27.3 C
Kottayam
Wednesday, May 29, 2024

SUPER CUP:ബ്ലാസ്റ്റേഴ്‌സ് പുറത്ത്;സമനിലയുമായി ബെംഗളൂരു സെമിയിൽ

Must read

കോഴിക്കോട്: സൂപ്പര്‍ കപ്പില്‍ എ ഗ്രൂപ്പില്‍ നിന്ന് ബെംഗളൂരു എഫ്‌സി സെമിയില്‍. കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ അവസാന ഗ്രൂപ്പ് മത്സരം സമനിലയില്‍ കലാശിക്കുകയും ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ശ്രീനിഥി ഡെക്കാണ്‍, റൗണ്ട്ഗ്ലാസ് പഞ്ചാബിനോട് തോല്‍വി (0-1) വഴങ്ങുകയും ചെയ്തതോടെയാണ് ബെംഗളൂരു സെമിയിലേക്ക് മുന്നേറിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയന്റുമായാണ് ബെംഗളൂരു സെമിയിലെത്തിയത്. ബ്ലാസ്‌റ്റേഴ്‌സിനെതിരായ മത്സരം 1-1ന് സമനിലയില്‍ കലാശിക്കുകയായിരുന്നു. ബെംഗളൂരുവിനായി റോയ് കൃഷ്ണയും ബ്ലാസ്റ്റേഴ്‌സിനായി ദിമിത്രിയാസ് ഡിയാമാന്റക്കോസും ഗോളുകള്‍ നേടി.

ശ്രീനിഥി ഡെക്കാണെതിരേ പരാജയപ്പെട്ട കഴിഞ്ഞ മത്സരത്തില്‍ നിന്ന് ആറ് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിനെതിരായ നിര്‍ണായക മത്സരത്തിന് ടീമിനെ ഇറക്കിയത്. ഹോര്‍മിപാം, ആയുഷ് അധികാരി, ജീക്‌സണ്‍ സിങ്, ബിദ്യാസാഗര്‍ സിങ്, ബ്രൈസ് മിറാന്‍ഡ, ടീം വിട്ട ഇവാന്‍ കലിയുഷ്‌നി എന്നിവര്‍ക്ക് പകരം മുഹമ്മദ് സഹീഫ്, ഡാനിഷ് ഫറൂഖ്, വിക്ടര്‍ മോംഗില്‍, സൗരവ് മണ്ഡല്‍, വിബിന്‍ മോഹനന്‍, അപ്പോസ്‌തൊലോസ് ജിയാനു എന്നിവര്‍ ടീമിലെത്തി. ബെംഗളൂരു രണ്ട് മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്. പരാഗ് സതീഷ്, ശിവ ശക്തി എന്നിവര്‍ക്ക് പകരം ഉദാന്ത സിങ്ങും റോയ് കൃഷ്ണയും ആദ്യ ഇലവനിലെത്തി.

കളിയുടെ തുടക്കത്തില്‍ തന്നെ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞു. 12-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് മത്സരത്തിലെ ആദ്യ മികച്ച അവസരവും ലഭിച്ചു. ജിയാനു നല്‍കിയ ത്രൂ പാസ് സ്വീകരിച്ച് ബോക്‌സിലേക്ക് കയറി സൗരവ് മണ്ഡല്‍ നല്‍കിയ ക്രോസ് പക്ഷേ രാഹുലിന് കൃത്യമായി കണക്ട് ചെയ്യാനായില്ല.

പിന്നാലെ ബ്ലാസ്‌റ്റേഴ്‌സ് പതിയെ കളിയില്‍ പിടിമുറുക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ഗാലറിയെ നിശബ്ദമാക്കി ബെംഗളൂരുവിന്റെ ഗോളെത്തി. 23-ാം മിനിറ്റില്‍ ജാവിയര്‍ ഹെര്‍ണാണ്ടസ് നല്‍കിയ ത്രൂ ബോള്‍ സ്വീകരിച്ച് മുന്നേറിയ റോയ് കൃഷ്ണയുടെ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് തട്ടിയെങ്കിലും കാര്യമുണ്ടായില്ല. റീബൗണ്ട് വീണ്ടും കാലില്‍ കിട്ടിയ കൃഷ്ണയ്ക്ക് പന്ത് ആളൊഴിഞ്ഞ പോസ്റ്റിലേക്ക് അനായാസം തട്ടിയിടേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. ഓടിയെത്തിയ വിക്ടര്‍ മോംഗില്‍ ഗോള്‍ലൈന്‍ സേവിന് ശ്രമിച്ചെങ്കിലും പന്ത് മോംഗിലിന്റെ കാലില്‍ തട്ടി വലയിലെത്തി.

34-ാം മിനിറ്റില്‍ ബെംഗളൂരുവിന് മറ്റൊരു അവസരം ലഭിച്ചു. ബോക്‌സില്‍ നിന്ന് സുനില്‍ ഛേത്രി കട്ട് ബാക്ക് ചെയ്ത് നല്‍കിയ പന്തില്‍ നിന്നുള്ള രോഹിത് കുമാറിന്റെ വോളി വിക്ടര്‍ മോംഗില്‍ തടഞ്ഞിട്ടു.

തുടര്‍ന്ന് ആദ്യ പകുതിയുടെ അധികസമയത്തും ബെംഗളൂരു ഗോളിനടുത്തെത്തി. റോയ് കൃഷ്ണ ക്രോസ് ചെയ്ത് നല്‍കിയ പന്ത് സ്വീകരിച്ച ഉദാന്ത സിങ് മുന്നേറാന്‍ ഇടമുണ്ടായിട്ടും പന്ത് റോഷന്‍ സിങ്ങിന് നീട്ടുകയായിരുന്നു, പക്ഷേ റോഷന് പന്ത് പൂര്‍ണമായും നഷ്ടമായി. പിന്നാലെ ബ്ലാസ്റ്റേഴ്‌സ് താരം വിബിന്റെ ഷോട്ട് ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് തട്ടിയകറ്റി.

ഒരു ഗോള്‍ പിന്നിലായ ശേഷം രണ്ടാം പകുതിക്കിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് തുടക്കത്തില്‍ തന്നെ ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമത്തിലായിരുന്നു. 48-ാം മിനിറ്റില്‍ സൗരവ് മണ്ഡലിന്റെ ഷോട്ട് കൃത്യസമയത്ത് ബെംഗളൂരു താരം ബ്രൂണോ റാമിറസ് തടഞ്ഞു. പിന്നാലെ 49-ാം മിനിറ്റില്‍ ഡിയാമന്റക്കോസിന്റെ കിടിലന്‍ ഫ്രീകിക്ക് ഗുര്‍പ്രീത് അവിശ്വസനീയമായി തട്ടിയകറ്റി. തുടര്‍ന്ന് നിഷുകുമാറിനും രാഹുലിനും ലഭിച്ച അവസരങ്ങള്‍ മുതലാക്കാനായില്ല.

ഒടുവില്‍ 77-ാം മിനിറ്റില്‍ ഗാലറിയെ പ്രകമ്പനം കൊള്ളിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോളെത്തി. വലതുവിങ്ങില്‍ നിന്ന് ഹോര്‍മിപാം നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള റോഷന്‍ സിങ്ങിന്റെ ശ്രമം പിഴയ്ക്കുകയായിരുന്നു. റോഷന്‍ ഹെഡ് ചെയ്ത് ഒഴിവാക്കാന്‍ നോക്കിയ പന്ത് നേരേ ചെന്നത് ബോകിലുണ്ടായിരുന്ന ഡിയാമാന്റക്കോസിന്റെ തലപ്പാകത്തിന്. ഒട്ടും സമയം പാഴാക്കാതെ താരം പന്ത് ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.പിന്നാലെ വിജയ ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week