തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമപ്രകാരം പുതുക്കിയ പിഴ തുക സംസ്ഥാനം വെട്ടിക്കുറച്ചേക്കും. ഗതാഗത നിയമലംഘനത്തിനുള്ള പിഴത്തുക 40 മുതല്‍ 50 ശതമാനം വരെ കുറയ്ക്കാനാണു സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടായേക്കും. പ്രഖ്യാപനം അംഗീകരിച്ചാല്‍ ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കും സീറ്റ് ബെല്‍റ്റ് ഇടാത്തവര്‍ക്കുമുള്ള പിഴ അഞ്ഞൂറായി കുറയും. ഹെല്‍മറ്റില്ലാത്തതിനും സീറ്റ് ബെല്‍റ്റിടാത്തതിനും നിലവില്‍ ആയിരം രൂപയാണു പിഴ. ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നതിനുള്ള പിഴ മൂവായിരമാകും. ഓവര്‍ ലോഡിന്റെ പിഴ ഇരുപതിനായിരത്തില്‍നിന്നു പതിനായിരമായി ചുരുക്കിയേക്കും. എയര്‍ഹോണ്‍ മുഴക്കുന്നതിനുള്ള പതിനായിരം രൂപ പിഴ അയ്യായിരമാക്കാനാണ് ആലോചന.
എന്നാല്‍ മദ്യപിച്ച് വാഹനം ഓടിക്കല്‍, അപകടകരമായ ഡ്രൈവിംഗ് എന്നിവയുടെ പിഴത്തുകയില്‍ വ്യത്യാസം വരില്ലെന്നാണ് വിവരം. അപകട ഡ്രൈവിംഗിന് മൂവായിരവും മദ്യപിച്ച് വാഹനം ഓടിക്കുന്നതിനു പതിനായിരവുമാണു പിഴ. ഇന്‍ഷ്വറന്‍സില്ലെങ്കിലുള്ള പിഴ രണ്ടായിരമായി തന്നെ നിലനിര്‍ത്തും. പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നു. പിഴത്തുക കുറയ്ക്കുന്നതിനായി സംസ്ഥാനം പുതിയ വിജ്ഞാപനം ഇറക്കണം. ഇതിന്റെ കരട് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം കൂടി അറിഞ്ഞശേഷം മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കും.