ലോക്ക് ഡൗണില്‍ ഭാഗ്യദേവതയുടെ കടാക്ഷം; കൂലിപ്പണിക്കാരായ അശോകനും ഷാജിയും ഇനി ലക്ഷപ്രഭുക്കള്‍

തൃശൂര്‍: ലോക്ക് ഡൗണില്‍ ജോലി നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടി നിന്നവര്‍ക്ക് ഭാഗ്യദേവതയുടെ കടാക്ഷം. ഞായറാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയിലൂടെയാണ് തൃശ്ശൂരിലെ തൃപ്പറ്റ് സ്വദേശികളായ ഷാജിയേയും ആശോകനേയും തേടി ഭാഗ്യമെത്തിയത്. കാരുണ്യയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹത നേടിയ പി.എ 557396 എന്ന ടിക്കറ്റാണ് ഇവരെ തുണച്ചത്.

അശോകന്‍ കൂലിപ്പണിക്കാരനും ഷാജി തൃപ്പറ്റ് സെന്ററിലെ ചായക്കടയില്‍ ജോലിക്കാരനുമാണ്. ലോക്ക്ഡൗണിന് പിന്നാലെ ജോലി നഷ്ടമായതോടെ എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോഴാണ് ഇരുവരേയും തേടി ഭാഗ്യം എത്തിയത്. രണ്ട് പേരും ചേര്‍ന്നാണ് ടിക്കറ്റെടുത്തത്.

എല്ലാവരേയും പോലെ ലോട്ടറി എടുത്തപ്പോള്‍ തനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും ഒന്നാം സമ്മാനം തന്നെ സ്വന്തമാക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷം തോന്നുന്നുവെന്നും അശോകന്‍ പറഞ്ഞു. വല്ലപ്പോഴും ലോട്ടറി എടുക്കാറുള്ളവരാണ് ഇരുവരും. ഏതാനും മാസം മുമ്പാണ് ഷാജിയുമായി ലോട്ടറി എടുക്കാന്‍ തുടങ്ങിയതെന്നും അശോകന്‍ പറയുന്നു.

ഒന്നാം സമ്മാനം മാത്രമല്ല ഇതേ നമ്പറിലെ സമാശ്വാസ സമ്മാനവും ഇവര്‍ക്ക് തന്നെയാണ് ലഭിച്ചത്. ആല്‍ത്തറ ചൊവ്വല്ലൂര്‍ ലക്കി പോയിന്റില്‍ നിന്നുള്ള ടിക്കറ്റ് തൃപ്പറ്റ് പൊറ്റയില്‍ ശശിയാണ് ഇവര്‍ക്ക് വിറ്റത്. കടങ്ങള്‍ തീര്‍ത്ത് പുതിയ വീട് വയ്ക്കണമെന്നാണ് ഇരുവരുടെയും ആഗ്രഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News