കോട്ടയം: ബാര്‍കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരെയുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് കേരളാ കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. മാണിയെ കുടുക്കാന്‍ പി.സി ജോര്‍ജുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, അന്വേഷണ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
മാണിയെ സമ്മര്‍ദത്തിലാക്കി പിന്തുണ നേടിയെടുത്ത് ഉമ്മന്‍ചാണ്ടിയെ മാറ്റി മുഖ്യമന്ത്രിയാകാനായിരുന്നു ചെന്നിത്തലയുടെ പദ്ധതി. എന്നാല്‍ ഉമ്മന്‍ചാണ്ടി ഈ ശ്രമം തിരിച്ചറിഞ്ഞതോടെ പുനഃസംഘടനയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനായിരുന്നു ചെന്നിത്തലയുടെ ശ്രമം. അതിനായി മന്ത്രിസഭയെ മറിച്ചിടാനായി ശ്രമം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാണിയേയും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയേയും വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രത്തിലൂടെ മുഖ്യമന്ത്രി മോഹം പൂവണിയിക്കാനുള്ള രമേശ് ചെന്നിത്തലയുടെ ശ്രമമായിരുന്നു നീതി ബോധത്തിനും സാമാന്യ മര്യാദയ്ക്കും നിരക്കാത്ത രീതിയിലുള്ള കേസന്വേഷണത്തിന്റെ പിന്നിലെ കാരണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കെ.എം മാണിയോടുള്ള വ്യക്തി വൈരാഗ്യവും അധികാരക്കൊതിയും കേരളാ കോണ്‍ഗ്രസിനോടുള്ള വിരോധവും കാരണം ചില കോണ്‍ഗ്രസ് നേതാക്കള്‍ കെ.എം മാണി സര്‍ക്കാരിനെ മറച്ചിടുമെന്ന് കള്ളക്കഥയുണ്ടാക്കി. മാണിയെ വ്യക്തിഹത്യ ചെയ്ത് അദ്ദേഹത്തേയും പാര്‍ട്ടിയേയും ഇല്ലായ്മ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ഗൂഢാലോചന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.