുശേഷം താമസസ്ഥലത്തെത്തി വസ്ത്രങ്ങളുമായി ഉള്ളൂരിലേക്കു പോയി. അവിടെനിന്ന് തമ്പാനൂരിലെത്തി ചെന്നൈ വഴി ബംഗാളിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ ചെന്നൈയിൽ നിന്നാണ് റെയിൽവേ സംരക്ഷണ സേനയുടെ പിടിയിലായത്.

മനോരമയിൽനിന്ന് കവർന്ന ആറു പവൻ സ്വർണം എവിടെയെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. തെളിവെടുപ്പിനായി എത്തിച്ച പ്രതിക്കുനേരെ നാട്ടുകാർ പ്രകോപിതരായി പാഞ്ഞടുത്തെങ്കിലും പൊലീസ് നിയന്ത്രിച്ചു. കൊലയ്ക്കുപയോഗിച്ച കത്തി തൊട്ടടുത്തുള്ള തോട്ടിൽനിന്ന് കണ്ടെടുത്തു. മൃതദേഹം കിണറ്റിലിട്ട ആളൊഴിഞ്ഞ വീടിന്റെ പരിസരത്തായിരുന്നു ആദ്യം തെളിവെടുപ്പ്. കിണറ്റിൽ മൃതദേഹം ഇട്ട രീതി ആദം അലി വിവരിച്ചു.

ആദം അലി പബ്ജി ഗെയിമിന് അടിമയായിരുന്നെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പബ്ജി കളിയിൽ തോറ്റതിനെ തുടർന്ന് മുൻപ് ഫോൺ എറിഞ്ഞു പൊട്ടിച്ചിരുന്നു. ഒരു സിം സ്ഥിരമായി ഉപയോഗിച്ചിരുന്നില്ല. പാലക്കാട്, കൊല്ലം എന്നിവിടങ്ങളിൽ ജോലി ചെയ്തശേഷം ഒന്നര മാസം മുൻപാണ് തലസ്ഥാനത്തെ കരാറുകാരന്റെ കീഴിൽ ജോലിക്കെത്തിയത്. ആദം അലിയുടെ പേരിൽ മുൻപ് ക്രിമിനൽ കേസുകളുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week