EntertainmentKeralaNews

സിനിമയില്‍ ശീലങ്ങളെയും വഴക്കങ്ങളെയും വിചാരണ ചെയ്യുന്നു! മമ്മൂട്ടി ചിത്രം കാതലിനെ കുറിച്ചുള്ള വൈറല്‍ കുറിപ്പ്

കൊച്ചി:സിനിമകളിലെ പ്രകടനത്തിലൂടെ അത്ഭുതപ്പെടുത്തുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന കാതല്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.

ജിയോ ബേബിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് സാമൂഹ്യ നിരീക്ഷകന്‍ ഡോ. ആസാദ്. കാതല്‍ സിനിമ മുന്നോട്ട് വെക്കുന്ന ആശയങ്ങളെ കുറിച്ചും അത് മനോഹമായി അവതരിപ്പിച്ച സംവിധായകനും അഭിനന്ദനം നേര്‍ന്ന് കൊണ്ടാണ് ഡോക്ടര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

കാതല്‍ നല്ല സിനിമയാണ്. പുതിയ ലോകത്തെയും പുതിയ കാലത്തെയും അഭിസംബോധന ചെയ്യുകയാണ് ജിയോ ബേബിയും സംഘവും ഈ സിനിമയില്‍. അത് ശീലങ്ങളെയും വഴക്കങ്ങളെയും വിചാരണ ചെയ്യുന്നു. ഐക്യപ്പെട്ടു പോകുന്ന കുടുംബങ്ങളില്‍ എരിഞ്ഞു കിടക്കുന്ന കനലുകളെ ഇളക്കിയിടുന്നു. പൊടുന്നനെയുള്ള ഒരാളല്‍ നമ്മെ പൊള്ളിക്കുന്നു. പൊട്ടിത്തെറിക്കാന്‍ പാകത്തിലുള്ള എത്ര നിശ്ശബ്ദ നേരങ്ങളെയാണ് നാം സമര്‍ത്ഥമായി ചാടിക്കടക്കുന്നതെന്ന് ഓര്‍മ്മിപ്പിക്കുന്നു.

മമ്മുട്ടി വേഷമിടുന്ന നായക കഥാപാത്രം (മാത്യു) സ്വവര്‍ഗാഭിമുഖ്യം പുലര്‍ത്തുന്നവരുടെ പ്രതിനിധിയാണ്. അത് അയാളുടെ പെരുമാറ്റത്തില്‍നിന്ന് പൊതുസമൂഹം മനസ്സിലാക്കിയതല്ല. ഭാര്യ നല്‍കിയ വിവാഹമോചന പരാതിയാണ് വിഷയം പുറത്താക്കിയത്. അഥവാ അത് ആദ്യം ഭാര്യയുടെ ബോദ്ധ്യമാണ്. ഇരുപതു വര്‍ഷത്തെ ദാമ്പത്യത്തില്‍ വെറും നാലു തവണ മാത്രമുള്ള ശാരീരിക ബന്ധവും ഒരു സുഹൃത്തിനോടുള്ള ഭര്‍ത്താവിന്റെ അമിത സൗഹൃദവുമാണ് അവരെ സംശയാലുവാക്കുന്നത്.

തന്നെയും തന്റെ ഭര്‍ത്താവിനെയും തങ്ങള്‍ അകപ്പെട്ട കുരുക്കില്‍ നിന്ന് മോചിപ്പിക്കാനാണ് വിവാഹമോചനം എന്ന ആശയം അവര്‍ കണ്ടെത്തുന്നത്. ഭിന്ന ലൈംഗികചോദനകളോടും ആഭിമുഖ്യങ്ങളോടുള്ള നമ്മുടെ (പ്രേക്ഷകരുടെയും പൊതുസമൂഹത്തിന്റെയും) സമീപനം ഇപ്പോഴും പക്വമല്ല. വഴക്കവും പാരമ്പര്യവും പൊതുബോധത്തില്‍ ശക്തമാണ്. ആചാരസംരക്ഷണത്തിന് അമിതപ്രാധാന്യം നല്‍കുന്ന സമൂഹമാണല്ലോ നമ്മുടേത്.

ഇവയ്‌ക്കൊപ്പമാണ് പുതിയ മത്സര മുതലാളിത്തത്തിന്റെ ലിബറല്‍ ആശയ നിര്‍മ്മിതികളും സംഘര്‍ഷ ഭാവനകളും കടന്നുവരുന്നത്. നാം അറിയാതെ അതില്‍ ചിതറുന്നുണ്ട്. വൈവിദ്ധ്യങ്ങളില്‍ മുറിഞ്ഞു പോകാനും ഓരങ്ങളില്‍ മറഞ്ഞു തീരാനും ജീവിതം എടുത്തെറിയപ്പെടുന്നു. പൊതുവായ ഇടങ്ങള്‍ കുറയുകയും പൊതു അധികാരകേന്ദ്രം ശക്തമാകുകയും ചെയ്യുന്നതിലെ ക്രൂരമായ വൈരുദ്ധ്യം നാം വേണ്ടവിധം ശ്രദ്ധിക്കുന്നില്ല.

താല്‍ക്കാലികത്തെ സ്ഥിരമെന്നും ഭ്രമത്തെ സ്വഭാവമെന്നും ആഭിമുഖ്യത്തെ ശീലമെന്നും പ്രണയത്തെ ദാമ്പത്യമെന്നും കൂട്ടി വായിക്കാനുള്ള ഒരു പ്രേരണ നമ്മെ കീഴടക്കിയിട്ടുണ്ട്. മുറിഞ്ഞു പോകലിന്റെ അഥവാ മുറിച്ചു മാറ്റലിന്റെ തത്വചിന്തയുണ്ടാക്കുന്ന മതിഭ്രമമാണത്. അത് വംശ വര്‍ണ ലിംഗ വര്‍ഗ ലോകങ്ങളെ പലതായി പിളര്‍ക്കുന്നു. അവയുടെ സംഘര്‍ഷങ്ങളില്‍ വിപണിയുടെ രാഷ്ട്രീയാധികാരം കൂര്‍ത്തുയരുന്നു.

ഭിന്ന ലൈംഗിക ചോദനകളും അവയുടെ സാമൂഹികാസ്തിത്വം ഉറപ്പിക്കാനുള്ള പോരാട്ടങ്ങളും ഇന്ന് സജീവമാണ്. അത് പൊതുവേ തിരിച്ചറിയപ്പെടുന്നുണ്ട്. പൊതുജീവിതത്തിന്റെ എല്ലാ തലങ്ങളിലും അതിന് അംഗീകാരം ലഭിക്കുമെന്നായിട്ടുമുണ്ട്. (ജീവിത പങ്കാളിയായി ആരെയും തെരഞ്ഞെടുക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യം കേവലം ലൈംഗികതയുടെ വിഷയമല്ലല്ലോ. ദാമ്പത്യത്തില്‍ ലൈംഗികതയ്ക്കു പ്രാധാന്യം വന്നത് സന്തതി പരമ്പരകളും സ്വകാര്യ സ്വത്തും തമ്മില്‍ നിലവിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ്. ഏതുതരം ജീവിത പങ്കാളിത്തവും ദാമ്പത്യമാവണം എന്ന തോന്നലും സ്വത്തുടമസ്ഥതയുടെ വിഷയമാണ്.)

സ്വവര്‍ഗാഭിമുഖ്യം പോലുള്ള ഭിന്ന ജൈവികചോദനകളെ സാമൂഹികാസ്തിത്വവുമായുള്ള നിരന്തര സംഘര്‍ഷത്തിന് വിട്ടുകൊടുത്തു മാത്രമേ മുന്നോട്ടു പോകാനാവൂ. ആ സംഘര്‍ഷത്തെ ലളിത സൂത്രങ്ങളില്‍ തളയ്ക്കാന്‍ കഴിയില്ല. താല്‍ക്കാലിക പരിഹാരവും സാദ്ധ്യമാവില്ല.

കാതല്‍ എന്ന സിനിമ ആ സംഘര്‍ഷത്തിലേക്ക് വഴി തുറക്കുന്നു. എന്നാല്‍ സിനിമയില്‍ പരിഹാരം കണ്ടെത്തുന്നത് എളുപ്പത്തിലായിപ്പോയി. അവിടെയാണ് പ്രമേയത്തിലും ആഖ്യാനത്തിലുമുള്ള എന്റെ ആശങ്കകള്‍ കുമിയുന്നത്.

അതിവിടെ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നില്ല. തീരെ ലളിതമല്ലാത്ത ഒരകവേവിന്റെ വേരുകള്‍ കണ്ടെത്തി അവ അത്യധികം സൂക്ഷ്മമായി ആവിഷ്‌കരിക്കാനുള്ള ശ്രമം ആദരിക്കപ്പെടണം. മമ്മൂട്ടിയും ജ്യോതികയും സുധിയും ആര്‍ എസ് പണിക്കരും അവതരിപ്പിച്ച വേഷങ്ങള്‍ അസാമാന്യ പ്രകടനങ്ങളാകുന്നു. ഇത്ര സൗമ്യമായ ചലനങ്ങളില്‍, മൃദുവായ മൊഴികളില്‍ കൊടുങ്കാറ്റുകളെ ഒതുക്കിവെക്കാനുള്ള വൈഭവം ശ്ലാഘിക്കപ്പെടണം.

ജിയോ ബേബി ധീരമായ ഒരന്വേഷണത്തിനാണ് ഇറങ്ങിത്തിരിച്ചത്. അഭിവാദ്യം. കാതല്‍ പ്രമേയത്തില്‍ പുറത്തിടുന്ന കനല്‍ ചലച്ചിത്രാഖ്യാനത്തിന്റെ ഭാഷയിലോ പാറ്റേണുകളിലോ വലിയ ഭാവുകത്വ മാറ്റങ്ങള്‍ക്ക് ഇടയാക്കിയില്ല എന്നത് വിനീതമായ വിമര്‍ശനം. അതിനു ശേഷിയുള്ള സംവിധായകനാണ് ജിയോ ബേബി എന്ന് ഈ ചലച്ചിത്രം പക്ഷേ, വിളിച്ചു പറയുന്നുണ്ട്. അതിനാല്‍ ഈ സംവിധായകനിലേക്ക് ലോകം പ്രതീക്ഷയോടെ നോക്കും. നോക്കിക്കൊണ്ടിരിക്കും. കാതല്‍ സംഘത്തിന് അഭിവാദ്യം. ആസാദ്’,.. എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button