കോട്ടയം:നിയമസഭാ തെരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകൾ അന്തിമഘട്ടത്തിൽ പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അഗസ്റ്റിനും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കടുത്തുരത്തി സീറ്റിലേക്ക് അഞ്ച് പേരെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്.പത്ത് സീറ്റിലേക്കാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്.
ഓരോ മണ്ഡലത്തിലേയും മണ്ഡലം കമ്മിറ്റി പ്രസിഡന്‍റുമാരുമായി മൂന്നംഗ സമിതി ചര്‍ച്ച നടത്തിയാണ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നത്. ജനറല്‍ സെക്രട്ടറി സ്റ്റീഫൻ ജോര്‍ജ്ജ് അലക്സ് കോഴിമല, വിപി ജോസഫ് എന്നിവരാണ് കോട്ടയത്തെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലെ ചര്‍ച്ചകള്‍ നേതൃത്വം നല്‍കുന്നത്.
പാലായും ഇടുക്കിയും കൂടാതെ കാഞ്ഞിരപ്പള്ളിയില്‍ ഡോ.എൻ ജയരാജ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിട്ടുണ്ട്. പിജെ ജോസഫിൻ്റെ വിശ്വസ്തനായ മോൻസ് ജോസഫിനെതിരെ കടുത്തുരുത്തിയില്‍ സ്റ്റീഫൻ ജോര്‍ജ്ജ്, സഖറിയാസ് കുതിരവേലി, സിറിയക് ചാഴികാടൻ, നിര്‍മ്മല ജിമ്മി എന്നിവരെ പരിഗണിക്കുന്നു.
പൂഞ്ഞാറില്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ മത്സരിക്കാനിറങ്ങിയേക്കും, ചങ്ങനാശേരിയിൽ ജോബ് മൈക്കിളും പിറവത്ത് ജില്‍സ് പെരിയപുറവും, തൊടുപുഴയില്‍ പിജെ ജോസഫിനെതിരെ കെഐ ആന്‍റണിയും മത്സരിച്ചേക്കും. മലബാറിൽ പാര്‍ട്ടിക്ക് കിട്ടിയ കുറ്റ്യാടി സീറ്റിൽ മുഹമ്മദ് ഇഖ്ബാല്‍ മത്സരിക്കും.
സിപിഎമ്മിൽ നിന്നും ഏറ്റെടുക്കുന്ന റാന്നി സീറ്റിൽ ബെന്നി കക്കാടിനെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍.പന്ത്രണ്ട് സീറ്റാണ് കേരളാ കോണ്‍ഗ്രസ് സിപിഎമ്മിനോട് ആവശ്യപ്പെടുന്നതെങ്കിലും പത്തേ കിട്ടാൻ വഴിയുള്ളൂ.വിജയസാധ്യതയുള്ളവരേ മാത്രമേ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാൻ പാടൂള്ളൂവെന്ന് ജോസ് കെ മാണിയോട് സിപിഎം നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.