കോട്ടയം:കോടിമത ആലപ്പുഴ ബോട്ട് സര്‍വീസ് പുത്തന്‍ ഉണര്‍വില്‍. മുന്‍മാസങ്ങളെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചു. കഴിഞ്ഞ കുറച്ചുമാസങ്ങളില്‍ 12,000 ആയിരുന്നു യാത്രക്കാരുടെ ശരാശരി എണ്ണം.
ഡിസംബറിലെ അവധിക്കാലത്ത് 25,000 ആയി ഉയര്‍ന്നു. ഒരുലക്ഷം രൂപയുടെ വരുമാന വര്‍ധനയാണുണ്ടായത്. തിരക്കുകുറഞ്ഞ മാസങ്ങളില്‍ 2.25 ലക്ഷം രൂപയാണ് ശരാശരി വരുമാനം. ഡിസംബറില്‍ വരുമാനം 3.25 ലക്ഷമായെന്ന് അധികൃതര്‍ അറിയിച്ചു.
കായല്‍യാത്ര ആസ്വദിക്കുന്നതിനൊപ്പം ഗ്രാമീണ ജീവിതത്തെ അടുത്തറിയാനും പരിസ്ഥിതി സൗഹാര്‍ദ യാത്രയ്ക്കുമായി വിദേശികളായ വിനോദസഞ്ചാരികളും ബോട്ടുയാത്രയ്ക്കായി എത്താറുണ്ട്.
വിനോദസഞ്ചാരികളെക്കൂടാതെ കര്‍ഷകത്തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടെ സാധാരണ ജനങ്ങളും യാത്രയ്ക്കായി ബോട്ട് സര്‍വീസിനെയാണ് ആശ്രയിക്കുന്നത്. കോട്ടയംമുതല്‍ ആലപ്പുഴവരെ 29 രൂപയാണ് ടിക്കറ്റ് ചാര്‍ജ്.
സര്‍വീസുകള്‍ ഇങ്ങനെ:
കോടിമതയില്‍നിന്നും ആലപ്പുഴയ്ക്ക് ദിവസേന അഞ്ചു തവണ സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ 6.45നും 11.30നും ഉച്ചയ്ക്ക് ഒന്നിനും ഉച്ചകഴിഞ്ഞ് 3.30നും 5.15നും സര്‍വീസുണ്ട്.
ആലപ്പുഴയില്‍നിന്ന് കോട്ടയത്തേക്ക് രാവിലെ 7.15നും 9.30നും 11.30നും ഉച്ചകഴിഞ്ഞ് 2.30നും 5.15നും ബോട്ട് സര്‍വീസുണ്ട്. മൂന്ന് ബോട്ടുകളാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
ടൂറിസ്റ്റ് സര്‍വീസ് പരിഗണനയില്‍
വിനോദസഞ്ചാരികള്‍ക്ക് മാത്രമായി ഒരു സ്‌പെഷ്യല്‍ സര്‍വീസ് ആരംഭിക്കാനാനുള്ള ഒരുക്കത്തിലാണ് ജലഗതാഗത വകുപ്പ്. അതിനായി അനുവദിച്ച ബോട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ആലപ്പുഴയില്‍നിന്നാരംഭിക്കുന്ന വേഗ ബോട്ട് സര്‍വീസിലെ വിനോദസഞ്ചാരികളില്‍ നല്ലൊരു ശതമാനം കോട്ടയംകാരാണ്. അത്തരം യാത്രികര്‍ക്കായി കോടിമതയില്‍നിന്ന് എ.സി., നോണ്‍ എ.സി. ബോട്ടുസര്‍വീസ് ആരംഭിക്കുന്നതിനും ആലോചനയുണ്ട്.