കൊച്ചി:രോഗങ്ങൾ വരാതിരിക്കാനുള്ള പരിശ്രമങ്ങൾ നടത്താൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് നടൻ മമ്മൂട്ടി. എറണാകുളം ജനറൽ ആശുപത്രിയിലെ ഡയാലിസിസ് ബ്ലോക്ക് ഉദ്ഘാടനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീടുകളിൽ തന്നെ ഡയാലിസിസ് ചെയ്യുന്നതിനുള്ള പെരിട്ടോണിയൽ ഡയാലിസിസ് പദ്ധതിയ്ക്ക് സർക്കാർ കൂടുതൽ പരിഗണന നൽകുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
54 ഡയാലിസിസ് യൂണിറ്റുകളുള്ള ഇന്ത്യയിലെ ആദ്യത്തെ ആശുപത്രിയാണ് എറണാകുളം ജനറൽ ആശുപത്രി. ചരിത്ര നേട്ടത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. 3 നിലകളിലായാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഏറ്റവും മുകളിൽ റൂഫ് ചെയ്ത് ആർ ഒ പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്.
54 ഐ സി യു ഡയാലിസിസ് കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്.54 ഡയാലിസിസ് മെഷീനുകൾ ഉണ്ട്. ഇന്ത്യയിൽ തന്നെ ഒരു സർക്കാർ ആശുപത്രിയിൽ ആദ്യമായാണ് ഇത്രയും ഡയാലിസിസ് മെഷീനുകൾ സജ്ജമാക്കുന്നതെന്നും ഹൈബി ഈഡൻ അറിയിച്ചു.