സിനിമയില്‍ ഇന്നും ജാതി വിവേചനമുണ്ട്; അവാര്‍ഡ് പി.കെ റോസിക്ക് സമര്‍പ്പിക്കുന്നുവെന്ന് കനി കുസൃതി

അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബിരിയാണി എന്ന ചിത്രത്തിലൂടെ കനി കുസൃതിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. നാടകരംഗത്ത് തിളങ്ങിയ താരമാണ് കനി. താരത്തിന്റെ കരിയറില്‍ വഴിത്തിരിവായ സിനിമായായിരുന്നു ബിരിയാണി. മികച്ച നടിക്കുള്ള മത്സരരംഗവും ഇഞ്ചോടിഞ്ച് പോരാട്ടത്തിന് സാക്ഷ്യം വഹിച്ചു. ചിത്രത്തിലെ അഭിനയത്തിന് കനിക്ക് നേരത്തെ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ നാട്ടില്‍ നിന്നുമുള്ള അംഗീകാരം ഏറെ സന്തോഷം നല്‍കുന്നതാണെന്ന് കനി പറഞ്ഞു.

നല്ല നടിമാരെ കണ്ട വര്‍ഷമായിരുന്നുവെന്നും അതിനാല്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും കനി പറഞ്ഞു. മലയാള സിനിമ മറന്ന മലയാളത്തിന്റെ ആദ്യ നായിക പി.കെ റോസിയ്ക്ക് തന്റെ അവാര്‍ഡ് സമര്‍പ്പിക്കുന്നു എന്ന് കനി അറിയിച്ചു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കനിയുടെ പ്രഖ്യാപനം.

‘അവസരങ്ങള്‍ എല്ലാവര്‍ക്കും എല്ലാതരത്തിലും കിട്ടാറില്ല, നമ്മുടെ ആദ്യത്തെ നായിക തന്നെ ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ദളിത് സ്ത്രീ കൂടിയാണ്. ഒരു അപ്പര്‍കാസ്റ്റ് കഥാപാത്രം അവതരിപ്പിച്ച അവരുടെ വീടൊക്കെ കത്തിച്ച് ഈ നാട്ടില്‍ നിന്ന് പറഞ്ഞു വിട്ട ചരിത്രമുള്ള സ്ഥലമാണ് കേരളം. ഇപ്പോഴും നായിക നിരയിലുള്ളവരെ നോക്കുമ്പോള്‍ ജാതീയപരമായി ആ വിവേചനം ഉള്ളതു പോലെ തന്നെയാണ് തോന്നിയിട്ടുള്ളത്’ കനി പറഞ്ഞു.

അതിനാല്‍ മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്കാണ് ഈ അവാര്‍ഡ് സമര്‍പ്പിക്കേണ്ടത് എന്നാണ് തനിക്ക് തോന്നുന്നതെന്നും കനി പറഞ്ഞു. സിനിമയായാലും നാടകമായാലും തനിക്ക് ഒരു പോലെയാണെന്നും ഒരു നടിയായി അറിയപ്പെടാനാണ് താന്‍ കൂടുതലും താല്‍പ്പര്യപ്പെടുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു. ബിരിയാണിയിലെ ഖദീജയെന്ന കഥാപാത്രം ഏത് സ്ത്രീക്കും റിലേറ്റ് ചെയ്യാവുന്നതാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നും കനി കുസൃതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News