32.8 C
Kottayam
Thursday, May 9, 2024

കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം, പ്ലേ ഓഫ് സാധ്യതകൾ സജീവം

Must read

മഡ്ഗാവ്: മികച്ച കളിക്കൊപ്പം ഭാഗ്യം കൂടി കൂട്ടിനെത്തിയതോടെ ചെന്നൈയിൻ എഫ്‍സിക്കെതിരായ ഐഎസ്എൽ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം. ഈ സീസണിലെ ഭാഗ്യവേദികളിലൊന്നായ തിലക് മൈതാനിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. ചുവപ്പുകാർഡ് കണ്ടതിനെ തുടർന്ന് കഴിഞ്ഞ മത്സരത്തിൽ കളിക്കാനാകാതെ പോയ അർജന്റീന താരം ഹോർഹെ പെരേര ഡയസിന്റെ ഇരട്ട ഗോളുകളിലാണ് ബ്ലാസ്റ്റേഴ്സ് വിജയം പിടിച്ചത്.

ഗോളൊഴിഞ്ഞ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിൽ നാലു മിനിറ്റിനിടെയാണ് ഡയസ് ലക്ഷ്യം കണ്ടത്. 52, 55 മിനിറ്റുകളിലായിരുന്നു ഡയസിന്റെ ഗോളുകൾ. 90–ാം മിനിറ്റിൽ ഫ്രീകിക്കിൽനിന്ന് അഡ്രിയൻ ലൂണ നേടിയ ഗോൾ കൂടിയായതോടെ മൂന്നു ഗോള്‍ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് തിരികെ കയറി.

വിജയത്തോടെ 18 കളികളിൽനിന്ന് 30 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തേക്ക് ഉയർന്നു. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ എട്ടാം ജയമാണിത്. ഒരു സമനിലയ്ക്കും തോൽവിക്കും ശേഷമുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജയവും. ഇതോടെ ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് സാധ്യതകളും നിലനിർത്തി. ഇന്നു നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ മുംബൈ സിറ്റി ജയിച്ചാൽ ബ്ലാസ്റ്റേഴ്സ് വീണ്ടും അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടിവരും. സീസണിലെ ഒൻപതാം തോൽവി വഴങ്ങിയ ചെന്നൈയിൻ എഫ്‍സി 20 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.

ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രം. ചെന്നൈയിൻ എഫ്സി പലതവണ ഗോളിന് അടുത്തെത്തിയെങ്കിലും ഗോൾപോസ്റ്റും ഭാഗ്യവും ബ്ലാസ്റ്റേഴ്സിന് തുണയായി. ആദ്യപകുതിയിൽ ചെന്നൈയിൻ താരത്തിന്റെ ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പറെ മറികടന്നെങ്കിലും ക്രോസ് ബാറിലിടിച്ച് തെറിച്ചു. ഗോൾകീപ്പർ ലക്ഷ്യം തെറ്റി നിൽക്കെ ചെന്നൈയുടെ മലയാളി താരം ജോബി ജസ്റ്റിന്റെ ശ്രമം ഗോളിലെത്താതെ പോയതും ഭാഗ്യമായി. ഇതിനിടെ ഗോളെന്നുറച്ച അവസരം ഹോർഹെ പെരേര ഡയസും പാഴാക്കി.

രണ്ടാം പകുതി ആരംഭിച്ച് പത്തു മിനിറ്റ് പിന്നിടും മുൻപേ ബ്ലാസ്റ്റേഴ്സ് മത്സരം പിടിച്ചു. 52–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന ഗോളെത്തി. അഡ്രിയൻ ലൂണയുടെ പാസ് സ്വീകരിച്ച് ചെന്നൈയിൻ ബോക്സിനുള്ളിൽനിന്നും ഡയസ് തൊടുത്ത ഷോട്ട് ഗോള്‍കീപ്പറെ മറികടന്ന് വലയിൽ കയറി. സ്കോർ 1–0. ഗോളിന്റെ ആവേശം അടങ്ങും മുൻപ് പെരേര വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ ചെന്നൈയിൻ ബോക്സിനുള്ളിലേക്കെത്തിയ പന്തിന് തലകൊണ്ട് ഡയസ് ഗോളിലേക്ക് വഴികാട്ടി (2–0).

പെരേരയുടെ ഇരട്ടഗോളിൽ ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചിരിക്കെ 90–ാം മിനിറ്റിൽ അഡ്രിയൻ ലൂണയിലൂടെ ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോളും നേടി. ചെന്നൈയിൻ ബോക്സിനു മുന്നിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. ലൂണയുടെ സുന്ദരമായ കിക്ക് ഗോൾകീപ്പറുടെ പ്രതിരോധം കടന്ന് നേരെ വലയിൽ. സ്കോർ 3–0.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week