കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ പരസ്യമായ പോരിലേക്ക് നീങ്ങിയിരിക്കുകയാണ്. കുറച്ചു ദിവസമായി തന്നെ വി ഡി സതീശന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചരണം നടത്തിയിരുന്നു. മുഹമ്മദ ഷിയാസ് ഒഴികെ മാറ്റു നേതാക്കളാരും സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് പരസ്യമായി വാദിച്ചില്ല. എന്നാല്‍, കെ സി വേണുഗോപാലിനെ പിന്തുണച്ചു കൊണ്ട് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന്‍ എത്തിയതോടെ കളംമാറി. കേരളത്തിലെ തിരഞ്ഞെടുപ്പില്‍ നിര്‍ണായക റോളിലായിരുന്നു കെ സി. അതുകൊണ്ട് തന്നെ ഇതാണ് ദേശീയ രാഷ്ട്രീയത്തില്‍ നിന്നും അദ്ദേഹത്തിന് കേരളാ രാഷ്ട്രീയത്തിലേക്ക് മാറാന്‍ പറ്റിയ അവസരമെന്ന് കണ്ട് നിരവധി പേര്‍രംഗത്തുവന്നിരുന്നു.
ഇതിനിടെയാണ് കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍ കെ. സുധാകരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കേരള രാഷ്ട്രീയത്തിന്റെ അമരത്തേക്ക് കൊണ്ടുവരണമെന്ന സൂചന നല്‍കുന്നതായിരുന്നു സുധാകരന്റെ പോസ്റ്റ്.
ഇന്ന് കേരളത്തിന് ആവശ്യം കെ.സി. വേണുഗോപാലിന്റെ നേതൃത്വമാണെന്നും ലീഡര്‍ കെ. കരുണാകരനെയും ഉമ്മന്‍ചാണ്ടിയെയും പോലുള്ള മഹാനേതാക്കളുടെ പാത പിന്തുടര്‍ന്ന് അദ്ദേഹം കേരള രാഷ്ട്രീയത്തിലെ ‘മുടിചൂടാമന്നനായി’ മാറുമെന്നും സുധാകരന്‍ തന്റെ പോസ്റ്റില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ പരാമര്‍ശങ്ങള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ലക്ഷ്യം വെച്ചുള്ള നീക്കമാണെന്ന് ആരോപിച്ചുകൊണ്ട് സതീശന്‍ അനുകൂലികള്‍ സുധാകരന്റെ കമന്റ് ബോക്‌സില്‍ പ്രതിഷേധവുമായി എത്തി.
മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ വി.ഡി. സതീശനാണെന്നും കെ.സി. വേണുഗോപാല്‍ ദേശീയ രാഷ്ട്രീയത്തില്‍ തന്നെ തുടരട്ടെ എന്നുമായിരുന്നു കമന്റ് ബോക്‌സിലെ പ്രധാന പ്രതികരണങ്ങള്‍. അണികള്‍ തമ്മിലുള്ള വാക്‌പോര് മുറുകുകയും തര്‍ക്കം നിയന്ത്രണാതീതമാവുകയും ചെയ്തതോടെ ഒടുവില്‍ സുധാകരന് തന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്‌സ് ഓഫ് ചെയ്യേണ്ടി വന്നു. ഏതായാലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്‍പേ തുടങ്ങിയ ഈ അധികാര വടംവലി യു.ഡി.എഫ് കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.
അതേസമയം കെ സുധാകന്റെ പോസ്റ്റില്‍ എംപിമാരില്‍ പലര്‍ക്കും അതൃപ്തിയുണ്ട്. ഇക്കാര്യം ഹൈക്കമാന്‍ഡ് നേതാക്കളെ എംപിമാര്‍ അറിയിച്ചേക്കും. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിചര്‍ച്ച കത്തിക്കയറുന്നതിനിടെയാണ് ‘കേരളം കെ.സി.നയിക്കട്ടെ’ എന്ന ആഹ്വാനവുമായി കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ശക്തമായി പിന്തുണച്ച് കെ. സുധാകരന്‍ ഇന്നലെ പോസ്റ്റ് ഇട്ടത്. കേരളത്തിന് വേണ്ടത് കെസിയെ പോലെ ദീര്‍ഘദര്‍ശിയായ നേതാവിനെയെന്ന് സുധാകരന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
കെ കരുണാകരനില്‍ തുടങ്ങി കോണ്‍ഗ്രസിന്റെ മഹാ നേതാക്കളുടെ പാത പിന്തുടര്‍ന്ന് കേരള രാഷ്ട്രീയത്തിന്റെ മുടിചൂടാമന്നനായി ഉയരാന്‍ കെസിക്ക് കഴിയും എന്ന് പോസ്റ്റില്‍ സുധാകരന്‍ വാനോളം വാഴ്ത്തുന്നു. പോസ്റ്റിന് താഴെ വി ഡി സതീശനെ പിന്തുണച്ച് കമന്റുമകള്‍ വന്നതോടെ കമന്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
ഇതിനിടെ, മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ നിഷാദ് റാവത്തര്‍ നടത്തിയ പരാമര്‍ശനം ചാരി കെസിയെ പിന്തുണച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്ത് വന്നു. റോജി എം ജോണ്‍, രമ്യ ഹരിദാസ് അലോഷ്യസ് സേവ്യര്‍, പഴകുളം മധു, ബിന്ദു കൃഷ്ണ ഉള്‍പ്പടെ കെസിക്ക് പിന്തുണയുമായെത്തി. ഇതെല്ലാം കേരളത്തിലേക്ക് കെസി വരുന്നതിനെ പിന്തുണക്കുന്ന നേതാക്കളാണ്. മെയ് നാലിന് ഫലം വരുന്നത് വരെ ഇപ്പോഴത്ത രാഷ്ട്രീയ വടംവലികള്‍ തുടരാനാണ് സാധ്യത.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള പദ്ധതികള്‍ കോണ്‍ഗ്രസ് രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. ഹൈക്കമാന്‍ഡ് ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക എന്നായിരുന്നു പാര്‍ട്ടിയുടെ വാദം. നേതൃസ്ഥാനത്തെച്ചൊല്ലിയുള്ള മത്സരം പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിക്കും പ്രതിഷേധത്തിനും ഇടയാക്കുമെന്നും, അത് യു.ഡി.എഫിന്റെ വിജയസാധ്യതകളെ ബാധിക്കുമെന്നുമുള്ള ആശങ്കയായിരുന്നു ഇതിന് പിന്നില്‍.
എങ്കിലും, ഏപ്രില്‍ 9-ന് വോട്ടെടുപ്പ് കഴിഞ്ഞതോടെ മുന്‍നിരയിലുള്ളവര്‍ പദവിക്കായി ചടുലമായ നീക്കങ്ങള്‍ ആരംഭിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രധാനമായും സതീശനും വേണുഗോപാലിനും വേണ്ടിയുള്ള ശക്തമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയോട് അടുത്ത ബന്ധമുള്ള വ്യക്തിയായി കണക്കാക്കപ്പെടുന്ന വേണുഗോപാലിനെ, ‘പാര്‍ട്ടിയെ നയിച്ചവനും പ്രതിസന്ധികളെ മറികടന്ന് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞവനുമായ യഥാര്‍ത്ഥ നേതാവ്’ എന്നാണ് അണികള്‍ ഉയര്‍ത്തിക്കാട്ടുന്നത്.
തിരഞ്ഞെടുപ്പ് ഗോദയിലുള്ള കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും മാധ്യമങ്ങളോട് സംസാരിക്കവെ വേണുഗോപാലിന്റെ സാധ്യതകളെ തള്ളിക്കളഞ്ഞില്ല. ‘എ.ഐ.സി.സിക്ക് അതിന്റേതായ നടപടിക്രമങ്ങളുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പല പേരുകളും വന്നേക്കാം. എം.എല്‍.എമാരുടെ ഭൂരിപക്ഷ അഭിപ്രായം മാത്രം നോക്കിയല്ല തീരുമാനമെടുക്കുന്നത്. അതേസമയം, അവരുടെ അഭിപ്രായങ്ങളും തേടും,’ വേണുഗോപാലിന്റെ പിന്തുണയോടെ കഴിഞ്ഞ വര്‍ഷം കെ.പി.സി.സി പ്രസിഡന്റായ സണ്ണി പറഞ്ഞു.
വി.സി സതീശന്റെ സ്വന്തം ജില്ലയായ എറണാകുളത്ത്, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞത അടുത്ത മുഖ്യമന്ത്രി എറണാകുളം ജില്ലയില്‍ നിന്നായിരിക്കു എന്നാണ്. എറണാകുളത്ത് നിന്നൊരു മുഖ്യമന്ത്രി ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണ്.’ സതീശനെ മനസ്സില്‍ കണ്ടുകൊണ്ടാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞതെന്ന് വ്യക്തം.
ഇതിന് പിന്നാലെ രമേശ് ചെന്നിത്തല മാധ്യമങ്ങളെ കണ്ടു.’കേരളം യു.ഡി.എഫിന് വലിയൊരു വിജയം സമ്മാനിക്കും, അതിന്റെ പൂര്‍ണ്ണ ക്രെഡിറ്റ് ഞാന്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കുന്നു. അദ്ദേഹമാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്, നേതാക്കള്‍ക്കിടയില്‍ ഐക്യം വളര്‍ത്തുകയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തു. ആരാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡ് തീരുമാനിക്കും. നമ്മള്‍ അത് കേരളത്തില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. സോഷ്യല്‍ മീഡിയയിലെ കാര്യങ്ങള്‍ അത്ര കാര്യമായി എടുക്കേണ്ടെന്നുമായിരുന്നു സതീശന്റെ പ്രതികരണം.
പുതിയ തലമുറയുടെ വികാരങ്ങളും ആവേശവും പ്രതിഫലിപ്പിക്കുന്ന നേതാവായിട്ടാണ് സതീശന്‍ ഉയര്‍ത്തിക്കാട്ടപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള നേരിട്ടുള്ള ആക്രമണങ്ങളിലൂടെ യു.ഡി.എഫ് പ്രചാരണത്തിന് അദ്ദേഹം നല്‍കിയ വീര്യമുള്ള നേതൃത്വം, അദ്ദേഹത്തെ കരുത്തനായ ഒരു നേതാവായി മാറ്റുന്നതിന് സഹായിച്ചിട്ടുണ്ട്.
മൂന്ന് അവകാശികളില്‍ ഏറ്റവും മുതിര്‍ന്ന നേതാവ് ചെന്നിത്തലയാണ്. 2016 മുതല്‍ 2021 വരെ പ്രതിപക്ഷ നേതാവായിരുന്ന അദ്ദേഹം, 2021ല്‍ പാര്‍ട്ടി ജയിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സ്വാഭാവിക തിരഞ്ഞെടുപ്പുമായിരുന്നു. എന്നാല്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം തിരിച്ചുപിടിക്കാന്‍ കഴിയാതെ വന്നതോടെ ചെന്നിത്തലയ്ക്ക് ആ സ്ഥാനം ഒഴിയേണ്ടി വന്നു. മുന്‍ പ്രതിപക്ഷ നേതാവ് തന്നെ മുഖ്യമന്ത്രിയാവുമെന്നാണ് ചെന്നിത്തല ക്യാമ്പിന്റെ പ്രതീക്ഷ
ഇവരിലെ ഏറ്റവും മുതിര്‍ന്ന വ്യക്തിയാണ് ചെന്നിത്തല. പാര്‍ട്ടി അദ്ദേഹത്തിന് ഒരവസരം നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സതീശനും വേണുഗോപാലും അദ്ദേഹത്തിന്റെ വിശ്വസ്തരായിരുന്നു, ചെന്നിത്തലയാണ് കോണ്‍ഗ്രസില്‍ അവരെ വളര്‍ത്തിയെടുത്തത്. ദേശീയ തലത്തിലുള്ള അദ്ദേഹത്തിന്റെ പല സഹപ്രവര്‍ത്തകരും മറ്റ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരായിട്ടുണ്ട്,’ ചെന്നിത്തല ക്യാമ്പിലെ ഒരു പാര്‍ട്ടി നേതാവ് പറഞ്ഞു.
പി.ജെ. കുര്യനെപ്പോലെയുള്ള പല മുതിര്‍ന്ന നേതാക്കളും ഇതിനോടകം തന്നെ ചെന്നിത്തലയെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ എം.എല്‍.എമാരുടെ നിലപാടായിരിക്കും നിര്‍ണ്ണായകം, അവരില്‍ ഭൂരിഭാഗവും സതീശന്റെയോ വേണുഗോപാലിന്റെയോ വിശ്വസ്തരാണ്.
Following the 2026 Kerala Assembly elections, a leadership tussle has erupted within the Congress party over the Chief Minister post. K. Sudhakaran’s Facebook post supporting K.C. Venugopal as the next ‘leader’ triggered a massive backlash from V.D. Satheesan’s supporters. While Satheesan is projected as the face of the youth, and Chennithala stakes his claim based on seniority, the final decision rests with the High Command as result day (May 4) approaches.


