നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍ കൂറുമാറിയെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ കാവ്യ മാധവന്‍ കൂറുമാറിയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. പ്രോസിക്യൂഷന്റെ ക്രോസ് വിസ്താരമാണ് ഇപ്പോള്‍ നടക്കുന്നത്. കേസില്‍ കാവ്യാ മാധവന്‍ 34-ാം സാക്ഷിയായിരുന്നു. താരസംഘടനയായ ‘അമ്മ’യുടെ പരിപാടി നടന്ന വേദിയില്‍ അക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് സാക്ഷിയായിരുന്നു കാവ്യാ മാധവനെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. തുടര്‍ന്നാണ് കാവ്യയെ സാക്ഷിയാക്കാന്‍ പോലീസ് തീരുമാനിച്ചത്.

കേസിന്റെ വിചാരണ കുറച്ച് നാളത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇന്നലെ വിസ്താരം ആരംഭിച്ചപ്പോള്‍ കാവ്യാ മാധവന്‍ എത്തിയിരുന്നു. എന്നാല്‍ കാവ്യ നല്‍കിയ ചില മറുപടികളാണ് ഇപ്പോള്‍ താരത്തെ കൂറുമാറിയതായി പ്രഖ്യാപിക്കാന്‍ പ്രോസിക്യൂഷനെ പ്രേരിപ്പിച്ചത്. കാവ്യയെ ക്രോസ് വിസ്താരത്തിന് വിധേയയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

നടിയെ അക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവന്‍ ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ഹാജരായത്. കഴിഞ്ഞ മെയ് മാസത്തില്‍ കാവ്യ കോടതിയില്‍ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല.

കേസില് 300 ല്‍ അധികം സാക്ഷികളുള്ളതില്‍ 178 പേരുടെ വിസ്താരമാണിപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടടുള്ളത്. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രിംകോടതിയോട് ആറ് മാസം കൂടി സമയം കോടതി ആവശ്യപെട്ടിട്ടുണ്ട്. 2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി അക്രമത്തിനിരയാകുന്നത്. കേസില്‍ കാവ്യാ മാധവന്റെ ഭര്‍ത്താവും നടനുമായ ദിലീപ് എട്ടാം പ്രതിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News