ആലൂർ:വിജയ് ഹസാരെ ട്രോഫിയിലെ തങ്ങളുടെ നാലാം മത്സരത്തിൽ 119 റൺസിന്റെ കൂറ്റൻ വിജയം നേടി കേരളം. ആലൂരിൽ നടന്ന മത്സരത്തിൽ ത്രിപുരയെയെ 119 റൺസിനാണ് കേരളം പരാജയപ്പെടുത്തിയത്. ടൂർണമെൻരിൽ കേരളത്തിൻ്റെ മൂന്നാം വിജയമാണിത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം മുഹമ്മദ് അസറുദ്ദീന്റെ അർധ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്കോർ സ്വന്തമാക്കിയത്. ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്നും വിപരീതമായി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. 61 പന്തിൽ 58 റൺസെടുത്താണ് അസറുദ്ദീൻ മടങ്ങിയത്.
ഇതിന് പുറമെ രണ്ടാം ഓപ്പണറായ രോഹൻ എസ്. കുന്നുമ്മലും മികച്ച പ്രകടനം നടത്തി. 70 പന്തിൽ 41 റൺസാണ് താരം നേടിയത്.
38 പന്തിൽ 41 റൺസ് നേടിയ ശ്രേയസ് ഗോപാലാണ് കേരളത്തിനായി റൺസ് കണ്ടെത്തിയ മറ്റൊരു താരം. രണ്ട് ഫോറും മൂന്ന് സിക്സറുമാണ് താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്.
ഇവർക്ക് പുറമെ ബേസിൽ തമ്പി (22 പന്തിൽ 23) അഖിൽ സ്‌കറിയ (40 പന്തിൽ 22) എന്നിവരും തങ്ങളുടേതായ സംഭാവനകൾ നൽകി.ഒടുവിൽ 47.1 ഓവറിൽ 231 റൺസിന് കേരളം ഓൾ ഔട്ടാവുകയായിരുന്നു.
ത്രിപുരക്കായി അഭിജിത് സർകാർ, ബിക്രംജീത് ദേബ്‌നാഥ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മണിശങ്കർ മുരസിങ്, രാണ ദത്ത, ജോയ്ദീപ് ദിലീപ് ദേബ് എന്നിവർ ഓരോ വിക്കറ്റും നേടി.
മത്സരത്തിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി. അഞ്ച് പന്തിൽ നിന്നും ഒറ്റ റൺസ് മാത്രമാണ് താരത്തിന് കണ്ടെത്താൻ സാധിച്ചത്. തുടർച്ചയായ മത്സരങ്ങളിലെ സഞ്ജുവിൻ്റെ മോശം പ്രകടനം ആരാധകരെയും നിരാശരാക്കുന്നുണ്ട്.
അതേസമയം, കേരളം ഉയർത്തിയ 232 റൺസിന്റെ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ത്രിപുര 27.5 ഓവറിൽ 112 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.
മൂന്ന് താരങ്ങൾ മാത്രമാണ് ത്രിപുര നിരയിൽ ഇരട്ടയക്കം കണ്ടത്. ഏഴാം നമ്പറിൽ ഇറങ്ങി 34 പന്തിൽ 46 റൺസ് നേടിയ രജത് ദേയ് മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്.
ക്യാപ്റ്റൻ വൃദ്ധിമാൻ സാഹ അഞ്ച് റൺസ് നേടി പുറത്തായപ്പോൾ 31 പന്തിൽ 17 റൺസ് നേടിയ ഗണേഷ് സതീഷും 20 പന്തിൽ 12 റൺസ് നേടിയ പല്ലബ് ദാസുമാണ് ത്രിപുര നിരയിൽ ഇരട്ടയക്കം കണ്ട് മറ്റ് താരങ്ങൾ.
കേരളത്തിനായി അഖിൽ സ്‌കറിയയും അഖിൻ സത്താറും തകർത്തെറിഞ്ഞു. അഖിൽ സ്കറിയ ആറ് ഓവറിൽ 11 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഏഴ് ഓവറിൽ 27 റൺസ് വഴങ്ങിയാണ് അഖിൻ സത്താർ മൂന്ന് വിക്കറ്റ് നേടിയത്.
ബിക്രംജീത് ദേബ്നാഥ് റൺ ഔട്ടായപ്പോൾ വൈശാഖ് ചന്ദ്രൻ രണ്ടും ശ്രേസയ് ഗോപാൽ ഒന്നും വിക്കറ്റ് വീഴ്ത്തി ത്രിപുരയുടെ പതനം പൂർത്തിയാക്കി.
ഡിസംബർ ഒന്നിനാണ് കേരളത്തിന്റെ അടുത്ത മത്സരം. എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സിക്കിമാണ് എതിരാളികൾ.