ജയ്പുര്‍: ബോളിവുഡ് താരങ്ങളായ കത്രീനാ കൈഫും വിക്കി കൗശലും വിവാഹിതരായി. രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഞങ്ങളെ ഈ നിമിഷത്തിലേക്ക് എത്തിച്ച എല്ലാത്തിനോടുമുള്ള സ്നേഹവും നന്ദിയുമാണ് ഇരുവരുടെയും ഹൃദയത്തിലെന്ന് വിവാഹചിത്രങ്ങള്‍ പങ്കുവച്ച് കത്രീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മൂന്നു ദിവസം നീണ്ട ആഘോഷമായിരുന്നു വിവാഹത്തോടനുബന്ധിച്ചു നടന്നത്. ചൊവ്വാഴ്ച മെഹന്ദി ചടങ്ങും ബുധനാഴ്ച രാത്രി സംഗീതവിരുന്നുമുണ്ടായി. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ ആകെ 120 പേര്‍ക്കുമാത്രമാണ് ക്ഷണമുള്ളത്.
സവായ് മധോപുരിലെ ചൗത് കാ ബര്‍വാര പട്ടണത്തിലെ സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയാണ് താരവിവാഹത്തിന് വേദിയായത്. രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വര്‍ഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര. പതിനാലാം നൂറ്റാണ്ടില്‍ പണിത ഈ കോട്ട ഇന്ന് ആഡംബരസൗകര്യങ്ങളുള്ള റിസോര്‍ട്ടാണ്.