കശ്മീർ റിക്രൂട്ട്‌മെന്റ് കേസ്: 11 പ്രതികൾക്ക് ജീവപര്യന്തം; മൂന്ന് പ്രതികളെ വെറുതേവിട്ടു

കൊച്ചി: കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെ പതിനൊന്ന് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. രണ്ടാം പ്രതി ഉള്‍പ്പെടെ മൂന്ന് പ്രതികളെ വെറുതെ വിട്ടു. എന്‍ഐഎ നല്‍കിയ അപ്പീല്‍ പരിഗണിച്ച് പ്രതികള്‍ക്ക് രാജ്യത്തിനെതിരെ യുദ്ധം ചെയ്തതിനും ഗൂഢാലോചനാക്കുറ്റത്തിനും മറ്റൊരു ജീവപര്യന്തം ശിക്ഷയും ഹൈക്കോടതി വിധിച്ചു. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

കേസില്‍ എന്‍ഐഎ കോടതി നേരത്തെ ജീവപര്യന്തം ശിക്ഷ വിധിച്ച പതിനാല് പ്രതികളും എന്‍ഐഎയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി മൂന്ന് പ്രതികളെ വെറുതേവിട്ടു. കേസിലെ രണ്ടാം പ്രതിയായ ഫൈസല്‍, പതിനാലാം പ്രതി മുഹമ്മദ് നവാസ്, ഇരുപത്തിരണ്ടാം പ്രതി ഉമ്മര്‍ ഫറൂഖ് എന്നിവരെയാണ് ഹൈക്കോടതി വെറുതേവിട്ടത്. മറ്റ് പതിനൊന്ന് പ്രതികളുടേയും ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു.

അതോടൊപ്പം, പതിനൊന്ന് പ്രതികള്‍ക്കെതിരായ എന്‍ഐഎയുടെ അപ്പീലും ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. രാജ്യത്തിനെതിരെ യുദ്ധം ചെയ്തതിന് ചുമത്തിയ 122-ാം വകുപ്പ്, ഗൂഢാലോചനക്കുറ്റമായ ഐപിസി 120ബി എന്നിവയില്‍നിന്ന് എന്‍ഐഎ കോടതി നേരത്തെ എല്ലാ പ്രതികളേയും ഒഴിവാക്കിയിരുന്നു. ഇതിനെതിരെ എന്‍ഐഎ നല്‍കിയ അപ്പീല്‍ ഹൈക്കോടതി അനുവദിച്ചു. പതിനൊന്ന് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. കൂടാതെ പ്രതികള്‍ക്കെതിരെ മറ്റൊരു ജീവപര്യന്തം ശിക്ഷ കൂടി ഹൈക്കോടതി വിധിച്ചിട്ടുണ്ട്. ശിക്ഷ പ്രതികള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. പ്രതികള്‍ക്കെതിരെ എന്‍ഐഎ നല്‍കിയ ഒരു അപ്പീല്‍ കൂടി ഹൈക്കോടതി അനുവദിച്ചുവെന്നത് ഈ കേസില്‍ ശ്രദ്ധേയമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News