തടിച്ചി എന്ന് വിളിച്ച് അധിക്ഷേപിക്കുന്നു, ഭക്ഷണം ഒരു നേരം മാത്രം; യുവാവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതി
വഡോദര: ഭര്‍ത്താവും കുടുബാംഗങ്ങളും തന്നെ ശാരീരികമായി അധിക്ഷേപിക്കുന്നുവെന്ന പരാതിയുമായി യുവതി. ഗുജറാത്തിലെ വഡോദരയിലുള്ള നമിത പരേഖ് എന്ന യുവതിയാണ് ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും ബോഡിഷെയിമിങ്ങിനെതിരെ പരാതിയുമായി ജെ.പി നഗര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.
2017ലാണ് നമിതയും റുഷാബ് പരേഖും തമ്മില്‍ വിവാഹിതരായത്. അന്ന് മുതല്‍ ഭര്‍ത്താവ് തന്നെ ആക്ഷേപിക്കുമായിരുന്നു എന്ന് യുവതി പരാതിയില്‍ പറയുന്നു. അമിതഭാരമെന്നാരോപിച്ച് തന്നെ തടിച്ച് എന്നു വിളിച്ച് ഇവര്‍ പരിഹസിക്കുമായിരുന്നു എന്നും ഇടക്കിടെ നിര്‍ബന്ധിച്ച് തൈറോയ്ഡ് ചെക്കപ്പ് നടത്തുമായിരുന്നു എന്നും യുവതി പറയുന്നു.
ദിവസം ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. നിരന്തരം വ്യായാമം ചെയ്യാന്‍ നിര്‍ബന്ധിക്കുമായിരുന്നു. വീട്ടുജോലി ചെയ്യാന്‍ എപ്പോഴും നിര്‍ബന്ധിക്കുമായിരുന്നു. വീട് വൃത്തിയായി കിടന്നാലും വീണ്ടും വൃത്തിയാക്കാന്‍ ആവശ്യപ്പെടുമായിരുന്നു. കഴിഞ്ഞ ജൂലായ് 27 വരെ അധിക്ഷേപം തുടര്‍ന്നു എന്നും പിന്നീട് താന്‍ തന്റെ വീട്ടിലേക്ക് മടങ്ങി എന്നും യുവതി പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം ആരംഭിച്ചു എന്ന് പോലീസ് അറിയിച്ചു.