കൊച്ചി: ഐ.എസ്.എല്‍ എല്‍-ക്ലാസികോയില്‍ എ.ടി.കെ മോഹന്‍ബഗാനെതിരെ ആദ്യജയം തേടിയിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് ദയനീയ പരാജയം.രണ്ടിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് അതിഥികളുടെ വിജയം.ഇതോടെ ബ്ലാസ്‌റ്റേഴിസിനെതിരായ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും അപരാജിത റെക്കോഡ് നിലനിര്‍ത്താനും കൊല്‍ക്കൊത്തയ്ക്കായി.
സീസണിലെ ആദ്യ ഹാട്രിക്കുമായി ഓസ്ട്രേലിയൻ താരം ദിമിത്രി പെട്രാത്തോസിന്റെ നേതൃത്വത്തിൽ എടികെ മോഹൻ ബഗാൻ പെയ്യിച്ച ഗോൾമഴയിൽ നനഞ്ഞൊട്ടി കേരള ബ്ലാസ്റ്റേഴ്സ്. ആകെ ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ എടികെ മോഹൻ ബഗാൻ വീഴ്ത്തിയത് രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക്. മത്സരത്തിന്റെ 26, 62, 90 മിനിറ്റുകളിലായാണ് പെട്രാത്തോസ് സീസണിലെ ആദ്യ ഹാട്രിക് പൂർത്തിയാക്കിയത്. പെട്രാത്തോസിനു പുറമെ ഫിൻലൻഡ് താരം കൗകോ (38), ഇന്ത്യൻ താരം ലെന്നി റോഡ്രിഗസ് (88) എന്നിവരും എടികെയ്ക്കായി ഗോൾ നേടി. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോളുകൾ ഇവാൻ കല്യൂഷ്നി (6), കെ.പി. രാഹുൽ (81) എന്നിവരുടെ വകയായിരുന്നു.
മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ആക്രമണം അഴിച്ചുവിട്ടു. ആദ്യ മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തുമായിരുന്നു. മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് പന്തുമായി ബോക്‌സിലേക്ക് മുന്നേറിയെങ്കിലും താരത്തിന് ഗോളടിക്കാനായില്ല. സുവര്‍ണാവസരമാണ് സഹല്‍ നഷ്ടപ്പെടുത്തിയത്. പിന്നാലെ മറ്റൊരവസരവും ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചു. അതും ലക്ഷ്യം കണ്ടില്ല.
എന്നാല്‍ മൂന്നാമത്തെ ശ്രമത്തില്‍ ബ്ലാസ്റ്റേഴ്‌സിന് പിഴച്ചില്ല. ആറാം മിനിറ്റില്‍ സൂപ്പര്‍ താരം ഇവാന്‍ കലിയുഷ്‌നിയിലൂടെ ബ്ലാസ്റ്റേഴ്‌സ് മത്സരത്തില്‍ ലീഡെടുത്തു. സഹല്‍ അബ്ദുള്‍ സമദിന്റെ അസിസ്റ്റില്‍ നിന്നാണ് ഗോള്‍ പിറന്നത്. ബോക്‌സിന്റെ വലതുഭാഗത്തുനിന്ന് സഹല്‍ നല്‍കിയ പാസ് മികച്ച ഫിനിഷിലൂടെ കലിയുഷ്‌നി വലയിലെത്തിച്ചു. ഇതോടെ സ്‌റ്റേഡിയം സന്തോഷത്താല്‍ ഇളകി മറിഞ്ഞു. ഇവാന്‍ ബ്ലാസ്‌റ്റേഴ്‌സിനായി നേടുന്ന മൂന്നാം ഗോളാണിത്. ആദ്യ മത്സരത്തില്‍ താരം ഇരട്ട ഗോള്‍ നേടിയിരുന്നു.
ഒന്‍പതാം മിനിറ്റില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ ഒരു ഗോള്‍ മടക്കിയെങ്കിലും റഫറി ഓഫ് സൈഡ് ഫ്‌ളാഗ് ഉയര്‍ത്തി. ഇതോടെ ഗോള്‍ അസാധുവായി. മത്സരത്തിലുടനീളം ബ്ലാസ്‌റ്റേഴ്‌സ് ആക്രമണ ഫുട്‌ബോളാണ് കാഴ്ചവെച്ചത്. ഒരു ഗോള്‍ അടിച്ചിട്ടും പ്രതിരോധത്തിലേക്ക് വലിയാന്‍ താരങ്ങള്‍ ശ്രമിച്ചില്ല.
എന്നാല്‍ കൊച്ചിയെ നിശബ്ദമാക്കിക്കൊണ്ട് 26-ാം മിനിറ്റില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ദിമിത്രി പെട്രറ്റോസാണ് ടീമിനായി ഗോളടിച്ചത്. ആക്രമിച്ച് കളിച്ച ബ്ലാസ്‌റ്റേസിന്റെ പ്രതിരോധം ശിഥിലമായി കിടന്ന സമയത്താണ് മോഹന്‍ ബഗാന്‍ വെടിപൊട്ടിച്ചത്. സൂപ്പര്‍ താരം ഹ്യൂഗോ ബൗമസിന്റെ പാസില്‍ നിന്ന് പെട്രറ്റോസ് അനായാസം ലക്ഷ്യം കാണുകയായിരുന്നു. ഇതോടെ മത്സരം ആവേശത്തിലേക്കുയര്‍ന്നു.
33-ാം മിനിറ്റില്‍ ജീക്‌സണ്‍ സിങ്ങിന്റെ മികച്ച ഹെഡ്ഡറിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡെടുത്തുവെന്ന് തോന്നിച്ചെങ്കിലും താരത്തിന്റെ ഹെഡ്ഡര്‍ ക്രോസ് ബാറിലിടിച്ച് തെറിച്ചു. 36-ാം മിനിറ്റില്‍ മോഹന്‍ ബഗാന്റെ ലിസ്റ്റണ്‍ കൊളാസോയുടെ ഷോട്ട് ഗോള്‍കീപ്പര്‍ ഗില്‍ വിഫലമാക്കി.
38-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ചില്‍ തീകോരിയിട്ടുകൊണ്ട് മോഹന്‍ ബഗാന്‍ വീണ്ടും ഗോളടിച്ചു. ഇത്തവണ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. മധ്യനിരതാരം ജോണി കൊക്കോയാണ് ടീമിനായി വലകുലുക്കിയത്. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധതാരങ്ങള്‍ക്കിടയിലൂടെ മന്‍വീര്‍ സിങ് സമര്‍ത്ഥമായി നല്‍കിയ പാസ് സ്വീകരിച്ച കൗക്കോ തകര്‍പ്പന്‍ ലോങ് റേഞ്ചറിലൂടെ മഞ്ഞപ്പടയുടെ വല കുലുക്കി. ആദ്യ പകുതിയുടെ അവസാനിക്കാനിരിക്കെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധതാരം ഖാബ്രയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.