കര്‍ണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആത്മഹത്യക്ക് ശ്രമിച്ചു

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആത്മഹത്യക്ക് ശ്രമിച്ചു. എന്‍ആര്‍ സന്തോഷാണ് ആത്മഹത്യാ ശ്രമം നടത്തിയത്. യെഡിയൂരപ്പയുടെ ബന്ധു കൂടിയാണ് ഇയാള്‍.

അമിതമായി ഉറക്ക ഗുളിക കഴിച്ച നിലയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സന്തോഷിനെ താമസസ്ഥലത്ത് കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ സന്തോഷ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവിലാണ് ഉള്ളത്. പ്രാഥമിക അന്വേഷണത്തില്‍ സന്തോഷ് 12 ഓളം ഉറക്ക ഗുളിക കഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. യെഡിയൂരപ്പയുടെ സഹോദരിയുടെ ചെറുമകനാണ് 32കാരനായ സന്തോഷ്.

കുടുംബ പ്രശ്നങ്ങളില്‍ സന്തോഷ് അസ്വസ്ഥനായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം ആത്മഹത്യാ ശ്രമത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

യെഡിയൂരപ്പ ആശുപത്രിയിലെത്തി സന്തോഷിനെ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച രാവിലെ താന്‍ സന്തോഷിനെ കണ്ടിരുന്നു. 45 മിനിറ്റ് തങ്ങള്‍ ഒരുമിച്ച് നടന്നു. വ്യാഴാഴ്ചയും കണ്ടുമുട്ടിയിരുന്നു. എന്തുകൊണ്ട് ഇത്തരമൊരു നടപടി സന്തോഷ് സ്വീകരിച്ചതെന്ന് തനിക്കറിയില്ലെന്നും സന്ദര്‍ശനത്തിന് ശേഷം യെഡിയൂരപ്പ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News