കണ്ണൂര്‍: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് കെ.കെ രാഗേഷ് എം.പിക്കും കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ ടി.ഒ മോഹനനും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്ക്കും കണ്ണൂര്‍ ജില്ലാ കലക്ടര്‍ നോട്ടീസ് അയച്ചു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തതിനാണ് രാഗേഷിന് നോട്ടീസ് അയച്ചത്. മാലിന്യ സംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ട പൊതുപരിപാടി നടത്തിയതിനാണ് മേയര്‍ക്ക് നോട്ടീസ് നല്‍കിയത്.
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് കെകെ രാഗേഷ് എംപി മുണ്ടേരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹൈടെക് ക്ലാസ് മുറികള്‍ ഉദ്ഘാടനം ചെയ്തുതുവെന്നാണ് കണ്ടെത്തല്‍. മേയര്‍ ടിഒ മോഹനന് ചിക്കന്‍ സ്റ്റാളുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നതിനുള്ള വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നടത്തിയെന്നും കണ്ടെത്തി.
നോട്ടീസ് ലഭിച്ച് രണ്ട് ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്നാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടിവി സുഭാഷിന്റെ നിര്‍ദേശം. ചട്ടം ലംഘിച്ചിട്ടില്ലെന്നും നോട്ടീസ് ലഭിച്ചാല്‍ ഉടന്‍ മറുപടി നല്‍കുമെന്നും ഇരുവരും അറിയിച്ചു.