KeralaNews

മുസ്ലിങ്ങളെ പ്രകോപിപ്പിക്കാമെന്നോ നിരാശപ്പെടുത്താമെന്നോ ആരും കരുതേണ്ട;പള്ളി പിടിയ്ക്കലില്‍ പ്രതികരണവുമായി കാന്തപുരം

കോഴിക്കോട്: മുസ്ലിങ്ങളെ പ്രകോപിപ്പിക്കാമെന്നോ നിരാശപ്പെടുത്താമെന്നോ ആരും കരുതേണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. മുസ്ലിങ്ങളുടെ ന്യായമായ അവകാശങ്ങളുടെ ഒപ്പം നില്‍ക്കാന്‍ ഈ രാജ്യത്തെ മുഴുവന്‍ മതേതര ജനാധിപത്യ വിശ്വാസികളും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, വിവിധ സമയങ്ങളില്‍, ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോയവരാണ് മുസ്ലിങ്ങള്‍. ആത്മീയമായ ഊര്‍ജ്ജം കൈവരിച്ചാണ് അവയെ എല്ലാം മുസ്ലിങ്ങള്‍ അതിജയിച്ചത്. ഇപ്പോഴത്തെ പ്രതിസന്ധികളെയും അങ്ങിനെതന്നെ അതിജയിക്കും. പ്രതിസന്ധികളെയും പ്രയാസങ്ങളെയും ആത്മീയാനുഭവങ്ങള്‍ ആയി മനസ്സിലാക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്. സാമ്പത്തികം, രാഷ്ട്രീയം എന്നിങ്ങനെ പല രൂപത്തില്‍ ആവാം പ്രശ്‌നങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

പക്ഷേ അവ ആത്യന്തികമായി ആത്മീയ പ്രശ്‌നങ്ങളാണ്. പ്രാര്‍ഥനകൊണ്ടും വിശ്വാസം കൊണ്ടുമാണ് പ്രശ്‌നങ്ങളെ അതിജയിക്കേണ്ടത്. സ്രഷ്ടാവിന്റെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന വിശ്വാസികളെ നിരാശരാക്കാന്‍ ആര്‍ക്കും കഴിയില്ല. സംയമനവും സമാധാനവും ക്ഷമയും പരസ്പര്യവുമാണ് ഇസ്ലാമിന്റെ ഭാഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതിക്രമിച്ചു കയ്യേറിയ ഒരു സ്ഥലത്ത് നടത്തുന്ന ആരാധന സ്വീകാര്യമല്ല എന്നതാണ് മുസ്ലിങ്ങളുടെ വിശ്വാസം. അതുകൊണ്ടുതന്നെ, അങ്ങേയറ്റം സൂക്ഷ്മത പാലിച്ചു കൊണ്ടാണ് ഏതൊരു കാലത്തും മുസ്ലിങ്ങള്‍ ആരാധാനാലയങ്ങള്‍ പണിതത്. കാരണം, ആരാധനാ സ്വീകരിക്കപ്പെടണമെങ്കില്‍ അതു നിര്‍വഹിക്കപ്പെടുന്ന സ്ഥലം എല്ലാത്തരം അനീതികളില്‍ നിന്നും മോചിക്കപ്പെട്ടതാകണം. ആ നിബന്ധന പാലിച്ചു കൊണ്ടാണ് എക്കാലത്തും മുസ്ലിങ്ങള്‍ ആരാധനാലയങ്ങള്‍ പണിതത്.

അങ്ങനെ നിര്‍ണയിക്കപ്പെട്ട സ്ഥലം എക്കാലത്തും ആരാധനാലയം തന്നെ ആയിരിക്കും. അവ ഇന്നല്ലെങ്കില്‍ മറ്റൊരു ദിവസം മുസ്ലിങ്ങളിലേക്ക് വന്നു ചേരുക തന്നെ ചെയ്യും. കഅബയുടെയും അഖ്സാ പള്ളിയുടെയും ചരിത്രം അതാണ് പഠിപ്പിക്കുന്നത്. മുസ്ലിങ്ങളോടൊപ്പം നിന്നതിന്റെ പേരില്‍ ആക്രമിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്നവരോട് ഈ സമുദായത്തിന്റെ ഐകദാര്‍ഥ്യം അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മര്‍കസ് ഖത്മുല്‍ ബുഖാരി, സനദ് ദാന സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം.

മസ്ജിദുകള്‍ക്ക് നേരെ തുടരുന്ന കയ്യേറ്റങ്ങള്‍ ഇന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യത്തെ ആന്തരികമായി ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന്‌ മര്‍കസ് പ്രമേയം. ഇതിന് തടയിടാന്‍ ആരാധനാലയ സംരക്ഷണ നിയമം ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാരുകളും നിയമസംവിധാനവും രംഗത്തിറങ്ങണമെന്നും മര്‍കസ് ഖത്മുല്‍ ബുഖാരി സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ആരാധനാലയസംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് കടക വിരുദ്ധമായാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് ആരാധനാ കേന്ദ്രങ്ങളില്‍ ഖനനത്തിന് അനുമതി നല്‍കുന്നത്. ഇത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം. ഒരു ചരിത്ര ഗവേഷണ സ്ഥാപനം സ്വീകരിക്കേണ്ട ഗവേഷണാത്മകമായ സമീപനമല്ല എ.എസ്.ഐ. സ്വീകരിക്കുന്നതെന്നും സമ്മേളന പ്രമേയം അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button