തിരുവനന്തപുരം:മൂന്നാംഘട്ട ലോക്ഡൗണിലേക്ക് കടക്കുന്ന സംസ്ഥാനത്ത് ഇന്നു മുതല്‍ ഹോട്ട് സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണങ്ങളും അല്ലാത്തയിടങ്ങളില്‍ ഇളവുകളും ഉണ്ടാകും. പൊതുഗതാഗതം എവിടെയുമുണ്ടാകില്ല. ഹോട്ട്‌സ്‌പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും. ജില്ലകള്‍ക്ക് പുറത്തേക്കുള്ള യാത്രയ്ക്ക് പ്രത്യേക അനുമതി വേണം. കേന്ദ്രം അനുവദിച്ച നിരവധി ഇളവുകള്‍ സംസ്ഥാനം തല്‍ക്കാലം വേണ്ടെന്ന് വയ്ക്കുകയാണ്. ബവ്‌റിജസ് ഉള്‍പ്പടെ തുറക്കേണ്ട എന്നാണ് തീരുമാനം.
നാലുചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാം. ജില്ലകളില്‍ നിന്നും ജില്ലകളിലേക്കും യാത്രയാകാം. ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ക്കാണ് അനുമതി. അത്യാവശ്യഘട്ടത്തില്‍ ഹോട്ട്‌സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ രണ്ടുപേര്‍ക്ക് യാത്രയാകാം.
ഗ്രീന്‍ സോണില്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴര വരെ കടകള്‍ തുറക്കാം. ഓറഞ്ചില്‍ നിലവിലെ സ്ഥിതി തുടരും. ഹോട്ട്‌സ്‌പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടലുകളില്‍ പാഴ്‌സല്‍ അനുവദിക്കും. ഒന്നിലധികം നിലകളില്ലാത്ത ടെക്‌സ്റ്റൈല്‍ ഷോറുമൂകള്‍ ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ തുറക്കാം.
ബാങ്കുകള്‍ ഇന്ന് മുതല്‍ പഴയ സമയക്രമത്തിലേക്ക്. സോണ്‍ വ്യത്യാസമില്ലാതെ എല്ലായിടത്തും രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെയാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രം ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിര്‍ദ്ദേശം അനുസരിച്ചാകും ബാങ്കുകളുടെ പ്രവര്‍ത്തനം.
മൂന്നു ജില്ലകള്‍ ഗ്രീന്‍ സോണില്‍
ആഴ്ചകളായി ലോക്ക് ഡൗണിലായിരുന്ന മധ്യകേരളത്തിലെ മൂന്നു ജില്ലകള്‍ ഇന്ന് കൂടുതല്‍ സജീവമാകും. മൂന്നു ജില്ലകളും ഗ്രീന്‍ സോണിലായതോടെയാണ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുന്നത്. എറണാകുളം ജില്ലയിലെ എടക്കാട്ടു വയല്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചതിനാല്‍ ഇവിടെ നിയന്ത്രണങ്ങള്‍ തുടരും.
മധ്യ കേരളത്തിലെ എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലകളാണ് ഗ്രീന്‍ സോണിലായത്. ഇവിടങ്ങളില്‍ കൂടുതല്‍ കടകള്‍ ഇന്നു മുതല്‍ തുറക്കും. കടകളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴര വരെയാകാം. ഒറ്റനിലയുള്ള തുണിക്കടകള്‍, ആശുപത്രികളുടെ ഒപി വിഭാഗം, ക്ലിനിക്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനം വീണ്ടും തുടങ്ങും. കൊറിയര്‍, തപാല്‍, ബാങ്കുകള്‍ എന്നിവയും തുറക്കും. സാമൂഹിക അകലം പാലിച്ച് പ്രഭാത സവാരി നടത്താം. നിബന്ധനകളോടെ ടാക്‌സി സര്‍വീസും തുടങ്ങും. ഓണ്‍ ലൈന്‍ ടാക്‌സികളും ഓടും.
സേവന മേഖലയിലെ സ്ഥാപനങ്ങള്‍ പകുതി ജീവനക്കാരെ വച്ച് ആഴ്ചയില്‍ മൂന്നു ദിവസം പ്രവര്‍ത്തിക്കും. എന്നാല്‍ പൊതു ഗതാഗതം ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ടു പേരെ മാത്രമേ അനുവദിക്കൂ.
തിയേറ്റര്‍, ആരാധനാലയങ്ങള്‍, മാളുകള്‍, ബ്യൂട്ടി പാലര്‍ലറുകള്‍, ജിംനേഷ്യം എന്നിവ അടഞ്ഞുതന്നെ കിടക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കില്ല. വിവാഹം, മരണാനന്തര ചടങ്ങ് എന്നിവക്ക് ഇരുപത് പേരില്‍ കൂടുതല്‍ അനുവദിക്കില്ല. കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച റെയില്‍വേ ഉദ്യോഗസ്ഥന്റെ പ്രൈമറി കോണടാക്ടുകള്‍ ഉള്ളതിനാലാണ് എടക്കാട്ടു വയല്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡ് ഹോട്ട് സ്‌പോട്ടായത്.
കൊവിഡ് രോഗബാധിതനായി പാലക്കാട് ചികിത്സയില്‍ കഴിയുന്ന വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന 87 പേര്‍ മഞ്ഞള്ളൂരിലെ പഞ്ചായത്തിലുണ്ട്. ഇതില്‍ പ്രൈമറി കോണ്‍ടാക്ടുകളായ 15 പേരുടെ സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇതേത്തുടര്‍ന്ന് 87 പേരെയും ക്വാറന്റീനില്‍ നിന്നും ഒഴിവാക്കി. ഇതിനാലാണ് മഞ്ഞള്ളൂരിനെ ഹോട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്.
കൊച്ചി കോര്‍പ്പറേഷനിലെ കലൂര്‍ സൗത്ത് ഡിവിഷന്‍ സ്വദേശിയും കൊവിഡ് രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ഇദ്ദേഹത്തിന്റെ കോണ്‍ടാക്ടുകളെയും ക്വാറന്റീനില്‍ നിന്നും ഒഴിവാക്കി. ഇതേ തുടര്‍ന്ന് കലൂര്‍ സൗത്തിനെയും ഹോട്ട് സ്‌പോട്ടില്‍ നിന്നും മാറ്റിയത്.
കോട്ടയം റെഡ് സോണില്‍,ഇളവുകള്‍ ഇങ്ങനെ
റെഡ് സോണില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ ഒഴികെ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സംസ്ഥാന പൊതുഭരണ വകുപ്പിന്റെയും ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
നഗര മേഖലകളില്‍ അനുമതിയുള്ള പ്രവര്‍ത്തനങ്ങള്‍: വ്യവസായ പാര്‍ക്കുകള്‍, കയറ്റുമതി അധിഷ്ഠിത യൂണിറ്റുകള്‍, അവശ്യ സാധനങ്ങളുടെ നിര്‍മാണ കേന്ദ്രങ്ങള്‍ (മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട അസംസ്‌കൃത വസ്തുക്കള്‍, ഐടി ഹാര്‍ഡ് വെയര്‍, പാക്കിംഗ് സാമഗ്രികള്‍ എന്നിവയുടേത് ഉള്‍പ്പെടെ), നിര്‍മ്മാണ സ്ഥലത്തു താമസിക്കുന്ന ജോലിക്കാരെ മാത്രം നിയോഗിച്ച് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, മാര്‍ക്കറ്റുകളിലെ അവശ്യ വസ്തു വില്‍പ്പന കേന്ദ്രങ്ങള്‍, ഒറ്റപ്പെട്ട കടകള്‍, റസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളിലെ വ്യാപാര സ്ഥാപനങ്ങള്‍(ഇതിന് അവശ്യ വസ്തു, അവശ്യവസ്തു അല്ലാത്തത് എന്ന വേര്‍തിരിവില്ല)
ഗ്രാമ പ്രദേശങ്ങളില്‍ കൂടുതലായി അനുമതിയുള്ള പ്രവര്‍ത്തനങ്ങള്‍: എല്ലാ വ്യവസായ സ്ഥാപനങ്ങളും മാളുകള്‍ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും എല്ലാ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാം.
അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി വ്യക്തികളും വാഹനങ്ങളും സഞ്ചരിക്കുന്നതിന് അനുമതിയുണ്ട്. നാലു ചക്ര വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ രണ്ടു പേര്‍ക്ക് സഞ്ചരിക്കാം. ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ക്കു മാത്രമേ സഞ്ചരിക്കാന്‍ അനുമതിയുള്ളൂ.
അവശ്യവസ്തു വിതരണവുമായി ബന്ധപ്പെട്ട ഇ- കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. സ്വകാര്യ ഓഫീസുകള്‍ക്ക് പരമാവധി 33 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം. അവശ്യ സേവനത്തിനായി നിലവില്‍ പ്രവര്‍ത്തിക്കുന്നവയ്ക്കു പുറമെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളും 33 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം. ബാങ്കുകള്‍, എ.ടി.എമ്മുകള്‍, ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഐ.ടി സേവനദാതാക്കള്‍, എ.ടി.എം ഓപ്പറേഷന്‍ ആന്റ് കാഷ് മാനേജ്‌മെന്റ് ഏജന്‍സികള്‍ എന്നിവയ്ക്ക് അവശ്യം വേണ്ട ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.
തുടരുന്ന നിരോധനങ്ങള്‍: ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍, ജില്ലാ-അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, സ്പാകള്‍, സലൂണുകള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന സ്ഥാപനങ്ങള്‍, സിനിമാ ശാലകള്‍, ഷോപ്പിംഗ് മാളുകള്‍, ജിംനേഷ്യങ്ങള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, നീന്തല്‍കുളങ്ങള്‍, പാര്‍ക്കുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയ്ക്കുള്ള നിരോധനം ഗ്രാമ-നഗര വ്യത്യാസമില്ലാതെ സാമൂഹിക, രാഷ്ട്രീയ, കായിക വിനോദ, വിദ്യാഭ്യാസ, സാംസ്‌കാരിക, സാമുദായിക കൂടിച്ചേരലുകള്‍, ആരാധനാലയങ്ങളിലും മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്ഥലങ്ങളിലും പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം.
കൊല്ലത്ത് മത്സ്യബന്ധനമേഖലയില്‍ ഇളവുകള്‍
ഓറഞ്ച് സോണില്‍ ഉള്ള കൊല്ലത്ത് മത്സ്യബന്ധന മേഖലയില്‍ ഇന്ന് കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ബോട്ടുകള്‍ക്ക് ഒറ്റയക്ക – ഇരട്ടയക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടലില്‍ പോകുന്ന ബോട്ടുകള്‍ 24 മണിക്കൂറിനുള്ളില്‍ തിരിച്ചു വരണം. ജില്ലയില്‍ കശുവണ്ടി ഫാക്ടറികളും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.