കേരളം പണം മുടക്കി വാങ്ങുന്ന ഒരു കോടി ഡോസ് വാക്സിന്റെ ആദ്യബാച്ച് ഇന്നെത്തും

കൊച്ചി: കേരളം പണം മുടക്കി വാങ്ങുന്ന ഒരുകോടി ഡോസ് കൊവിഷീല്‍ഡ് വാക്സിന്റെ ആദ്യബാച്ച് ഇന്ന് കേരളത്തിലെത്തും. മൂന്നരലക്ഷം ഡോസ് വാക്സിനാണ് ഇന്നെത്തുന്നത്. ഒരു കോടി ഡോസ് വാക്‌സീന്‍ കമ്പനികളില്‍ നിന്ന് വില കൊടുത്ത് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

വാക്സിന്റെ ആദ്യ ബാച്ച് ഇന്നുച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എറണാകുളത്തെത്തും. ഗുരുതര രോഗികള്‍ക്കും പൊതു പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ഇടപെടുന്നവര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ പരിഗണന. 75 ലക്ഷം കൊവിഷീല്‍ഡ് വാക്സിനും 25 ലക്ഷം കൊവാക്സിനുമാണ് സംസ്ഥാനം വിലകൊടുത്ത് വാങ്ങുന്നത്.
വിതരണം സംബന്ധിച്ച് വ്യക്തമായ മാര്‍ഗരേഖ സര്‍ക്കാര്‍ ഉടന്‍ നല്‍കും. എറണാകുളത്തെത്തുന്ന വാക്‌സീന്‍ മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും.

സംസ്ഥാനത്ത് ഞായറാഴ്ച 35,801 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,70,33,341 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 68 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഞായറാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5814 ആയി.

എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939, കാസര്‍ഗോഡ് 766, വയനാട് 655 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 116 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 316 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,627 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2743 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4668, തിരുവനന്തപുരം 3781, മലപ്പുറം 3534, കോഴിക്കോട് 3728, തൃശൂര്‍ 3730, പാലക്കാട് 1180, കൊല്ലം 2377, കോട്ടയം 2080, കണ്ണൂര്‍ 2103, ആലപ്പുഴ 2085, ഇടുക്കി 981, പത്തനംതിട്ട 903, കാസര്‍ഗോഡ് 740, വയനാട് 637 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

115 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 36, കോഴിക്കോട് 13, തൃശൂര്‍ 12, പത്തനംതിട്ട, എറണാകുളം 10 വീതം, വയനാട്, കാസര്‍ഗോഡ് 7 വീതം, തിരുവനന്തപുരം, പാലക്കാട് 5 വീതം, കൊല്ലം 4, കോട്ടയം, ഇടുക്കി 3 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News