തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കല്‍, വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കര്‍, കര്‍ഷകര്‍ക്ക് അടിയന്തര ആശ്വാസമേകല്‍ എന്നീ പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം എന്ന് ആവശ്യപ്പെട്ട് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ജനപ്രതിനിധികള്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാനെ കണ്ട് നിവേദനം നല്‍കി. തോമസ് ചാഴിക്കാടന്‍ എം.പി, എം.എല്‍.എമാരായ റോഷി അഗസ്റ്റിന്‍, എന്‍.ജയരാജ് എന്നിവരാണ് ഗവര്‍ണ്ണറെ സന്ദര്‍ശിച്ചത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു മാസം കഴിഞ്ഞിരിക്കന്ന സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസി മലയാളികളെ തിരിച്ചെത്തിക്കാനുള്ള അടിയന്തിര നടപടികള്‍ ഉണ്ടാവണം. ഗര്‍ഭിണികള്‍, മാരകരോഗങ്ങളില്‍ ചികിത്സ തേടുന്നവര്‍, കുവൈറ്റ് ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പൊതുമാപ്പ് ലഭിച്ചവര്‍, സന്ദര്‍ശവിസയില്‍ വിദേശത്ത് എത്തിയവര്‍ തുടങ്ങിയവരെ മുന്‍ഗണനനാ ക്രമത്തില്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ എല്ലാ സമ്മര്‍ദ്ദവും ചെലുത്തണമെന്ന് ആവശ്യപ്പെട്ടു.
വിദേശരാജ്യങ്ങളിലെ പ്രവാസികളെപ്പോലെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ നഴ്സുമാര്‍ ഉള്‍പ്പടെയുള്ള മലയാളികളും ലോക്ക്ഡൗണിനെത്തുടര്‍ന്ന് കടുത്ത യാതനയാണ് അനുഭവിക്കുന്നത്. പ്രത്യേക തീവണ്ടി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ഇവരെ അടിയന്തിരമായി നാട്ടിലെത്തിക്കണം.
10 ലക്ഷത്തിന് താഴെയുള്ള ചെറുകിട കര്‍ഷകരുടെ മുഴുവന്‍ വായ്പകളുടേയും ഏറ്റവും കുറഞ്ഞത് ആറ് മാസത്തെ പലിശയെങ്കിലും എഴുതി തള്ളണം. ലോക്ക്ഡൗണിനെത്തുടര്‍ന്ന് മലയോരകര്‍ഷകരും ദുരിതത്തിലാണ്. നാണ്യവിളകള്‍ക്ക്് മിനിമം താങ്ങുവില പ്രഖ്യാപിക്കണം. ഏലം ഉള്‍പ്പടെയുള്ള വിളകള്‍ക്ക് ഓണ്‍ ലൈന്‍ ലേലം ഏര്‍പ്പെടുത്തണം.
കേരളത്തിലെ 29.96 ലക്ഷം കര്‍ഷകര്‍ ഗുണഭോക്താക്കളായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിപ്രകാരം വാര്‍ഷിക സഹായത്തില്‍ ലഭിക്കേണ്ട ബാക്കിയുള്ള 4000 രൂപ കൂടി മുന്‍കൂറായി നല്‍കി ജീവിതം വഴിമുട്ടിയ കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം.
ഇതോടൊപ്പം കൃഷി മന്ത്രാലയം റിസര്‍വ് ബാങ്കും, നബാര്‍ഡുമായി ചേര്‍ന്ന് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണത്തിനും വിപണനത്തിനുമായി സമഗ്രപദ്ധതി പ്രഖ്യാപിക്കണം
കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, തകര്‍ന്നു കിടക്കുന്ന റബര്‍ മേഖലയുടെ പുനരുദ്ധാരണത്തിനായി റബര്‍ ബോര്‍ഡ് കേന്ദ്രഗവണ്‍മെന്റിന് സമര്‍പ്പിച്ചിരിക്കുന്ന 161 കോടി രൂപയുടെ പാക്കേജ് അടിയന്തിരമായി അംഗീകരിക്കണം. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ കൃഷി സംബന്ധമായ ജോലികളും, റബര്‍ ടാപ്പിംഗും കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്രഗവണ്‍മെന്റ് തയ്യാറാവണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും ജോലി ചെയ്യുന്ന നഴ്സുമാര്‍ 72 മണിക്കൂര്‍വരെ തുടര്‍ച്ചയായി ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്. അവരുടെ ജോലി സമയവം, തൊഴില്‍ സ്ഥലത്തെ സുരക്ഷിതത്വം എന്നീ കാര്യങ്ങളില്‍ അടിയന്തിര കേന്ദ്ര ഇടപെടല്‍ ഉണ്ടാവണം.
യു.കെ, ഓസ്ട്രേലിയ, ന്യൂസിലാന്റ്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ പഠനത്തിനായി പോയ വിദ്യാര്‍ത്ഥികള്‍ ഇന്ന് വളരെ ബുദ്ധിമുട്ടിലാണ്. 10 മുതല്‍ 20 ലക്ഷം രൂപ വരെ വായ്പയെടുത്താണ് ഇവര്‍ പഠനത്തിനായി വിദേശത്ത് പോയിരിക്കുന്നത്. ഇവര്‍ക്ക് നിലവില്‍ പാര്‍ട്ട്ടൈം ജോലി ചെയ്യുവാനാവാത്ത സാഹചര്യത്തില്‍ യൂണിവേഴ്സിറ്റി ഫീസും, വാടകയും നല്‍കുവാനാതെ ബുദ്ധിമുട്ടുകയാണ്. കേന്ദ്രസര്‍ക്കാര്‍ അവിടെങ്ങളില്‍ യൂണിവേഴ്സിറ്റിയുമായും, എംബസിയുമായും ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.