KeralaNews

Kerala Lottery :സമ്മാനമില്ലെന്ന് കരുതി പോക്കറ്റിലിട്ട ലോട്ടറിയുമായി വായ്പയ്ക്കായി ബാങ്കിലെത്തി, 80 ലക്ഷം സമ്മാനം കനിൽ കുമാറിന് കാരുണ്യ കടാക്ഷം

കടുത്തുരുത്തി: സമ്മാനമില്ലെന്ന് കരുതി പോക്കറ്റിലിട്ട ലോട്ടറിക്ക് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചു. കടുത്തുരുത്തി പെരുവ സ്വദേശി പതിച്ചേരിൽ കനിൽ കുമാറിനെയാണ് ഭാഗ്യം തേടിയെത്തിയത്. കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് കനിൽ കുമാറിന് ലഭിച്ചത്.

പെരുവ മൂർക്കാട്ടുപടിയിൽ തയ്യൽക്കട നടത്തുകയാണ് കനിൽ കുമാർ. വ്യാഴാഴ്ച ഉച്ചയോടെ കടയിൽ എത്തിയ ലോട്ടറി ഏജൻ്റിൽ നിന്നാണ് ടിക്കറ്റ് എടുത്തത്. മൂന്നുമണിയോടെ ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. വൈകുന്നേരം ഫലം നോക്കിയപ്പോൾ സമ്മാനമില്ലെന്നു കരുതി കനിൽ കുമാർ ടിക്കറ്റ് പോക്കറ്റിലിട്ടു. ശേഷം തയ്യൽ കടയ്ക്കുള്ള വായ്പാ ആവശ്യത്തിനായി ബാങ്കിലെത്തി.

ഇതിനിടെയാണ് കനിൽ കുമാറിനു സുഹൃത്തിന്റെ വിളിയെത്തുന്നത്. കനിൽ എടുത്ത ലോട്ടറിക്കാണ് ഒന്നാം സമ്മാനമായ 80 ലക്ഷം ലഭിച്ചിരിക്കുന്നതെന്ന് സുഹൃത്ത് അറിയിച്ചു. ഒരുനിമിഷം സ്തംഭിച്ചു പോയ കനിൽ ഉടൻ തന്നെ ലോട്ടറി ടിക്കറ്റെടുത്തു ഫലം പരിശോധിച്ചു. വൈകാതെ സമ്മാനാർഹമായ ടിക്കറ്റുമായി നേരെ മുളക്കുളം സർവീസ് ബാങ്കിലെത്തി ടിക്കറ്റ് ബാങ്ക് അധികൃതരെ ഏൽപ്പിച്ചു. PK 270396 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

ആദ്യമായല്ല കനിൽ കുമാറിനെ ഭാഗ്യദേവത കടാക്ഷിക്കുന്നത്. മുമ്പ് 50,000, 500, 100 എന്നിങ്ങനെ സമ്മാനങ്ങൾ തേടിയെത്തിയിരുന്നു. മൂർക്കാട്ടുപടിയിലെ വിഷ്ണു ടെയ്‍ലറിങ് ഷോപ്പിൻ്റെ ഉടമയാണ് കനിൽ കുമാർ. ഭാര്യ പ്രസന്നയ്ക്കും തയ്യൽ ജോലിയാണ്. മകൻ വിഷ്ണു പോളിടെക്നിക് വിദ്യാർഥിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button