31.1 C
Kottayam
Saturday, May 4, 2024

ഗാസയിൽ ഇസ്രയേൽ ആക്രമണം: 13 മരണം

Must read

ഗാസ സിറ്റി: ഗാസയിൽ ഇസ്രയേൽ ചൊവ്വാഴ്ച പുലർച്ചെ നടത്തിയ വ്യോമാക്രമണത്തിൽ ഇസ്‌ലാമിക് ജിഹാദ് സംഘത്തിലെ മൂന്നുപേരുൾപ്പെടെ 13 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇസ്‌ലാമിക് ജിഹാദ് സംഘാംഗങ്ങളുടെ ഭാര്യമാർ, മക്കൾ, അയൽവാസികൾ തുടങ്ങിയവരാണ് കൊല്ലപ്പെട്ടവരെന്ന് പലസ്തീൻ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 20 പേർക്ക് പരിക്കേറ്റു.

ഇറാൻപിന്തുണയുള്ള ഇസ്‌ലാമിക് ജിഹാദിന്റെ പരിശീലനകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സംഘത്തിലെ കമാൻഡർമാരാണ് കൊല്ലപ്പെട്ട മൂന്നുപേരും. ഈയിടെ ഇസ്രയേലിനുനേരെ റോക്കറ്റാക്രമണം നടത്തിയവരാണ് ഇവരെന്ന് സൈന്യം അറിയിച്ചു.

പ്രത്യാക്രമണസാധ്യത കണക്കിലെടുത്ത് തെക്കൻ ഇസ്രയേലിലെ സ്കൂളുകളും റോഡുകളും അടച്ചു. പൊതുയോഗങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി.

ആക്രമണത്തിനു തിരിച്ചടിനൽകുമെന്ന് ഇസ്‍ലാമിക് ജിഹാദിന്റെയും ഹമാസിന്റെയും നേതാക്കൾ പ്രതികരിച്ചു.ഇസ്രയേലും പലസ്തീൻപോരാളികളും തമ്മിൽ സംഘർഷം കനത്തുനിൽക്കുമ്പോഴാണ് വ്യോമാക്രമണം.

വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ മൂന്നുദിവസത്തെ സന്ദർശനം ഇസ്രയേൽ വിദേശകാര്യമന്ത്രി ഏലി കോഹൻ വെട്ടിച്ചുരുക്കി. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം മടങ്ങി. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി അദ്ദേഹം ചർച്ചനടത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week