സ്ത്രീശാക്തീകരണം: അന്തസ്സോടെ അംഗീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സ്ത്രീശാക്തീകരണം എന്നതിനർഥം അവരെ വിശുദ്ധരാക്കണമെന്നല്ല, മറിച്ച് അവരുടെ വ്യക്തിത്വം, അഭിലാഷങ്ങൾ, നേട്ടങ്ങൾ എന്നിവയെ അന്തസ്സോടെ അംഗീകരിക്കുക എന്നതാണെന്ന് ഹൈക്കോടതി. സ്ത്രീയോടുള്ള അധിക്ഷേപത്തെ അംഗീകരിക്കുന്ന സമൂഹം പ്രകടമാക്കുന്നത് അനീതിയല്ലാതെ മറ്റൊന്നുമല്ലെന്നും ജസ്റ്റിസ് സി.എസ്. ഡയസ് പറഞ്ഞു.

സാമ്പത്തികനേട്ടത്തിനുവേണ്ടി അശ്ലീലരംഗങ്ങളിൽ അഭിനയിച്ചെന്നാരോപിച്ച് നടിയും ‘അമ്മ’യുടെ പ്രസിഡന്റുമായ ശ്വേത മേനോനെതിരേ പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.

പൊതുസമൂഹം അംഗീകരിക്കുന്ന സ്ത്രീയെ യുക്തിയുടെയുംമറ്റും അടിസ്ഥാനത്തിൽ പരാജയപ്പെടുത്തുക ക്ലേശകരമാവുമ്പോൾ സാമൂഹികമായി അധിക്ഷേപിക്കുക എന്നതാകും പിന്നത്തെ മാർഗം. ഒരു സ്ത്രീയുടെ നേട്ടത്തെക്കാളുപരി അവരുടെ പ്രതിച്ഛായയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ബൗദ്ധികമായ ദാരിദ്ര്യത്തെയാണ് വെളിപ്പെടുത്തുന്നത്. പുരോഗമനസമൂഹം ഒരാളെ വിലയിരുത്തുന്നത് അയാളുടെ പ്രവൃത്തിയുടെയും സംഭാവനയുടെയും അടിസ്ഥാനത്തിലാണ്. പിന്തിരിപ്പൻ സമൂഹം അപവാദം, സ്വഭാവഹത്യ, സദാചാര പോലീസിങ് തുടങ്ങിയ മാർഗങ്ങളാണ് സ്വീകരിക്കുക -കോടതി പറഞ്ഞു.

തോപ്പുംപടി സ്വദേശിയുടെ പരാതിയിലാണ് ശ്വേത മേനോനെതിരേ സി.ജെ.എം. കോടതി നിർദേശപ്രകാരം കേസെടുത്തത്.

അമ്മ (AMMA) സംഘടനയുടെ പ്രസിഡന്റ് കൂടിയായ ശ്വേത മേനോനെതിരെയുള്ള സൈബർ അധിക്ഷേപങ്ങളും മറ്റ് കേസുകളും നേരത്തെയും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നിലപാടാണ് കോടതി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

English Summary: The Kerala High Court has observed that women’s empowerment does not mean treating them as saints, but rather respecting their individuality, ambitions, and achievements with dignity. Justice C.S. Dias made these remarks while considering a case involving actress and ‘AMMA’ President Shweta Menon, who faced allegations of acting in explicit scenes for financial gain. The court stated that a society that condones the insult of a woman demonstrates nothing but injustice. The court emphasized that a woman’s professional choices should not be a ground for character assassination.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News