ന്യൂഡല്‍ഹി: കേന്ദ്ര അവഗണനയ്ക്കെതിരേ കേരളം ഡൽഹിയിൽ വ്യാഴാഴ്ച സമരമുഖം തുറക്കും. സംസ്ഥാനമന്ത്രിസഭാംഗങ്ങളും എം.എല്‍.എ.മാരും എം.പി.മാരും അണിനിരക്കുന്ന പ്രക്ഷോഭം ജന്തർമന്തറിലാണ്. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് സമരം. കേരളഹൗസില്‍നിന്ന് എല്ലാവരും പ്രകടനമായി സമരവേദിയിലെത്തും.
കോണ്‍ഗ്രസ് ഒഴികെ, രാജ്യത്തെ പ്രധാന ദേശീയപാര്‍ട്ടികളുടെ മുഖ്യമന്ത്രിമാരടക്കമുള്ള നേതാക്കള്‍ സമരത്തിന് പിന്തുണയര്‍പ്പിക്കാനെത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ക്ഷണിച്ചെങ്കിലും അദ്ദേഹം പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദമാകാം കാരണമെന്ന്, ബുധനാഴ്ച കേരളാ ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ സമരരീതിയിലേക്ക് വന്ന കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോട് നന്ദിയുണ്ട്. കേരളത്തോടുള്ള കേന്ദ്രമനോഭാവം മനസ്സിലാക്കുന്നെന്ന് കര്‍ണാടക പറഞ്ഞത്, കേരളത്തിലെ കോണ്‍ഗ്രസിനുള്ള മറുപടിയാണ്. കേരളത്തിന്റെ അതിജീവനത്തിന് അനിവാര്യമായതിനാലാണ് ചരിത്രത്തില്‍ അധികം കീഴ്‌വഴക്കമില്ലാത്ത ഈ പ്രക്ഷോഭമാര്‍ഗം തിരഞ്ഞെടുത്തത്.
ഒരാളെയും തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയല്ല, സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാനുള്ള പ്രക്ഷോഭമാണിത്. തോറ്റ് പിന്‍മാറുന്നതിനുപകരം അര്‍ഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യം. സമരത്തിന് പിന്തുണയുമായി രാജ്യമാകെ കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതിനെ കക്ഷിരാഷ്ട്രീയനിറം നല്‍കി കാണാന്‍ ശ്രമിക്കരുത്. ചില കേന്ദ്ര നടപടികളിലൂടെ സഹകരണ ഫെഡറലിസത്തിന്റെ അന്തസ്സത്ത ചോര്‍ന്നുപോയി. രാജ്യത്ത് ബി.ജെ.പി. നേരിട്ടോ ബി.ജെ.പി. പങ്കാളിത്തത്തോടെയോ ഭരിക്കുന്ന 17 സംസ്ഥാനങ്ങളില്‍ ലാളനയും അവരുടെ ഭരണമില്ലാത്തയിടങ്ങളിൽ പീഡനവുമെന്നതാണ് സമീപനം.
സംസ്ഥാന നികുതിയുടെ നിശ്ചിതവിഹിതം നല്‍കുന്ന സ്ഥാപനങ്ങളില്‍ നിന്നെടുക്കുന്ന വായ്പകള്‍ സംസ്ഥാനസര്‍ക്കാരിന്റെ വായ്പയായി കണക്കാക്കുമെന്നും തത്തുല്യമായ തുക സംസ്ഥാനത്തിന്റെ കമ്പോള വായ്പാപരിധിയില്‍നിന്ന് വെട്ടിക്കുറയ്ക്കുമെന്നുമുള്ള നിബന്ധന ഭരണഘടനാതത്ത്വങ്ങളുടെ നഗ്നമായ ലംഘനമാണ്.
കിഫ്ബി, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍, കമ്പനിയുടെ വായ്പ എന്നിവയുടെയെല്ലാം പേരില്‍ വായ്പപരിധി വെട്ടിക്കുറച്ചു. നടപ്പുവര്‍ഷം 7000 കോടിയുടെ വെട്ടിക്കുറയ്ക്കലുണ്ടായി. വെട്ടിച്ചുരുക്കലുകള്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുന്നു. സംസ്ഥാന കടമെടുപ്പ് പരിധി നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിനില്ല -മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ഉയര്‍ത്തിയ മറ്റ് പ്രധാന ആരോപണങ്ങള്‍:
1. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സംസ്ഥാനത്തിന് കൈമാറാതെ സ്വകാര്യമേഖലയ്ക്ക് തീറെഴുതി.
2. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് വിദേശ വിമാനകമ്പനികള്‍ക്ക് സര്‍വീസിനുള്ള പോയിന്റ് ഓഫ് കോള്‍ അംഗീകാരം തരുന്നില്ല.
3. കോഴിക്കോട് വിമാനത്താവളത്തില്‍ ഭൂമിയേറ്റെടുത്തിട്ടും നിര്‍മാണത്തിനാവശ്യമായ ടെന്‍ഡര്‍ വിളിക്കുന്നതില്‍ കാലതാമസം.
4. പുതിയ ട്രെയിനുകള്‍, പാതകള്‍, പാതയിരട്ടിപ്പിക്കല്‍, നിലവിലെ പാതകളുടെ നവീകരണം, റെയില്‍വേസ്റ്റേഷനുകളുടെ ആധുനികവത്കരണം എന്നിവയില്‍ അവഗണന.
5. സെമി ഹൈസ്പീഡ് റെയില്‍ ഇടനാഴിയായ സില്‍വര്‍ലൈൻ പദ്ധതികളെ രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ കേരളത്തോട് വിവേചനം.
6. ഒരു കോടിയോളം രൂപ കേരളസര്‍ക്കാര്‍ മുടക്കുന്ന സംസ്ഥാന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് വെറും 5 ലക്ഷംമാത്രം മുടക്കുന്ന കേന്ദ്രം 3000 രൂപ നല്‍കി ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്ന് പേരിടാന്‍ നിര്‍ബന്ധിക്കുന്നു.
7. റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു സഹായവുമില്ല.