FeaturedFootballHome-bannerKeralaNewsSports

ജിജോ ജോസഫിന്റെ ആറാട്ട്,പഞ്ചാബിനെ വീഴ്ത്തി; സന്തോഷ് ട്രോഫിയില്‍ കേരളം സെമിയില്‍

മലപ്പുറം: പഞ്ചാബിനെ തറപറ്റിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്ബോള്‍ സെമി ഫൈനലില്‍. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി കേരളം സെമി ടിക്കറ്റെടുത്തു്. പഞ്ചാബിനെതിരേ 2-1നായിരുന്നു കേരളത്തിന്റെ വിജയം. കേരളത്തിനായി ക്യാപ്റ്റന്‍ ജിജോ ജോസ്ഫ ഇരട്ട ഗോള്‍ കണ്ടെത്തി. മന്‍വീര്‍ സിങ്ങാണ് പഞ്ചാബിനായി ലക്ഷ്യം കണ്ടത്. ഗ്രൂപ്പ് എയില്‍ നാല് മത്സരങ്ങളില്‍ നിന്ന് മൂന്നു വിജയവും ഒരു സമനിലയുമായാണ് കേരളത്തിന്റെ മുന്നേറ്റം.

മേഘാലയക്കെതിരേ സമനിലയില്‍ പിരിഞ്ഞ കഴിഞ്ഞ മത്സരത്തില്‍ നിന്ന് രണ്ടു മാറ്റങ്ങളുമായാണ് കേരളം കളത്തിലിറങ്ങിയത്. നിജോ ഗില്‍ബര്‍ട്ടിന് പകരം സല്‍മാനും മുഹമ്മദ് സഫ്നാദിന് പകരം ഷിഗിലും ആദ്യ ഇലവനില്‍ ഇടംനേടി. പഞ്ചാബ് മൂന്ന് മാറ്റങ്ങളുമായാണ് ഗ്രൗണ്ടിലെത്തിയത്.

കേരളത്തിന്റെ മികച്ചൊരു മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. വിഖ്നേഷ് ബോക്സിലേക്ക് ചിപ് ചെയ്ത് നല്‍കിയ പന്ത് പക്ഷേ ഷിഗിലിന് വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താനായില്ല. പിന്നാലെ 12-ാം മിനിറ്റില്‍ കേരളത്തിന്റെ പ്രതിരോധ പിഴവില്‍ നിന്ന് പഞ്ചാബ് മുന്നിലെത്തി. മന്‍വീര്‍ സിങ്ങാണ് പഞ്ചാബിനായി സ്‌കോര്‍ ചെയ്തത്. മന്‍വീറിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ മിഥുന്‍ തടയാന്‍ ശ്രമിച്ചെങ്കിലും താരത്തിന്റെ കൈയില്‍ തട്ടി പന്ത് വലയിലെത്തുകയായിരുന്നു.

ഗോള്‍ വീണതോടെ കേരളം ആക്രമണം ശക്തമാക്കി. 14-ാം മിനിറ്റില്‍ സല്‍മാന്റെ ഷോട്ട് പഞ്ചാബ് ഗോളി ഹര്‍പ്രീത് സിങ് തട്ടിയകറ്റി. തൊട്ടടുത്ത മിനിറ്റില്‍ അര്‍ജുന്‍ ജയരാജിനും ലക്ഷ്യം കാണാനായില്ല. 17-ാം മിനിറ്റില്‍ സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി കേരളത്തിന്റെ സമനില ഗോളെത്തി. അര്‍ജുന്‍ ജയരാജ് നല്‍കിയ ക്രോസ് ക്യാപ്റ്റന്‍ ജിജോ ജോസഫ് കിടിലന്‍ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.

എന്നാല്‍ വലതുവിങ്ങിലൂടെ പഞ്ചാബ് കേരള ബോക്സിലേക്ക് പന്തെത്തിച്ചുകൊണ്ടേയിരുന്നു. 22-ാം മിനിറ്റില്‍ മന്‍വീര്‍ സിങ് വീണ്ടും പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.

29ാം മിനിറ്റില്‍ കേരളത്തിന് തിരിച്ചടിയായി ഗോള്‍കീപ്പര്‍ മിഥുന്‍ പരിക്കേറ്റ് പുറത്തുപോയി. ഹജ്മല്‍. എസ് ആണ് പകരം ഗോള്‍വല കാത്തത്.36ാം മിനിറ്റില്‍ വിഖ്നേഷിന്റെ ഗോളെന്നുറച്ച ഷോട്ട് തട്ടിയകറ്റി പഞ്ചാബ് ഡിഫന്‍ഡര്‍ രജത് കുമാര്‍ അപകടമൊഴിവാക്കി. ആദ്യ പകുതയുടെ അധിക സമയത്ത് അര്‍ജുന്‍ എടുത്ത ഫ്രീ കിക്ക് സെന്റ് പോസ്റ്റിലിടിച്ച് മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി.

രണ്ടാം പകുതിയില്‍ സല്‍മാന് പകരം നൗഫല്‍ പി.എന്നിനെ കേരളം കളത്തിലിറക്കി. ഇതോടെ വലതുവിങ്ങിലൂടെയുള്ള കേരള ആക്രമണങ്ങള്‍ക്ക് ജീവന്‍ വെച്ചു. 47-ാം മിനിറ്റില്‍ ഷിഗിലിന്റെ ത്രൂ പാസില്‍ നിന്നുള്ള വിഖ്‌നേഷിന്റെ ഷോട്ട് പഞ്ചാബ് ഗോളി തടുത്തിട്ടു. തൊട്ടടുത്ത മിനിറ്റില്‍ പഞ്ചാബ് താരത്തിന്റെ ഷോട്ട് തടഞ്ഞ് ഹജ്മല്‍ കേരളത്തിന്റെ രക്ഷകനായി.

51-ാം മിനിറ്റില്‍ കേരളത്തിന്റെ മറ്റൊരു മികച്ച മുന്നേറ്റം കണ്ടു. ബോക്‌സിന് പുറത്തു നിന്ന് ഷിഗില്‍ നല്‍കിയ പാസ് ജിജോ നൗഫലിന് മറിച്ച് നല്‍കി. പക്ഷേ നൗഫലിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക്. 53-ാം മിനിറ്റില്‍ നൗഫലിന്റെ ക്രോസില്‍ നിന്നുള്ള ഷിഗിലിന്റെ ഹെഡര്‍ പഞ്ചാബ് ഗോളി അവിശ്വസനീയമായി തട്ടിയകറ്റി.

67ാം മിനിറ്റില്‍ ഒരു ഫൗളിനെ തുടര്‍ന്ന് കേരള – പഞ്ചാബ് താരങ്ങള്‍ കയ്യാങ്കളിയുടെ വക്കിലെത്തി. എന്നാല്‍ റഫറി ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. 71-ാം മിനിറ്റിലും പഞ്ചാബ് ഗോളി ടീമിന്റെ രക്ഷയ്‌ക്കെത്തി. ഇത്തവണ നൗഫലിന്റെ ഷോട്ട് ഹര്‍പ്രീത് തട്ടിയകറ്റുകയായിരുന്നു.

86-ാം മിനിറ്റില്‍ സ്റ്റേഡിയത്തെ ഒന്നടങ്കം ത്രസിപ്പിച്ച് ജിജോയുടെ വിജയഗോളെത്തി. ഇടതു വിങ്ങില്‍ നിന്ന് സഞ്ജു നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ പഞ്ചാബ് ഡിഫന്‍ഡര്‍മാര്‍ വരുത്തിയ പിഴവ് മുതലെടുത്ത് ജിജോ പന്ത് വലയിലെത്തിക്കുകയായിരുന്നു. മത്സരത്തില്‍ ജിജോയുടെ രണ്ടാം ഗോള്‍. ടൂര്‍ണമെന്റില്‍ താരത്തിന്റെ 5-ാം ഗോള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button