32.8 C
Kottayam
Friday, April 26, 2024

കേരളം ക്രിക്കറ്റ് ആവേശത്തില്‍,രോഹിത്ത് ശര്‍മ്മയും സംഘവും തിരുവനന്തപുരത്ത്,കളി നാളെ

Must read

തിരുവനന്തപുരം: കേരളം വീണ്ടും ക്രിക്കറ്റ് ലഹരിയിലേക്ക്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി 20 മത്സരത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ആവേശത്തിന് തിരികൊളുത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം തലസ്ഥാനത്ത് വിമാനമിറങ്ങി. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികളും ആരാധകരും ചേർന്ന് ടീമിന് വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പു നൽകി.

ഹൈദരാബാദിൽ നിന്നുള്ള വിമാനത്തിൽ വൈകിട്ട് 4.30നാണ് ഇന്ത്യൻ ടീം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലെ തകർപ്പൻ വിജയവും പരമ്പര നേട്ടവും സമ്മാനിച്ച ആവേശത്തിലാണ് രോഹിത് ശർമ നയിക്കുന്ന ടീം തിരുവനന്തപുരത്ത് എത്തിയത്. കോവളം റാവിസ് ഹോട്ടലിലാണ് ഇന്ത്യൻ ടീമിന്റെ താമസം.

കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ 28നാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി20 മത്സരം. ദക്ഷിണാഫ്രിക്കൻ ടീം ഇന്നലെ പുലർച്ചെ തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കൻ ടീമിനെ വരവേറ്റു. തുടർന്നു ടീമംഗങ്ങൾ കോവളം റാവിസ് ഹോട്ടലിലേക്കു പോയി.

ടീം ഇന്ത്യ 27ന് വൈകിട്ട് അഞ്ചു മുതൽ എട്ടു വരെ പരിശീലനത്തിനിറങ്ങും. 27ന് ഉച്ചയ്ക്ക് ഒന്നു മുതൽ നാലു വരെ ദക്ഷിണാഫ്രിക്കൻ സംഘം ഗ്രീൻഫീൽഡിൽ പരിശീലനം നടത്തും. 27ന് ഉച്ചയ്ക്ക് 12.30ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനും വൈകിട്ട് 4.30ന് ഇന്ത്യൻ ക്യാപ്റ്റനും പ്രീ മാച്ച് പ്രസ് മീറ്റിന്റെ ഭാഗമായി മാധ്യമങ്ങളെ കാണും.

മത്സരത്തിന്റെ 2000 ടിക്കറ്റുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. www.paytminsider.in വഴിയാണ് ടിക്കറ്റ് വിൽപ്പന. 1500 രൂപയാണ് അപ്പർ ടിയർ ടിക്കറ്റ് നിരക്ക്. പവിലിയന് 2750 രൂപയും കെസിഎ ഗ്രാൻഡ് സ്റ്റാൻഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്. സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിന് ടിക്കറ്റിനൊപ്പം ഫോട്ടോ ഐഡി കൂടി കാണിക്കണം.

ഒരു ഇമെയിൽ ഐഡിയിൽ നിന്നും ഒരാൾക്ക് 3 ടിക്കറ്റുകൾ എടുക്കാവുന്നതാണ്. ഇങ്ങനെ എടുക്കുന്ന മൂന്ന് ടിക്കറ്റിലും ടിക്കറ്റ് എടുത്ത ആളുടെ പേര് രേഖപ്പെടുത്തിയിരിക്കും. ഈ ടിക്കറ്റിനൊപ്പം സ്വന്തം ഫോട്ടോ ഐഡി കാണിച്ച് മറ്റുള്ളവർക്കും സ്റ്റേഡിയത്തിൽ പ്രവേശിക്കാവുന്നതാണ്. ടിക്കറ്റുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് [email protected] എന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ വഴിയും ആവശ്യക്കാർക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week