31.1 C
Kottayam
Saturday, May 18, 2024

കര്‍ണാടകം ഇന്ന് പോളിംഗ് ബൂത്തിലേക്ക്‌

Must read

ബെംഗളൂരു: കർണാടകത്തിന്റെ രാഷ്ട്രീയഭാവി നിർണയിക്കുന്ന ജനകീയ വിധിയെഴുത്ത് ബുധനാഴ്ച. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 13-ന് ഫലമറിയാം.

അടുത്തവർഷത്തെ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടക്കുന്ന തിരഞ്ഞെടുപ്പിനെ രാജ്യം ആകാംക്ഷയോടെയാണ് കാണുന്നത്. കർണാടക ഫലം ദേശീയ രാഷ്ട്രീയത്തിന്റെയും ഭാവി നിർണയിക്കും. കഴിഞ്ഞതവണ വലിയ ഒറ്റക്കക്ഷിയായിട്ടും ബി.ജെ.പി.ക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

കോൺഗ്രസിൽനിന്നും ജെ.ഡി.എസിൽനിന്നുമായി 17 എം.എൽ.എ.മാരെ സ്വന്തം പാളയത്തിലെത്തിച്ച് കുറുക്കുവഴിയിലൂടെയാണ് 2019-ൽ അധികാരം പിടിച്ചത്. ഇത്തവണ വ്യക്തമായ ഭൂരിപക്ഷം നേടി കരുത്തുതെളിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പെടെയുള്ള ദേശീയനേതാക്കളെത്തിയായിരുന്നു പ്രചാരണം.

പല നിയമസഭാ തിരഞ്ഞെടുപ്പുകളിലും പരാജയമേറ്റുവാങ്ങിയ കോൺഗ്രസ് തിരിച്ചുവരവിനുള്ള അവസരമായാണ് കർണാടകയെ കാണുന്നത്. മോദിയെ വിമർശിച്ചതിന് അപകീർത്തിക്കേസിൽപ്പെട്ട് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം നഷ്ടമായതിനുശേഷമുള്ള ആദ്യതിരഞ്ഞെടുപ്പാണ്. ഇതിൽ ബി.ജെ.പി.ക്ക് മറുപടിനൽകണം.

കർണാടകത്തിലെ നേതാവായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സ്വാധീനവും തെളിയിക്കണം. സംസ്ഥാന രാഷ്ട്രീയത്തിലെ നിർണായകശക്തിയാകാനാണ് ജെ.ഡി.എസിന്റെ ശ്രമം. ആർക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ജെ.ഡി.എസിന് ഭാവിനിർണയിക്കാനാകും.

224 മണ്ഡലങ്ങളിലേക്കായി 2613 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. 185 വനിതകൾ ജനവിധിതേടുന്നുണ്ട്. രണ്ട് ഭിന്നലൈംഗികരും സ്ഥാനാർഥികളാണ്. ബി.ജെ.പി.-224, കോൺഗ്രസ്-223, ജെ.ഡി.എസ്.-207, എ.എ.പി.-209, ബി.എസ്.പി.-133, ജെ.ഡി.യു.-8, സി.പി.ഐ.-7, സി.പി.എം.-4, നാഷണൽ പീപ്പിൾസ് പാർട്ടി-2 എന്നിങ്ങനെയാണ് സ്ഥാനാർഥികൾ. മറ്റ് ചെറുപാർട്ടികളുടെ 685 പേരും 918 സ്വതന്ത്രരുമുണ്ട്. 5.30 കോടി വോട്ടർമാരുണ്ട്. ഇതിൽ 2.63 കോടി വനിതകളാണ്. 4927 പേർ ഭിന്നലൈംഗികർ. 9.17 ലക്ഷം പേർ കന്നിവോട്ടർമാരാണ്. 58,258 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week