എനിക്ക് ഭയമുണ്ടായിരുന്നു, എന്നാൽ ചിരിച്ചുകൊണ്ട് 25,000 രൂപയുള്ള കവർ അദ്ദേഹം നീട്ടി- വിനയൻ
പ്രേംനസീര്‍ വിടപറഞ്ഞിട്ട് 34 വര്‍ഷം തികഞ്ഞ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സംവിധായകന്‍ വിനയന്‍. സംവിധായകന്‍ ആകണമെന്ന് ആഗ്രഹിച്ചു നടന്ന കാലത്ത് നസീറുമായി ഉണ്ടായ ഒരു അനുഭവമാണ് വിനയൻ പങ്കുവെച്ചത്. ഒരു കലാകാരന്‍ എത്രമാത്രം മനുഷ്യസ്‌നേഹി ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു പ്രേംനസീര്‍ എന്ന ഇതിഹാസ കലാകാരന്‍ എന്നും അദ്ദേഹം കുറിച്ചു.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രേംനസീര്‍ എന്ന ഇതിഹാസനായകന്‍ വിടപറഞ്ഞിട്ട് 34 വര്‍ഷം തികയുന്നു. നന്മയുടെയും സ്‌നേഹത്തിന്റെയും വിളനിലമായിരുന്ന ആ വലിയ മനുഷ്യന്റെ സ്മരണക്ക് മുന്നില്‍
ആദരാഞ്ജലികള്‍..
1983 കാലം..ഞാനന്ന് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലിക്കു കയറിയ സമയം. നാടക രചനയും സംവിധാനവും അഭിനയവും ഒക്കെയായിരുന്നു മനസ്സിന് ഏറെ ഇഷ്ടപ്പെട്ട വിഷയം. വിനയന്‍ അമ്പലപ്പുഴ എന്ന പേരില്‍ ആനുകാലികങ്ങളില്‍ ചില എഴുത്തു പരിപാടികളും ഉണ്ടായിരുന്നു. ഇതിനിടയില്‍ സഹസംവിധായകന്‍ ആകാനായി പത്മരാജന്‍ സാറിനെയും ഭരതേട്ടനേയും, ഐ വി ശശിയേട്ടനെയും നിരന്തരം പോയി കണ്ടിരുന്നു. അടുത്തതില്‍ ആകട്ടെ നോക്കാം എന്ന അവരുടെയൊക്കെ ആശ്വാസ വാക്കുകളില്‍ ആനന്ദം കണ്ടെത്തിയ കാലം. അങ്ങനെയിരിക്കെ ഞങ്ങള്‍ ചില സുഹൃത്തുക്കള്‍ ഒക്കെ ചേര്‍ന്ന് ഒരു സിനിമ നിര്‍മിക്കാം എന്ന ചര്‍ച്ച നടന്നു.
അരയന്നങ്ങള്‍ എന്ന സിനിമ എടുത്ത ഗോപികുമാറിനെ ആയിരുന്നു സംവിധായകനായി തീരുമാനിച്ചത്. അരയന്നങ്ങളുടെ നിര്‍മാതാവും എന്റെ സുഹൃത്തുമായിരുന്ന നെടുമുടി മോഹനാണ് ആ നിര്‍ദ്ദേശം വച്ചത്. നസീര്‍സാറിനെ നായകനായി നിശ്ചയിച്ച ആ സിനിമയ്ക് അഡ്വാന്‍സ് കൊടുക്കാനായി സാറിന്റെ അന്നത്തെ മദ്രാസിലെ വീട്ടില്‍ ഞങ്ങള്‍ ചെന്നപ്പോഴാണ് ഞാനദ്ദേഹത്തെ ആദ്യമായി കാണുന്നത്. കാര്യങ്ങള്‍ ഒക്കെ സംസാരിച്ച് ഇരുപത്തയ്യായിരം രൂപ ഒരു കവറിലിട്ട് അഡ്വാന്‍സായി അദ്ദേഹത്തിനു നല്‍കുമ്പോള്‍ അദ്ദേഹം എന്നോടു ചോദിച്ച ചോദ്യം കാതില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്. ഇത്ര ചെറുപ്പത്തിലേ നിര്‍മ്മാതാവിന്റെ ജോലി ഏറ്റെടുക്കണോ? സിനിമാ നിര്‍മാണമെന്ന് പറഞ്ഞാല്‍ ധാരാളം പണവും പരിശ്രമവും വേണ്ട ഒന്നാണ്.
അതൊക്കെ ഞങ്ങളെക്കൊണ്ട് കഴിയുമെന്നും നസീര്‍സാറിന്റെ ഡേറ്റ് കിട്ടിയാല്‍ ബാക്കിയെല്ലാം ശരിയാകുമെന്നും പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ട് വളരെ സൂക്ഷിച്ച് എല്ലാം ചെയ്യണമെന്ന് ഉപദേശിച്ച് അദ്ദേഹം ഞങ്ങളെ യാത്രയാക്കി. നസിര്‍സാര്‍ പറഞ്ഞ പോലെ തന്നെ എടുത്തുചാടിയുള്ള ഞങ്ങടെ സിനിമാനിര്‍മ്മാണത്തിനുള്ള ഇറക്കം ഷൂട്ടിംഗ് തുടങ്ങാനാകാതെ മുടങ്ങി. പിന്നീട് ചിലയിടങ്ങളില്‍ വച്ച് അദ്ദേഹത്തെ കാണാന്‍ സൗകര്യം കിട്ടിയപ്പോള്‍ അതിന് ധൈര്യമില്ലാതെ നാണക്കേടുകൊണ്ട് ഞാന്‍ മുങ്ങിയിരുന്നു.
ഏതാണ്ട് ഏഴെട്ടു മാസം കഴിഞ്ഞ് ആലപ്പുഴ സൗത്ത് ഇലക്ട്രി സിറ്റി ബോര്‍ഡ് ഓഫീസിലേക്ക് എനിക്ക് ഒരു ഫോണ്‍ വന്നു. ഞാനന്ന് അവിടെ ആയിരുന്നു ജോലി ചെയ്തിരുന്നത്.. ആലപ്പുഴ ഉദയാ സ്റ്റുഡിയോയില്‍ നിന്ന് ശാരംഗപാണിച്ചേട്ടനായിരുന്നു വിളിച്ചത്. നസീര്‍ സാര്‍ വിനയനെ ഒന്നു കാണണമെന്ന് പറയുന്നു. അങ്ങോട്ട് കാറ് വേണമെങ്കില്‍ അയച്ചു തരാന്‍ സാറു പറഞ്ഞിട്ടുണ്ട്.. അയ്യോ അതൊന്നും വേണ്ട ഞാന്‍ വന്നോളാം എന്നു പറഞ്ഞ് ഉടന്‍ തന്നെ എന്റെ മോട്ടോര്‍ സൈക്കിളില്‍ ഉദയായിലേക്കു പോയി. ഇതിനൊന്നും ഉള്ള പക്വതയാകാതെ ആവശ്യമില്ലാത്ത പണിക്ക് ഇറങ്ങരുതെന്നു ഞാന്‍ പറഞ്ഞതല്ലേ എന്നു നസീര്‍സാര്‍ ചോദിക്കും എന്നെനിക്ക് ഉറപ്പായിരുന്നു.
അന്നത്തെ അദ്ദേഹത്തിന്റെ ഒത്തിരി വിലയേറിയ ഡേറ്റ് ബ്ലോക്ക് ചെയ്ത് നഷ്ടപ്പെടുത്തിയതിന്റെ കുറ്റബോധത്താല്‍ എനിക്കു നല്ല ഭയവുമുണ്ടായിരുന്നു. എന്നാല്‍ ഉദയായിലെ നസീര്‍ ബംഗ്ലാവിലേക്കു ചെന്ന എന്നെ ചിരിച്ചു കൊണ്ടു സ്വീകരിച്ച് ഒരു കവര്‍ എന്റെ നേരെ നീട്ടി അദ്ദേഹം പറഞ്ഞു. അന്നു തന്ന 25,000 രൂപയാണ്. മടിച്ചു മടിച്ച് അതു മേടിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു സോറി സാര്‍. ഇതൊക്കെ സിനിമയില്‍ സംഭവിക്കുന്ന കാര്യങ്ങളല്ലേ. അതിനു ടെന്‍ഷനൊന്നും വേണ്ട. ഇപ്പോ ശാരംഗപാണി ഉള്ളതുകൊണ്ടാ വിനയനെ കണ്ടെത്താന്‍ എനിക്കു കഴിഞ്ഞത്. അല്ലങ്കില്‍ ഈ തുക മടക്കി തരാനാകാതെ ഞാന്‍ വിഷമിച്ചേനെ.
സിനിമയോടുള്ള നിങ്ങടെ ഇഷ്ടം ഞാന്‍ മനസ്സിലാക്കുന്നു. ശാരംഗ പാണി എന്നോടെല്ലാം പറഞ്ഞു. സംവിധായകനാകണമെന്നല്ലേ ആഗ്രഹം. ജോലിയില്‍ തുടര്‍ന്നുകൊണ്ടു തന്നെ അതിനു ശ്രമിക്കു. അതാ നല്ലത്. ഒരിക്കല്‍ വിനയന്റെ സംവിധാനത്തില്‍ ഞാനും അഭിനയിക്കാം. നിറഞ്ഞ ചിരിയോടെ എന്നെ ആശ്വസിപ്പിക്കാന്‍ വേണ്ടി ആയിരിക്കാം അദ്ദേഹം അതു പറഞ്ഞത്. അതു കഴിഞ്ഞ് അഞ്ചു വര്‍ഷം തികയുന്നതിനു മുന്‍പ് അദ്ദേഹം അന്തരിച്ചു. ഒരു കലാകാരന്‍ എത്രമാത്രം മനുഷ്യസ്‌നേഹി ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു. പ്രേംനസീര്‍ എന്ന ഇതിഹാസ കലാകാരന്‍.