FeaturedHome-bannerKeralaNews

അസാധാരണ നീക്കം, രാഷ്ട്രപതിക്കെതിരേ കേരളം സുപ്രീം കോടതിയിൽ,ബില്ലുകൾക്ക് അനുമതി വൈകിപ്പിക്കുന്നു

ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി വൈകിപ്പിക്കുന്നതിനെതിരേ രാഷ്ട്രപതിക്കെതിരേ അസാധാരണ നീക്കവുമായി കേരളം. കാരണമൊന്നും വ്യക്തമാക്കാതെ അനുമതി വൈകിപ്പിക്കുന്ന രാഷ്ട്രപതിയുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച് കേരളം സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു.

സംസ്ഥാന ചീഫ് സെക്രട്ടറിയാണ് രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷി ചേർത്ത് സുപ്രീം കോടതിയിൽ റിട്ട് ഫയൽ ചെയ്തത്. ബില്ലുകൾക്ക് കാരണമൊന്നും വ്യക്തമാക്കാതെ അനുമതി വൈകിപ്പിക്കുന്ന രാഷ്ട്രപതിയുടെ നടപടി ഏകപക്ഷീയവും ഭരണഘടനയുടെ 14, 200, 201 എന്നീ
വകുപ്പുകളുടെ ലംഘനവുമാണെന്നാണ്‌ കേരളത്തിന്റെ വാദം.

കേന്ദ്രമന്ത്രിസഭയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്‌ട്രപതി പ്രവർത്തിക്കുന്നത്. സംസ്ഥാന നിയമസഭയുടെ അധികാര പരിധിയിൽ വരുന്ന വിഷയങ്ങളിലാണ് രാഷ്ട്രപതി അനുമതി വൈകിപ്പിക്കുന്ന നാല് ബില്ലുകളും. അതിനാൽ സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്നുകയറുന്നതാണ് ബില്ലുകൾക്ക് അനുമതി നിഷേധിച്ചുകൊണ്ടുള്ള നടപടി എന്നാണ് കേരളം റിട്ട് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.

ചാൻസലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ല്, സര്‍വകലാശാല നിയമ ഭേദഗതി ബില്ല്, വൈസ് ചാൻസലര്‍മാരെ നിര്‍ണയിക്കുന്ന സെര്‍ച്ച്‌ കമ്മിറ്റിയിൽ ഗവര്‍ണറുടെ അധികാരം കുറയ്ക്കാനുള്ള ബില്ല്, ക്ഷീര സംഘം സഹകരണ ബില്ല് എന്നിവയ്ക്കാണ് രാഷ്ട്രപതി അനുമതി വൈകിപ്പിക്കുന്നത്.

ലോകായുക്ത ബിൽ ഉള്‍പ്പെടെ ഏഴ് ബില്ലുകളാണ്‌ ഗവർണർ രാഷ്ട്രപതിക്ക് അയച്ചിരുന്നത്. ഇതിൽ ലോകായുക്ത ബില്ലിന് മാത്രമാണ് രാഷ്ട്രപതി ഇതുവരെ അനുമതി നൽകിയത്. ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും അതിനാൽ ആ നടപടി റദ്ദാക്കി ബില്ലുകൾ തിരിച്ച് വിളിക്കാൻ ഉത്തരവിടണമെന്നും കേരളം ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗവർണറുടെ നടപടി ഫെഡറൽ തത്ത്വങ്ങൾക്ക് എതിരാണ്. കേന്ദ്ര സംസ്ഥാന ബന്ധവുമായി ബന്ധപ്പെട്ട വിഷയത്തിൽ വരുന്ന ഒരു ബില്ലും ഇല്ലെന്നും കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്റ്റാന്‍ഡിങ് കോൺസൽ സി.കെ. ശശിയാണ് കേരളത്തിന്റെ ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.

ചീഫ് സെക്രട്ടറിയും ടി.പി. രാമകൃഷണന്‍ എം.എല്‍.എയുമാണ് ഹര്‍ജിക്കാര്‍. രാഷ്ട്രപതിയുടെ പ്രൈവറ്റ് സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഗവര്‍ണര്‍, ഗവര്‍ണറുടെ ഓഫീസിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരാണ് കേരളം ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയിലെ എതിര്‍ കക്ഷികള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button