28.9 C
Kottayam
Friday, May 3, 2024

നെറ്റ്ഫ്ലിക്സിന്റെ പേരിലും തട്ടിപ്പ്,സബ്‌സ്‌ക്രിപ്‌ഷൻ പുതുക്കാൻ ശ്രമിച്ചപ്പോൾ നഷ്ടമായത് ഒരു ലക്ഷം രൂപ

Must read

മുംബൈ :ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന്റെ പേരിലും സൈബർ തട്ടിപ്പ്. നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പുതുക്കാൻ ശ്രമിച്ച മുംബൈ സ്വദേശിയാണ് തട്ടിപ്പിനിരയായത്. തട്ടിപ്പുകാർ അയച്ച മെയിൽ അനുസരിച്ച് തന്റെ സബ്സ്ക്രിപ്ഷൻ പുതുക്കാനായി ബാങ്ക് വിവരങ്ങൾ നൽകിയ ഇദ്ദേഹത്തിന് ഒരു ലക്ഷം രൂപയാണ് നഷ്ടമായിരിക്കുന്നത്. മാൽവെയർ ലിങ്കുകൾ അയച്ച് ഫോൺ ഹാക്ക് ചെയ്യുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി, കബളിപ്പിച്ചാണ് ഈ തട്ടിപ്പുകാർ കൃത്യം നടത്തിയത്.

74 വയസുള്ള ഒരാളെയാണ് നെറ്റ്ഫ്ലിക്സിൽ നിന്നാണ് എന്ന വ്യാജേന മെയിൽ അയച്ച് കബളിപ്പിച്ചത്. ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് അനുസരിച്ച്, മുംബൈ സ്വദേശി തന്റെ നെറ്റ്ഫ്ലിക്സ് അക്കൌണ്ട് പുതുക്കാനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പുകാർക്ക് നൽകി. നെറ്റ്ഫ്ലിക്‌സ് എന്ന വ്യാജേന ഇദ്ദേഹത്തെ ബന്ധപ്പെട്ടാണ് തട്ടിപ്പുകാർ ബാങ്ക് വിവരങ്ങൾ നേടിയെടുത്തത്. ഒരു ലക്ഷത്തിലധികം രൂപയാണ് ഇതിലൂടെ നഷ്ടമായത് എന്ന് റിപ്പോർട്ടിൽ പറയുന്നു. സബ്സ്ക്രിപ്ഷനായി നൽകേണ്ട 499 രൂപ അടയ്‌ക്കാത്തതിനാൽ അക്കൌണ്ട് ഹോൾഡ് ചെയ്തിരിക്കുകയാണ് എന്നാണ് തട്ടിപ്പുകാർ ഇദ്ദേഹത്തെ ധരിപ്പിച്ചത്.


പ്ലാസ്റ്റിക് പ്രിന്റിങ് ഇറക്കുമതി ചെയ്യുന്ന മുംബൈ സ്വദേശിയാണ് തട്ടിപ്പിനിരയായത്. ഇദ്ദേഹം സൈബർ ക്രിമനലുകൾ തനിക്ക് ലഭിച്ച ഇമെയിൽ നെറ്റ്ഫ്ലിക്സിൽ നിന്നാണ് എന്ന് വിശ്വസിച്ചു എന്നും ഒടിടി പ്ലാറ്റ്‌ഫോം ഉപയോക്താക്കൾക്ക് അയക്കാറുള്ള കമ്മ്യൂണിക്കേഷൻസ് ഇമെയിലുകളുമായി ഇതിന് സാമ്യം ഉള്ളതിനാലാണ് അദ്ദേഹം കെണിയിൽ വീണതെന്നും പോലീസ് അറിയിച്ചു. പണം നഷ്ടമായി എന്ന് മനസിലാക്കിയ ഇയാൾ ജുഹു പോലീസ് സ്റ്റേഷനിലെത്തി കേസ് ഫയൽ ചെയ്തു.

നെറ്റ്ഫ്ലിക്സ് അയക്കുന്ന മെയിലിനോട് സാമ്യമുള്ള, തട്ടിപ്പുകാർ അയച്ച മെയിലിൽ 499 രൂപ അടയ്‌ക്കാനുള്ള ലിങ്കും നൽകിയിട്ടുണ്ട്. ഇത് കണ്ടതോടെ രണ്ടാമതൊന്ന് ആലോചിക്കാതെ മുംബൈ സ്വദേശി ലിങ്കിൽ ക്ലിക്ക് ചെയ്തു. തന്റെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകുകയും ചെയ്തു. എന്നാൽ ഇത് 1.22 ലക്ഷം രൂപയുടെ പേയ്മെന്റ് ആയിരുന്നു. ഇതറിയാതെ അദ്ദേഹം മൊബൈൽ ഫോണിൽ വന്ന വൺ ടൈം പാസ്‌വേഡ് (ഒടിപി) നൽകുകയുംചെയ്തു എന്ന് പോലീസ് പറഞ്ഞു.


ഇമെയിലിലെ ലിങ്കിൽ കയറി കാർഡ് വിവരങ്ങൾ നൽകിയതിന് ശേഷം ഓതന്റിക്കേഷനായി വരുന്ന ഒടിപി നൽകുന്നതിന് മുമ്പ് എത്ര രൂപയ്ക്കുള്ള പേയ്മെന്റാണ് എന്ന് അദ്ദേഹം പരിശോധിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു. 499 രൂപ മാത്രമാണ് അടയ്‌ക്കേണ്ടതെന്ന് ഇമെയിലിൽ പറഞ്ഞിരുന്നു എങ്കിലും ഒരു ലക്ഷം രൂപയുടെ പേയ്മെന്റ് പൂർത്തിയാക്കാനുള്ള ഒടിപിയാണ് ഇദ്ദേഹത്തിന് ലഭിച്ചത്. ഇതിന് ശേഷം ബാങ്കിൽ നിന്നും കോൾ വരികയും 1.22 ലക്ഷം രൂപ അടച്ചിട്ടില്ലെങ്കിൽ 8 അമർത്തണം എന്ന് നിർദേശിക്കുകയും ചെയ്തപ്പോഴാണ് അദ്ദേഹത്തിന് അബദ്ധം മനസിലായത്.

ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ, നെറ്റ്ഫ്ലിക്സോ മറ്റേതെങ്കിലും കമ്പനിയോ നിങ്ങളുടെ ഒടിപി ആവശ്യപ്പെട്ടാലും നൽകാതിരിക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. ഒരു അംഗീകൃത കമ്പനിയും മെയിൽ വഴി നിങ്ങളുടെ ഒടിപി ഷെയർ ചെയ്യാൻ ആവശ്യപ്പെടില്ല. നിങ്ങൾക്ക് ഇത്തരം മെസേജുകൾ ലഭിക്കുകയാണെങ്കിൽ അവ അവഗണിക്കുകയും കമ്പനികളുമായി അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ബന്ധപ്പെട്ട് വിഷയത്തിൽ വ്യക്തത വരുത്തുകയും ചെയ്യണം.


തട്ടിപ്പുകാർ പലപ്പോഴും സാങ്കേതിക വിദഗ്ദരല്ലാത്ത ആളുകളെയാണ് ഇരയാക്കുന്നത്. മെയിലുകൾ വിശ്വസനീയമാണ് എന്ന് തോന്നുകയും ചെയ്യും. അതുകൊണ്ട് തന്നെ ഓൺലൈൻ പേയ്മെന്റുകൾ ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലായിപ്പോഴും എത്ര രൂപയ്ക്കാണ് പേയ്മെന്റ് നടത്തുന്നത് എന്ന കാര്യം പരിശോധിച്ച ശേഷം മാത്രം മുന്നോട്ട് പോവുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week