ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാം ഊഴം വിഫലമാകുമെന്ന് ജി സുധാകരൻ. പിണറായി വിജയൻ അധികാരത്തിലെത്തിയാൽ തനിക്ക് സന്തോഷമേ ഉള്ളൂ എന്ന നിലപാട് തിരുത്തിക്കൊണ്ടാണ് ജി സുധാകരൻ ഇപ്പോൾ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. സിപിഎം നേതൃത്വം പരാജയപ്പെട്ടുവെന്നും യുഡിഎഫ് വിജയിച്ചുവെന്നും പോസ്റ്റിൽ പറയുന്നുണ്ട്. അമ്പലപ്പുഴയിൽ മത്സരിക്കുന്നതിൽ ഉള്ള യുഡിഎഫിൻ്റെ പിന്തുണ അംഗീകരിച്ചുകൊണ്ട് ജി സുധാകരൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസ് പിന്തുണ ചരിത്രത്തിലെ രജതരേഖയായി സ്ഥാനം പിടിക്കുമെന്നും മണ്ഡലത്തിൽ തനിക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകരോട് നന്ദി അറിയിക്കുന്നതായും ഫോസ്ബുക്ക് കുറിപ്പിൽ പറയുന്നു. എൽഡിഎഫ് നേതൃത്വം നിരന്തരം തനിക്കെതിരെ അപവാദ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പിണറായി വിജയൻ മൂന്നാമതും അധികാരത്തിലെത്തിയാൾ തനിക്ക് സന്തോഷം മാത്രമേ ഉള്ളുവെന്നും ആലപ്പുഴയിലെ ചില നേതാക്കളോട് മാത്രമേ എതിർപ്പുള്ളൂ എന്നും കഴിഞ്ഞ ദിവസം സുധാകരൻ പറഞ്ഞിരുന്നു. ഈ നിലപാട് തിരുത്തിക്കൊണ്ടാണ് ഇപ്പോൾ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
ആറു പതിറ്റാണ്ടിലേറെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം അണിയായും നേതൃത്വ ഭാഗമായും പ്രവർത്തിച്ച എനിക്ക് നിർഭയമായും സത്യസന്ധമായും രാഷ്ട്രീയ പ്രവർത്തനം തുടരാനാകാത്ത സാഹചര്യമാണ് വർഷങ്ങളായി അനുഭവപ്പെടുന്നത്.
അഴിമതിക്കാർക്കും ക്രിമിനൽ- മാഫിയാ രാഷ്ട്രീയം കൈയാ ളുന്നവർക്കുമെതിരെയുള്ള നിലപാടിൻ്റെ ഭാഗമായാണ് അമ്പലപ്പുഴ അസംബ്ലി മണ്ഡലത്തിൽ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനമെടുത്തത്.
അമ്പലപ്പുഴയുടെയും ജില്ലയുടെയും കേരളത്തിന്റെയും വികസന മുന്നേറ്റമാണ് ഈ നിലപാടിന്റെ ലക്ഷ്യം. അവസരം കിട്ടിയപ്പോൾ എല്ലാം വികസനം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. അതിൽ വിജയിച്ചതായിട്ടാണ് നാട്ടുകാർ പറയുന്നത്.
എന്നെ നേരിടുന്ന എൽഡിഎഫിന്റെ നേതൃത്വം നിരന്തരമായി സത്യവിരുദ്ധമായ പ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളെ ബന്ധപ്പെടുമ്പോൾ ഈ കുപ്രചരണങ്ങൾ ഒന്നും അവരെ ബാധിച്ചിട്ടില്ല എന്ന പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്.
മണ്ഡലമൊട്ടാകെ രാഷ്ട്രീയ വ്യത്യാസമില്ലാതെ ജാതിമത പരിഗണനകൾ മാറ്റിവെച്ച് നല്ലവരായ അമ്പലപ്പുഴക്കാർ എനിക്കുവേണ്ടി പ്രവർത്തിക്കുന്നതായി കാണുന്നു. എനിക്കുവേണ്ടി അവർ സംസാരിച്ചു കൊണ്ടിരിക്കുന്നു. നിസ്വാർത്ഥമായ പ്രവർത്തനമാണ് അവർ നടത്തുന്നത്. ഇക്കൂട്ടത്തിൽ ഇന്നത്തെ യുഡിഎഫിൽ പെട്ട നൂറുകണക്കിന് പ്രവർത്തകർ ആത്മാർത്ഥമായി പ്രവർത്തിക്കുന്നതായി കാണുന്നു. വിജയിക്കും വരെയും അവർ കൂടെ ഉണ്ടാകുമെന്ന് എന്നോട് വ്യക്തിപരമായി പോലും ഉറപ്പു തരുന്നു.
ഇന്ത്യൻനാഷണൽ കോൺഗ്രസിന്റെ പ്രവർത്തകർ മണ്ഡലത്തിൽ ശക്തമായും ആത്മാർത്ഥമായും എനിക്കുവേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്നു. അവരോടെല്ലാം ഉള്ള എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഇടതുപക്ഷത്തിൽ പൊതുവേയും സിപിഎമ്മിൽ പ്രത്യേകിച്ചും നിരവധി പാർട്ടി അംഗങ്ങളും പതിനായിരക്കണക്കിന് വോട്ടർമാരും എന്നെ വിജയിപ്പിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് നിൽപ്പുണ്ട്.
ഇത് ഭീഷണി രാഷ്ട്രീയത്തിനും കുപ്രചരണങ്ങൾക്കും തേജോ വധങ്ങൾക്കും എതിരായി സത്യ രാഷ്ട്രീയത്തിന്റെ സൂര്യപ്രഭ തെളിയിക്കാനുള്ള ചരിത്രപരമായ ഒരു പോരാട്ടമാണ്. ഇത് കേരള രാഷ്ട്രീയ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും. പിന്തുണയ്ക്കുന്ന എല്ലാ സുമനസ്സുകൾക്കും നന്ദി. വിജയിക്കുന്നവരെ ഈ പിന്തുണ തുടരാൻ അഭ്യർത്ഥിക്കുന്നു. ഇതിന്റെ നന്ദി എക്കാലവും ഉണ്ടാവും.
നിർണായകമായ ഈ ചരിത്ര ഘട്ടത്തിൽ അപമാനിക്കാനും അസഭ്യം പറയാനും കുപ്രചരണം നടത്താനും എൽഡിഎഫ് നേതൃത്വം പരസ്യമായി രംഗത്ത് വന്നപ്പോൾ ആശ്വാസത്തിന് വചനങ്ങളുമായി പിന്തുണ പ്രവർത്തനങ്ങളുമായി രംഗത്ത് നിൽക്കുന്ന കോൺഗ്രസ് നയിക്കുന്ന യുഡിഎഫിന്റെ ബുദ്ധിപൂർവ്വമായ നിലപാട് ചരിത്രത്തിൽ ഒരു രജതരേഖയായി സ്ഥാനം പിടിക്കും.
സിപിഎം നേതൃത്വം രാഷ്ട്രീയമായി പരാജയപെട്ടപ്പോൾ പ്രതിപക്ഷ നേതൃത്വങ്ങൾ പൊതുവേയും കോൺഗ്രസ് നേതൃത്വം പ്രത്യേകിച്ചും രാഷ്ട്രീയമായി വിജയിക്കുന്നതാണ് കാണുന്നത്. ഇതിന്റെ ഫലമായി മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകുകയാണ്.
English Summary: In a shocking political development, veteran CPM leader and former Minister G. Sudhakaran has openly criticized the party leadership and Chief Minister Pinarayi Vijayan. In a Facebook post, Sudhakaran stated that Pinarayi Vijayan’s attempt for a third term would be futile and alleged that the CPM leadership has failed while the UDF has succeeded. Notably, he expressed his acceptance of UDF’s support for his candidacy in the Ambalappuzha constituency, marking a complete departure from his previous party loyalties. This move is seen as a major blow to the LDF in Alappuzha ahead of the 2026 Assembly Elections.


