ഇ- സിം തട്ടിപ്പ് വ്യാപകമാകുന്നു; മുന്നറിയിപ്പുമായി കേരളാ പോലീസ്

തിരുവനന്തപുരം: രാജ്യത്ത് ഇ സിം വഴി തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പുമായി കേരളാ പോലീസ്. അടുത്തിടെ ഇത്തരത്തില്‍ ഹൈദരാബാദ് സ്വദേശികളായ നാലുപേര്‍ക്ക് 21 ലക്ഷം രൂപ നഷ്ടമായതായും പോലീസ് വ്യക്തമാക്കുന്നു. ഉപഭോക്താവിന്റെ അറിവില്ലായ്മ മുതലെടുത്താണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത്. ഇ സിം തയാറാക്കി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ശേഷം പണം തട്ടുക എന്നതാണ് തട്ടിപ്പിന്റെ രീതി.

ഇതിനായി തട്ടിപ്പുകാര്‍ ആദ്യം ചെയ്യുന്നത് സിം കാര്‍ഡ് 24 മണിക്കൂറിനുള്ളില്‍ ബ്ലോക്ക് ആകുമെന്നോ കെ വൈ സി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നോ മെസേജ് ചെയ്യുകയാണ്. പിന്നാലെ ടെലികോം കമ്പനിയില്‍ നിന്ന് കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് ആണെന്ന് പറഞ്ഞ് ഉപഭോക്താക്കള്‍ക്ക് ഫോണ്‍ കോള്‍ എത്തും. തുടര്‍ന്ന് വരുന്ന മെസേജിലെ ഫോം പൂരിപ്പിച്ച് നല്‍കാനാകും ആവശ്യപ്പെടും. കസ്റ്റമര്‍ കെയര്‍ കമ്പനിയുടേതിന് സമാനമായ ഫോണ്‍ നമ്പരുകളായിരിക്കും ഇവര്‍ തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കുക.

മൊബൈല്‍ ഫോണ്‍ നമ്പരുമായി ബന്ധിപ്പിച്ചിട്ടുള്ള ഇ -മെയില്‍ ഐഡി ലഭിക്കുന്നതോടെ തട്ടിപ്പുകാര്‍ അയച്ചുനല്‍കുന്ന മെയില്‍ ഇ -സിം റിക്വസ്റ്റ് നല്‍കുന്നതിനായി സര്‍വീസ് പ്രൊവൈഡറിന് ഫോര്‍വേര്‍ഡ് ചെയ്യാന്‍ ആവശ്യപ്പെടും. ഇത്തരത്തില്‍ മെയില്‍ ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിലുള്ള സിം ബ്ലോക്ക് ആവുകയും ഇ-സിം ആക്ടിവേറ്റ് ആവുകയും ചെയ്യും. ഇ- സിം ആക്ടിവേറ്റ് ചെയ്യുന്നതിനുള്ള ക്യുആര്‍ കോഡ് ലഭിക്കുക തട്ടിപ്പുകാര്‍ക്കായിരിക്കും. ഇങ്ങനെ ഇ-സിം ഡിജിറ്റല്‍ വാലറ്റുകളുമായി ബന്ധിപ്പിച്ച് നിങ്ങളുടെ പണം കൈക്കലാക്കാനാണ് തട്ടിപ്പുകാര്‍ ശ്രമിക്കുന്നതെന്നും കേരള പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News